ശബരിമലയിൽ മണ്ഡലകാല വരുമാനത്തിൽ 18.75 കോടിയുടെ വർധനവ്; ഇനിയും വർധിക്കുമെന്ന്
തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാല വരുമാനത്തിൽ വൻ വർധനവ്.
കഴിഞ്ഞ തവണത്തെക്കാൾ 18.75 കോടി രൂപയുടെ വരുമാന വർധനവാണ് ഉണ്ടായതെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു.
ഈ സീസണിലെ 39 ദിവസത്തെ കണക്കിൽ കുത്തക ലേല തുക കൂടി കൂട്ടിയപ്പോളാണിത്. നാണയങ്ങൾ കൂടി എണ്ണുമ്പോൾ 10 കോടിയുടെ വർധനവ് കൂടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബർ മാസത്തിൽ 36924099 രൂപയും ഒക്ടോബർ മാസത്തിൽ 167593260 രൂപയും നവംബർ 17 വരെയുള്ള ദിവസങ്ങളിൽ 169527648 രൂപയുമാണ് കുത്തക ലേല തുകയായി ലഭിച്ചത്. അതായത് ആകെ 374045007 രൂപ ലഭിച്ചെന്നും അദ്ദേഹം വിവരിച്ചു.

ശബരിമലയിൽ ഇത്തവണ നടവരവ് 204.30 കോടി രൂപയാണെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണെന്നും ഇതുവരെ ശബരിമലയിൽ കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണെന്നും അദ്ദേഹം അറിയിച്ചു. അരവണ വിൽപനയിലൂടെ 96.32 കോടി രൂപയും, അപ്പം വിൽപനയിലൂടെ 12.38 കോടി രൂപ രൂപയും ലഭിച്ചു. മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ ആകെ 31,43,163 പേരാണ് ദർശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ മണ്ഡലപൂജ വരെ നോക്കുമ്പോൾ 29 ലക്ഷത്തോളം തീർഥാടകർ മാത്രമാണ് എത്തിയതെന്നും പ്രസിഡന്റ് അറിയിച്ചിരുന്നു.
ഇതോടെ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 20 കോടിയോളം രൂപയുടെ കുറവാണ് ഉണ്ടായതെന്നാണ് വിലയിരുത്തപ്പെട്ടത്. ഇതിന് പിന്നാലെ ഇന്ന് ദേവസ്വം ബോർഡ് അധ്യക്ഷന്റെ വിശദീകരണം. ശബരിമലയിൽ കഴിഞ്ഞ തീർത്ഥാടന കാലത്തെ നടവരവ് 361 കോടി രൂപയായിരുന്നു. 400 പവൻ സ്വർണവും കാണിക്കയിനത്തിൽ 90 കോടിയുടെ അധികവരുമാനം ഉണ്ടായിരുന്നു.
അതേസമയം മണ്ഡല പൂജയ്ക്ക് ശേഷം ശബരിമല നട ഇന്ന് താത്ക്കാലികമായി അടക്കം. ശേഷം ഡിസംബർ 30 ന് വൈകീട്ട് മകരവിളക്ക് മഹോത്സവത്തിനാണ് ഇനി നട തുറക്കുക . 41 ദിവസത്തെ വൃത കാലത്തിന് പരിസമാപ്തി കുറിച്ച് കൊണ്ടുള്ള തങ്കയങ്കി ഘോഷ യാത്ര ഇന്നലെ രാത്രിയോടെ ശബരിമല സന്നിധാനത്ത് എത്തിയിരുന്നു. ഇത്തവണ സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിൽ മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.












Click it and Unblock the Notifications