നവകേരള സദസ്; ഒരുങ്ങി പൈവളിഗെ..മാറ്റ് കൂട്ടാന്‍ കലാപരിപാടികള്‍
കാസർഗോഡ്: നവകേരള സദസ്സിന് മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഇന്ന് തുടക്കമാവും. വൈകീട്ട് 3.30ന് പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
നവകേരള സദസ്സിന്റെ ഭാഗമായി ഉച്ചയ്ക്ക് 1.30 മുതല്‍ മഞ്ചേശ്വരത്തെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത സദസ്സും, ഗ്രൂപ്പ് ഡാന്‍സും അരങ്ങേറും. തുടര്‍ന്ന് നവകേരള സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നടക്കും. വൈകിട്ട് അഞ്ചിന് ഭരതനാട്യവും 5.45ന് പ്രമുഖ നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട് നടക്കും.

പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍
നവകേരള സദസ്സില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പൈവളികെ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എഴ് കൗണ്ടറുകള്‍ സജ്ജമാക്കും. പരിപാടികള്‍ ആരംഭിക്കുന്നതിനു മുമ്പും പരിപാടികള്‍ കഴിഞ്ഞതിനുശേഷം പരാതി സ്വീകരിക്കും. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തും. നവകേരള സദസ്സ് ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ചു തുടങ്ങും. മുഴുവന്‍ പരാതികളും സ്വീകരിച്ചതിനുശേഷം കൗണ്ടര്‍ അവസാനിപ്പിക്കും. പരാതികള്‍ നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍ കൗണ്ടറില്‍ പ്രദര്‍ശിപ്പിക്കും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ജീവനക്കാരും ഉണ്ടാകും.
പരാതികളില്‍ പൂര്‍ണ്ണമായ വിലാസവും മൊബൈല്‍ നമ്പറും ഇമെയില്‍ ഉണ്ടെങ്കില്‍ അതും നല്‍കണം. പരാതികള്‍ക്ക് കൈപ്പറ്റി രസീത് നല്‍കും. സദസ്സ് നടക്കുമ്പോള്‍ തിരക്കൊഴിവാക്കാനായി പരാതി സ്വീകരിക്കുന്നത് നിര്‍ത്തിവെക്കും. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്ന ദിവസം തന്നെ പരാതികള്‍ തുടര്‍നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും. പരാതികള്‍ ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പൂര്‍ണമായും തീര്‍പ്പാക്കും. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി അപ്ലോഡ് ചെയ്യണം.
കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാല് ആഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും. പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കണം. സംസ്ഥാനതലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെങ്കില്‍ 45 ദിവസത്തിനുള്ളില്‍ പരിഹരിക്കണം. പരാതികള്‍ക്ക് മറുപടി തപാലിലൂടെ നല്‍കും.
ഗതാഗത നിയന്ത്രണം പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ / സ്ഥലങ്ങള്‍
നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 12,000 ത്തോളം പേരെയാണ് നവകേരള സദസ്സിലേക്ക് പ്രതീക്ഷിക്കുന്നത്. നവകേരള സദസ്സിലേക്കെത്തുന്ന എല്ലാവര്‍ക്കും പരിപാടി വീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സിനെത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
1. വിഐപി/വകുപ്പ് വാഹനങ്ങള്‍ - പൈവളികെ പഞ്ചായത്ത് ഗ്രൗണ്ട്
2. ബസ് പാര്‍ക്കിംഗ് പൈവളികെ ലാല്‍ബാഗ് - ബോളംഗള ഗ്രൗണ്ട്
3. പൊതുജനങ്ങള്‍ക്ക് /കാര്‍ പാര്‍ക്കിംഗിന് മാത്രം - പൈവളികെ പെട്രോള്‍ പമ്പിന്റെ എതിര്‍വശം
4. വിഐപി വാഹനങ്ങള്‍ക്ക് മാത്രം - പൈവളികെ നഗര്‍ സ്‌കൂള്‍ ഗ്രൗണ്ടിന്റെ എതിര്‍വശം
നിര്‍ദ്ദേശങ്ങള്‍
എന്‍മകജെ, പുത്തിഗെ, കുമ്പള, കുടാലു മേര്‍ക്കള ഭാഗങ്ങളില്‍ നിന്ന് മലയോര ഹൈവേ വഴി വരുന്ന ബസുകളും മറ്റ് വാഹനങ്ങളും പൈവളികെ വില്ലേജ് ഓഫീസ് പരിസരത്ത് യാത്രക്കാരെ ഇറക്കി ലാല്‍ ബാഗ് - ബോളംഗള ഗ്രൗണ്ടില്‍ നിര്‍ത്തി / പാര്‍ക്ക് ചെയ്യണം.
എന്‍മകജെ, ഉപ്പള, വോര്‍ക്കാടി, മീഞ്ച, മഞ്ചേശ്വരം ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ പൈവളികെ പെട്രോള്‍ പമ്പിന് സമീപം യാത്രക്കാരെ ഇറക്കി ലാല്‍ ബാഗ് - ബോളംഗള മൈതാനിയില്‍ പാര്‍ക്ക് ചെയ്യണം.
'നവകേരള സദസ്സ് ' പ്രോഗ്രാം ഏരിയയുടെ 200 മീറ്റര്‍ പരിധിയില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ അനധികൃത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.












Click it and Unblock the Notifications