അഞ്ജുശ്രീയുടേത് ഭക്ഷ്യ വിഷബാധയല്ല, ആത്മഹത്യ; കുറിപ്പ് കണ്ടെടുത്ത് പോലീസ്
കാസർഗോഡ് പെരുമ്പള ബേനൂരിലെ കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീ ആത്മഹത്യ ചെയ്തതെന്ന് പോലീസ്. പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും എലിവിഷം അകത്തു ചെന്നാണെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ശനിയാഴ്ചയായിരുന്നു അഞ്ജുശ്രീയുടെ മരണം. 31 ന് ഹോട്ടലിൽ നിന്ന് ഓൺലൈനായി മന്തി വരുത്തിച്ചെന്നും ഇത് കഴിച്ചാണ് മരണം സംഭവിച്ചതെന്നും വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്ക് പിന്നാലെ ഭക്ഷണം വരുത്തിച്ച ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തുകയും ഹോട്ടൽ ഉടമയെയും 2 ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
അതേസമയം അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് മംഗലാപുരം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നില്ല. പിന്നാലെ പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമാർട്ടത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ എലി വിഷത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള വിഷാംശമാണ് ശരീരത്തിൽ എത്തിയതെന്നും ഇതു കരളിനെ ബാധിച്ചതിനെത്തുടർന്നാണു മരണമെന്നും പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ട്.
ഇതോടെ ഇത് സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. പരിശോധനയിൽ എലിവിഷത്തെ കുറിച്ച് മൊബൈലിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പോലീസ് കണ്ടെടുക്കുകയായിരുന്നു.താൻ മാനസിക സംഘർഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. കൂടുതൽ വിവരങ്ങൾക്കായി പോലീസ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും.
അതേസമയം ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നത് എന്നറിയാൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം പൂർത്തിയാക്കേണ്ടതുണ്ട്. കോഴിക്കോട്ടെ ലാബിലേക്ക് അയച്ച ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം അടുത്ത ദിവസങ്ങളിൽ പുറത്ത് വരും. ഇത് ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തത വരൂ.












Click it and Unblock the Notifications