പോക്സോ കേസ്; നടിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കാസർഗോഡ് കോടതി
പോക്സോ കേസിൽ ആലുവ സ്വദേശിയായ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. ഹർജിയിൽ കേസ് ഏത് പോലീസ് സ്റ്റേഷനിലാണെന്നത് അടക്കമുള്ള വിവരങ്ങൾ ഇല്ലെന്ന് കാണിച്ചാണ് കോടതി ഹർജി തള്ളിയത്. ബന്ധുവായ പെൺകുട്ടിയാണ് പരാതിയിലാണ് നടിക്കെതിരെ കേസ് എടുത്തത്.
നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, സംവിധായകൻ ബാലചന്ദ്രമേനോൻ എന്നിവർക്കെതിരെ ഇവർ നേരത്തേ പരാതി നൽകിയിരുന്നു. ഈ കേസുകൾ ചർച്ചയാകുന്നതിനിടെയാണ് ബന്ധുവായ പെൺകുട്ടി നടിക്കെതിരെ പോലീസിനെ സമീപിച്ചത്. മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നേരിട്ടാണ് പെൺകുട്ടി പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് നടി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

സപ്റ്റംബർ 30 ന് കോടതി ഹർജി പരിഗണിച്ചെങ്കിലും ഏത് സ്റ്റേഷനിലാണ് കേസ് എടുത്തത് എന്ന വ്യക്തമാക്കാത്തതിനാൽ കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നതിലേക്ക് മാറ്റി. ഇന്നും വ്യക്തമായ വിവരങ്ങൾ ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണ് ഹർജി തള്ളിയത്. അതേസമയം പരാതി വന്നതിന് പിന്നാലെ തന്നെ ഏത് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയതെന്ന വിശദാംശം തേടി വിവരാവകാശം സമർപ്പിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. ഇതോടെ സംസ്ഥാനത്തെ 14 സെഷൻസ് കോടതികളിലും ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
താൻ കുട്ടിയായിരുന്നപ്പോൾ പലർക്കും തന്നെ കാഴ്ചവെച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ചെന്നൈയിൽ കൊണ്ടുപോയാണ് തന്നെ കാഴ്ചവെച്ചതെന്നും ഇവർ സെക്സ് മാഫിയയുടെ ഭാഗമാണെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
അതേസമയം രാഷ്ട്രീയക്കളിയുടെ ഭാഗമായാണ് തനിക്കെതിരെ പരാതി നൽകിയതെന്നാണ് നടി ആരോപിച്ചത്. ഇത്തരത്തിൽ പരാതി നൽകുന്നവരെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേസ് എടുത്തതെന്നും ഇവർ ആരോപിച്ചു.












Click it and Unblock the Notifications