• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വോട്ടു ചെയ്യാത്തതിന് വീടുകയറി തല്ല്; 9 മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കാഞ്ഞങ്ങാട്: വോട്ടെണ്ണല്‍ ദിനത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവിയില്‍ വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച സംഭവത്തില്‍ ഒമ്പത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. വനിതയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മര്‍ദിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തത്. കല്ലൂരാവിയിലെ ജസീലയുടെ വീടാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തായിരുന്നു. വോട്ട് മറിച്ചു എന്ന് ആരോപിച്ച് ലീഗ് അനുഭാവിയുടെ വീട് ലീഗ് പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചെന്നാണ് സിപിഎമ്മിന്റെ ആരോപണം. എന്നാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവ് മുതിര്‍ന്ന ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തിയപ്പോഴുണ്ടായ വാക്കേറ്റമാണെന്നാണ് മുസ്ലിം ലീഗിന്റെ പ്രതികരണം.

കാഞ്ഞങ്ങാട് കല്ലൂരാവിയിലാണ് ആക്രമണം നടന്നത്. മുസ്ലിം ലീഗുകാര്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. കാഞ്ഞങ്ങാട് നഗരസഭ 36-ആം വാര്‍ഡ് മുറിയനാവിയിലെ കല്ലൂരാവി തണ്ടുമ്മലില്‍ മുസ് ലിം ലീഗ് സ്വാധീന പ്രദേശമാണ്. ഈ വാര്‍ഡില്‍ 51 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ഫലം പ്രഖ്യാപിച്ച ദിവസമാണ് വീട് കയറി ആക്രമണം നടന്നത്. കാസര്‍കോട് ജില്ലയില്‍ ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ അപ്രതീക്ഷിതമായ രീതിയിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് തിരിച്ചടി നേരിട്ടത്. ഇതാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.

ഇതിനിടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍വിക്ക് മുസ്ലിംലീഗ് നേതൃത്വത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത് യുഡിഎഫില്‍ പൊട്ടിത്തെറിയിട്ടുണ്ടാക്കിയിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ശ്രമിച്ചില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ലീഗിനാണ്. അതേ ലീഗ് നേതൃത്വം തന്നെ സാമ്പത്തിക ക്രമക്കേടില്‍ കുരുങ്ങിയത് യു.ഡി.എഫിന് മൊത്തം തിരിച്ചടിയായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗാേപാല്‍ തുടങ്ങിയ നേതാക്കളെ പ്രചാരണത്തിനെത്തിച്ചിട്ടും യുഡിഎഫിന് കനത്ത പരാജയമുണ്ടായതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത നിരാശയിലാണ്.

ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി ഖമറുദീന്‍ എംഎല്‍എ ജയിലിലായത് യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാക്കിയെന്ന് മുസ്ലിം ലീഗും സമ്മതിക്കുന്നുണ്ട്. ഇതു കേന്ദ്രീകരിച്ച് എല്‍ഡിഎഫ് നടത്തിയ പ്രചാരണത്തിന് മറുപടി പറയാനായില്ല. മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച പഞ്ചായത്തുകള്‍ നഷ്ടമായി. കോണ്‍ഗ്രസ് ശക്തമായ എന്‍മകജെയില്‍ ഭരണം നിലനിര്‍ത്തിയപ്പോള്‍ ലീഗിന്റെ ശക്തികേന്ദ്രമായ ബദിയടുക്കയില്‍ ഭരണം നഷ്ടമായി. മുസ്ലീം ലീഗ് ഭരണത്തിലുണ്ടായിരുന്ന കുമ്പളയിലും കുമ്പഡാജെയിലും ഇപ്പോള്‍ ത്രിശങ്കുവാണ്. ലീഗിന്റെ പരമ്പരാഗത കേന്ദ്രമായ മുളിയാറില്‍ കേവല ഭൂരിപക്ഷം നേടാനായില്ല. ഉദുമ പഞ്ചായത്തും മുസ്ലീം ലീഗിന് നഷ്ടമായത് പാര്‍ട്ടിക്ക് കനത്ത ആഘാതമായിട്ടുണ്ട്.

English summary
Police Case registered 9 Muslim league members over attack against a family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X