കെ സുരേന്ദ്രന് ആശ്വാസം;മഞ്ചേശ്വരം കോഴക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തർ
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റവിമുക്തൻ. കാസർഗോഡ് സെഷൻസ് കോടതിയുടേതാണ് വിധി. സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കഴിഞ്ഞ ദിവസം കേസിൽ വിധി പറയാനിരുന്നെങ്കിലും പ്രതികൾ ഹാജരല്ലാത്തതിനാൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കെ സുരേന്ദ്രനടക്കം മുഴുവൻ പ്രതികളും ഇന്ന് ഹാജരായിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ നേരിടേണ്ട സാഹചര്യം ഇല്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം പൂർണമായി അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. അതേസമയം തന്നെ രാഷ്ട്രീയമായി വേട്ടായാടാൻ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു കേസ് കെട്ടിച്ചമച്ചതെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

'തനിക്കെതിരെ ആസൂത്രിതമായി കെട്ടിച്ചമച്ചൊരു കേസായിരുന്നു ഇത്. പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടായിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥി വിവി രമേശാണ് കേസ് കൊടുത്തത്. സുന്ദരയെ പിന്നീട് ഈ കേസിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പിൽ നിന്നും എന്നെ എന്നന്നേക്കുമായി തടയുന്നതിനും ബി ജെ പിയെ താറടിക്കുന്നതിനും വേണ്ടിയാണ് ഇത്തരം ഒരു കേസ് കെട്ടിച്ചമച്ചത്. ഈ ഗൂഢാലോചനയിൽ സി പി എമ്മിലേയും ലീഗിലേയും കോൺഗ്രസിലേയും നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. കേസിൽ എസ് സി, എസ് ടി വകുപ്പ് ചേർത്ത് സാമാന്യ മര്യാദപോലും പുലർത്താതെയാണ്. അതും കോടതിക്ക് ബോധ്യമായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ഈ കേസിലൂടെ തന്നെ രാഷ്ട്രീയമായി വേട്ടയാടാൻ ശ്രമിക്കുകയായിരുന്നു', സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബി ജെ പി മുൻ ജില്ലാ അധ്യക്ഷനും സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായ കെ കെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്‌ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി എസ് പി സ്ഥാനാർത്ഥിയായ കെ സുന്ദരയ്ക്ക് കോഴ നൽകി സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചു എന്നായിരുന്നു കേസ്. രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മഞ്ചേശ്വരത്തെ എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന വി രമേശനാണ് കാസർകോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്.












Click it and Unblock the Notifications