പാലും ഷേക്കുമൊക്കെ ആസ്വദിച്ച് ഇനി ബസ് കാത്തിരിക്കാം; മിൽമയുടെ ഫുഡ് ട്രക്ക് കാസർഗോഡും
കാസർഗോഡ്: കെ എസ് ആർ ടി സിയുടെ ഓടാത്ത ബസിലിരുന്ന് ഇനി മുതൽ മിൽമയുടെ ഐസ്ക്രീമൊക്കെ ആസ്വദിച്ച് കഴിച്ച് ബസ് കാത്തിരിക്കാം. മിൽമയുടെ ഫുഡ് ട്രക്ക് 17 ന് ജില്ലയിൽ പ്രവർത്തനം തുടങ്ങും. എം എൽ എ നെല്ലിക്കുന്ന് പരിപാടി ഉദ്ഘാനം ചെയ്യും. മലബാറിലെ നാലാമത്തെ വണ്ടിയാണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്.

കെ എസ് ആർ ടി സിയുടെ ഉപയോഗ ശൂന്യമായ ബസിനകത്താണ് മിൽമയുടെ ഫുഡ് ട്രക്ക് തയ്യാറക്കിയിരിക്കുന്നത്. വാഹനത്തിലെ പെയിന്റെല്ലാം മാറ്റി വാതിലും ജനലുമൊക്കെ ഒരുക്കി പുത്തൻ സ്റ്റൈലിലാണ് ബസ്. എട്ട് പേർക്ക് ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ട്.
മിൽമയുടെ പാൽ, തൈര്, നെയ്യ്, പനീർ, ലസ്സി, ചീസ് തുടങ്ങിയ പാൽ ഉത്‌പന്നങ്ങൾ എന്നിവ ഇവിടെ ലഭിക്കും. ഇത് മാത്രമല്ല കേട്ടോ നേന്ത്രക്കായ ചിപ്‌സ്, ദോശ/ഇഡ്ഡലി മാവ്, പുട്ടുപൊടി, വെളിച്ചെണ്ണ, കറ്റാർവാഴ സിറപ്പ്, നന്നാറി സിറപ്പ്, പായസം എന്നിങ്ങനെ 74 ഓളം വിഭവങ്ങൾ വേറെയും. നേരത്തേ പാലക്കാട്,പെരിന്തൽമണ്ണ, കണ്ണൂർ എന്നിവിടങ്ങളിൽ ഫുഡ് ട്രക്ക് പ്രവർത്തിച്ചിരുന്നു.
കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപത്താണ് കഫേ തയ്യാറാക്കിയിരിക്കുന്നത്. താക്കോൽമാറ്റം സി എച്ച് കുഞ്ഞമ്പു എം എൽ എയാണ് നിർവഹിക്കുക. നഗരസഭ ചെയർമാൻ കെ എസ് മണി ചടങ്ങിൽ അധ്യക്ഷത വഹിക്കും. ടിക്കറ്റിതര വരുമാനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കെ എസ് ആർ ടി സി എംപ്ലോയീസ് സഹകരണസംഘം തന്നെയാണ് മിൽമയുമായി ചേർന്ന് സംരംഭത്തിന് തുടക്കം കുറിക്കുന്നത്.












Click it and Unblock the Notifications