ഉദ്ഘാടനത്തിന് വിളിച്ചത് പത്മജയെ, ഇടഞ്ഞ് സികെ പത്മനാഭൻ, വേദി വിട്ട് പോയി
കാസര്‍കോഡ്: എൻ ഡി എ കാസര്‍കോഡ് മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷൻ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏർപ്പെടുത്തിയതിൽ പരസ്യ പ്രതിഷേധവുമായി ബി ജെ പി ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്‍റുമായ സികെ പത്മനാഭന്‍. ശനിയാഴ്ച കാസർഗോഡ് ടൗൺ ഹാളിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.
പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ പത്മജയെ നേതാക്കൾ ക്ഷണിക്കുകയായിരുന്നു. ഇതിൽ അതൃപ്തിയുമായി സി കെ പത്മനാഭന്‍ കസേരയില്‍ നിന്ന് എഴുന്നേൽക്കാൻ തയ്യാറായില്ല. ഉദ്ഘാടകനെന്ന് പറഞ്ഞ് സി കെ പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

പത്മനാഭൻ പ്രസംഗിക്കുന്നതിനിടെയായിരുന്നു പത്മജ വേദിയിലേക്ക് വന്നത്. ഇവർ കയറി വന്നതോടെ പ്രവർത്തകർ അവർക്ക് വേണ്ടി ജയ് വിളിച്ചു. കടുത്ത നീരസത്തോടെയാണ് ഇതിനോട് പത്മനാഭൻ പ്രതികരിച്ചത്. തനിക്ക് സംസാരിക്കണമെന്നും ആരും ശല്യപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിന് ശേഷം പത്മജ പ്രസംഗം തുടരുന്നതിനിടെ സികെ പത്മനാഭവന്‍ വേദി വിടുകയും ചെയ്തു.
അതേസമയം ബി ജെ പിയിൽ ചേർന്നത് തനിക്ക് സ്വപ്നലോകം പോലെയാണെന്ന് വേദിയിൽ പത്മജ വേണുഗോപാൽ പറഞ്ഞു. ലീഡർഷിപ്, ഒത്തൊരുമ തുടങ്ങിയ കാര്യങ്ങളാണ് എന്തുകൊണ്ട് ബി ജെ പി എന്ന് ചോദിക്കുന്നവരോട് പറയാനുള്ളതെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. ഇനിയും ഒരുപാടുപേർ കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്ക് മാറിവരും. സഹോദരനോട് തനിക്ക് വ്യക്തിപരമായി കുഴപ്പമില്ല. എന്നാൽ താൻ ഈ പാർട്ടിയിൽ നിന്നുകൊണ്ട് അദ്ദേഹത്തെ സംരക്ഷിക്കില്ല. പത്മജ പറഞ്ഞു.
എൻ ഡി എയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിത്തന്നെ പത്മജ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അവർ പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചരണത്തിൽ പങ്കെടുത്തിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി അധികാരത്തിൽ വരുമെന്നും ഈ തിരഞ്ഞെടുപ്പോടെ എ ഐ സി സി ആസ്ഥാനം അടച്ചുപൂട്ടേണ്ടി വരുമെന്നുമായിരുന്നു പത്മജ പ്രതികരിച്ചത്.
കെ കരുണാകരന്റെ മകളെ വേണ്ടെന്നാണ് കോൺഗ്രസിന്റെ തീരുമാനം. കെ മുരളീധരനും അതൊരിക്കൽ മനസിലാകും. കാര്യങ്ങൾ വൈകി മനസിലാക്കുന്നയാളാണ് മുരളീധരൻ. മുരളീധരന് പരവതാനി വിരിച്ചാണ് താൻ ബി ജെ പിയിലേക്ക് വന്നതെന്നും പത്മജ പറഞ്ഞിരുന്നു.












Click it and Unblock the Notifications