മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ അഞ്ചു പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.
കേസിൽ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ വിടുതൽ ഹർജി നൽകിയിരുന്നു. തുടർന്ന് ഹർജി പരിഗണിക്കുന്ന ഇന്ന് ആറ് പ്രതികളും ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. വിടുതൽ ഹർജി പരിഗണിക്കുമ്പോൾ പ്രതികൾ ഹാജരാകേണ്ടതില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയായിരുന്നു കോടതി നിർദ്ദേശം. കേസിൽ ഒരിക്കൽ പോലും സുരേന്ദ്രൻ ഹാജരായിരുന്നില്ല. കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായിരുന്നു. കേസ് അടുത്തമാസം 15ന് വീണ്ടും പരിഗണിക്കും.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പിനിടിയിലാണ് കേസിന് ആസ്പദമായ സംഭവം. മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർത്ഥിയായ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ബി ജെ പി അധ്യക്ഷനെതിരായ കേസ്. കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന വി രമേശനാണ് കാസർകോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്.
സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബി ജെ പി മുൻ ജില്ലാ അധ്യക്ഷനും സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായ കെ കെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്‌ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.












Click it and Unblock the Notifications