കൊവിഡ് ചികിത്സയ്ക്കിടെ അഞ്ചരക്കണ്ടിയിൽ നിന്നും മുങ്ങി: റിമാൻഡ് പ്രതി മോഷണത്തിനിടെ പിടിയിൽ
കണ്ണൂർ: അഞ്ചരക്കണ്ടി കൊവിഡ് സെന്ററില്‍ നിന്നും തടവുചാടിയ കാസര്‍ഗോഡ് സ്വദേശി പിടിയിലായി. കാസര്‍ഗോഡ് മാങ്ങാട് കൂളിക്കുന്ന് സ്വദേശി റംസാന് സൈനുദ്ദീന്‍ ആണ് പിടിയിലായത്. പശു മോഷണത്തിനിടെ വെള്ളിയാഴ്ച്ച രാവിലെ ബദിയടുക്ക പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ആഗസ്റ്റ് 24-നാണ് ഇയാള്‍ തടവ് ചാടിയത്. അന്നു മുതല്‍ ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ബദിയടുക്ക പോലീസ് പ്രദേശത്ത് നിന്നും പശുവിനെ മോഷ്ടിക്കുന്നതിനിടയില്‍ ഇയാളെ പിടികൂടിയത്.
ഇയാളുടെ ഫോട്ടോ അടക്കം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യവകുപ്പും പോലീസും. ലോറി മോഷണമടക്കമുള്ള കേസുകളില്‍ നേരത്തെ ഇയാളെ പോലീസ് പിടികൂടിയിരുന്നു. പിന്നീട് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ഇയാൾ രണ്ടാമത് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രണ്ടാഴ്ച്ച മുൻപെ രക്ഷപ്പെട്ട റംസാൻ എത്രയാളുകളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നുവെന്നത് വ്യക്തമല്ല. കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിൽ 236 പേർകൂടി കോവിഡ് 19 പോസിറ്റീവായിട്ടുണ്ട്. ഇതിൽ 225 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്ത് നിന്നെത്തിയ ആറ് പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 70 പേർക്കാണ് രോഗമുക്തി.

വീടുകളിൽ 5147 പേരും സ്ഥാപനങ്ങളിൽ 911 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 6058 പേരാണ്. പുതിയതായി 269 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേ അടക്കം പുതിയതായി 1490 സാന്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 973 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 685 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 140 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 190 പേരെ ഡിസ്ചാർജ് ചെയ്തു.
5614 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 571 പേർ വിദേശത്ത് നിന്നെത്തിയവരും 411 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4636 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 4114 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 42 ആയി.
അതേസമയം രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളിൽ കിടത്തി ചികിത്സിക്കുന്ന ആരോഗ്യവകുപ്പിന്റെ പദ്ധതി പ്രകാരം ജില്ലയിൽ ഇതുവരെയായി വീടുകളിൽ കിടത്തി ചികിത്സിക്കുന്ന രോഗികളുടെ എണ്ണം 1000 കവിഞ്ഞു. ഇതുവരെയായി ജില്ലയിൽ രോഗലക്ഷണമില്ലാത്ത 1006 കോവിഡ് രോഗികളെയാണ് വീടുകളിൽ കിടത്തി ചികിത്സിക്കുന്നത്. ഇവരിൽ 311 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളിൽ കിടത്തി ചികിത്സിക്കുന്ന പദ്ധതി സംസ്ഥാനതലത്തിൽ തന്നെ ആദ്യമായി നടപ്പാക്കിയതും കാസർഗോഡ് ജില്ലയിലാണ്.












Click it and Unblock the Notifications