കുറ്റപത്രം സമർപ്പിക്കാൻ വൈകി; മഞ്ചേശ്വരം കേസിൽ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച
കാസർകോഡ്: മഞ്ചേശ്വരം കോഴക്കേസിൽ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയെന്നാണ് കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കേസിൽ പ്രതികൾക്കെതിരെ എസ് സി ,എസ് ടി വകുപ്പ് ചേർത്തിരുന്നു. ഇത് സംബന്ധിച്ച് നിയമോപദേശം ലഭിക്കാൻ വൈകി. സാധാരണ ഈ വകുപ്പുകൾ അന്വേഷിക്കേണ്ടത് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ആണ്. എന്നാൽ ഇവിടെ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി തന്നെയാണ് കേസ് അന്വേഷിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
സുന്ദരയ്ക്ക് കോഴയായാണ് പണവും മൊബൈൽ ഫോണുകളും നൽകിയതെന്നാണ് ആരോപണം. അത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു. സുന്ദരയുടെ മൊഴിയിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ഇത് സ്വീകരിച്ചതെന്നാണ് വ്യക്തമാകുന്നതെന്നുമാണ് വിധിയിൽ ചൂണ്ടിക്കാട്ടുന്നത്.

മഞ്ചേശ്വരം കോഴക്കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷനടക്കം ആറ് പ്രതികളേയും കഴിഞ്ഞ ദിവസമാണ് കാസർഗോഡ് സെഷൻസ് കോടതി വെറുതെ വിട്ടത്. പ്രതികളെ വെറുതെ വിട്ട നടപടിയിൽ സർക്കാരിനും പോലീസിനുമെതിരെ അതിരൂക്ഷവിമർശനമായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. കേസിൽ വാദിയും പ്രതിയും ഒരാളായാൽ കോടതി എന്ത് ചെയ്യുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരിഹാസം. കേരളത്തിലെ സി പി എം- ബി ജെ പി ബാന്ധവത്തിന്റെ അവസാനത്തെ തെളിവാണിതെന്നും ആരോപിച്ചിരുന്നു.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് കേസിനാസ്പദമായ സംഭവം. ബി എസ് പി സ്ഥാനാർത്ഥിയായ കെ സുന്ദരയ്ക്ക് കോഴ നൽകി സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചു എന്ന് ആരോപിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥിയാണ് പോലീസിനെ സമീപിച്ചത്. 2016 ലെ നി നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് വെറും 59 വോട്ടുകൾക്കായിരുന്നു സുരേന്ദ്രൻ പരാജയപ്പെട്ടത്. 467 വോട്ട് അന്ന് സുന്ദര പിടിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ നീക്കം എന്നായിരുന്നു ആരോപണം. സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബി ജെ പി മുൻ ജില്ലാ അധ്യക്ഷനും സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായ കെ കെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്‌ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് കേസിലെ പ്രതികൾ.


Click it and Unblock the Notifications