പാലിയേറ്റീവ് രോഗികളുടെ പരിചരണത്തിനും മരുന്നുകൾക്കും കാഞ്ഞങ്ങാട് നഗര സഭ 39 ലക്ഷം രൂപ നീക്കി വെച്ചു
കാഞ്ഞങ്ങാട് : പാലിയേറ്റീവ് രോഗികളുടെ പരിചരണത്തിനും മരുന്നുകൾ നൽകുന്നതിനുമായി കാഞ്ഞങ്ങാട് നഗര സഭ 39 ലക്ഷം രൂപ നീക്കി വെച്ചു. നഗരസഭ പദ്ധതിയിൽ പെടുത്തിയാണ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചത്. ഇത്ര അധികം തുക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കുന്ന അപൂർവ്വം തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നാണ് കാഞ്ഞങ്ങാട് നഗരസഭ.
നിലവിൽ 43 വാർഡുകളിൽ ആയി 1444 പാലിയേറ്റീവ് രോഗികൾ ആണ് ഉള്ളത്. ഇവർക്ക് ആവശ്യമുള്ള മരുന്നുകൾ വാങ്ങുന്നതിന് 20 ലക്ഷം രൂപയും 10 സർജിക്കൽ കട്ടിലുകൾ, വീൽ ചെയർ, വാട്ടർബെഡ്,

വോക്കിങ് സ്റ്റിക് തുടങ്ങിയ പരിചരണ ഉപകരണങ്ങൾ വാങ്ങുന്നതിന് 6 ലക്ഷം രൂപയും ബാക്കി തുക ഡയാലിസിസ്, കാൻസർ തുടങ്ങിയ രോഗങ്ങളാൽ കഷ്ടപ്പെടുന്ന ആളുകളുടെ പരിചരണത്തിനും ആണ് ഉപയോഗിക്കുന്നത്.പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്ത പാലിയേറ്റീന് രോഗികൾക്കുള്ള ഉപകരണങ്ങളുടെ വിതരണം നടന്നു.
നഗരസഭാധ്യക്ഷ കെ വി സുജാത ഉദ്ഘാടനം ചെയ്തു. ഉപകരണങ്ങൾ സ്ഥിരസമിതി അധ്യക്ഷൻ കെ അനീശൻ ഏറ്റുവാങ്ങി. ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ കെ വി സരസ്വതി അധ്യക്ഷത വഹിച്ചു. നഗരസഭ പാലിയേറ്റീവ് നഴ്സ് ദീപ്തി സുനിൽ കുമാർ പ്രസംഗിച്ചു.












Click it and Unblock the Notifications