കാസർകോട്ടെ ഗ്രാമങ്ങളുടെ കന്നട പേരുകൾ മലയാളത്തിലേക്ക് മാറ്റുന്നോ? പ്രചാരണം വ്യാജമെന്ന് എംഎൽഎ
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ചില കന്നട സ്ഥലപ്പേരുകള്‍ സര്‍ക്കാര്‍ മലയാളത്തിലേക്ക് മാറ്റുന്നു എന്നുളള പ്രചാരണം തള്ളി ജില്ലാ കളക്ടര്‍ സജിന്‍ ബാബുവിന്റെ ഓഫീസും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫും. കാസര്‍കോട്ടെയും മഞ്ചേശ്വരത്തെയും കന്നട സ്ഥലപ്പേരുകള്‍ മാറ്റുന്നു എന്ന് ആരോപിച്ച് കര്‍ണാടകത്തില്‍ പ്രമുഖ നേതാക്കള്‍ അടക്കം പ്രതിഷേധം ഉയര്‍ത്തി രംഗത്ത് വന്നിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് ഈ വിഷയത്തില്‍ കത്തയച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
പ്രതിഷേധം ഉയരുന്നതിനിടെയാണ് കളക്ടറുടെ ഓഫീസും എംഎല്‍എയും അടക്കം അത്തരം പ്രചാരണങ്ങള്‍ തള്ളി രംഗത്ത് വന്നിരിക്കുന്നത്. കന്നട സ്ഥലപ്പേരുകള്‍ മലയാളത്തിലേക്ക് മാറ്റാനുളള ഒരു ആലോചനയും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും ആരോ പടച്ച് വിട്ട വ്യാജ വാര്‍ത്തയാണിതെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അത്തരത്തിലുളള ഒരു നീക്കവും ഇല്ലെന്നും താന്‍ കളക്ടറേയും തഹസീല്‍ദാരെയും ബന്ധപ്പെട്ടുവെങ്കിലും അവരും ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ഇകെഎം അഷ്‌റഫ് എംഎല്‍എ ദ ന്യൂസ് മിനുട്ടിനോട് പ്രതികരിച്ചു. മലയാളികള്‍ മംഗളുരുവിനെ മംഗലാപുരം എന്നാണ് വിളിക്കുന്നത്. അത് പോലെയുളള ചില പേരുകള്‍ മലയാളികള്‍ ഉപയോഗിക്കുന്നു എന്നതല്ലാതെ ഔദ്യോഗികമായി ഒരു പേരു മാറ്റവും നടക്കുന്നില്ലെന്നും എംഎല്‍എ വ്യക്തമാക്കി.
കര്‍ണാടക ബോര്‍ഡര്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയിലെ ആരോ ആണ് ഇത്തരമൊരു വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത് എന്നും അത് തെറ്റായ വാര്‍ത്ത ആണെന്നും എംഎല്‍എ പറഞ്ഞു. ഗ്രാമങ്ങളുടെ പേര് മാറ്റാനുളള ഒരു നീക്കവും നടക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍ സജിന്‍ ബാബുവിന്റെ ഓഫീസും പ്രതികരിച്ചു.
Recommended Video
അതേ സമയം സ്ഥലപ്പേര് മാറ്റുന്നു എന്നുളള പ്രചാരണത്തിന്റെ ചുവട് പിടിച്ച് പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിട്ടുണ്ട്. കെ സുരേന്ദ്രന്റെ പ്രതികരണം: ' കാസർഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന സർക്കാർ ഇപ്പോൾ അവരുടെ സാംസ്കാരികത്തനിമയേയും തകർക്കാനൊരുങ്ങിയിരിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് കേവലം പേരുമാറ്റലുകളല്ല. ചിലരുടെ പ്രീതി പിടിച്ചുപറ്റാനുള്ള നീക്കമാണ്. ഇതനുവദിക്കാനാവില്ല'.












Click it and Unblock the Notifications