രണ്ട് വർഷം കൊണ്ട് സംസ്ഥാനത്ത് നടത്തിയത് 18000 കോടി രൂപയുടെ വികസന പ്രവർത്തനം: കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: രണ്ട് വർഷം കൊണ്ട് 18000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ് ബിയിലൂടെ സംസ്ഥാന ഗവൺമെന്റ് നടത്തിയതെന്ന് ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. റവന്യൂ വരുമാനം കുറഞ്ഞ സാഹചര്യത്തിലും സംസ്ഥാനത്ത് ചെലവ് വർദ്ധിച്ചു. ടാക്‌സ് ഡവല്യൂഷൻ കുറവുള്ള സംസ്ഥാനമാണ് കേരളം എന്നാൽ തനത് വരുമാനമടക്കം വർദ്ധിപ്പിക്കാനുള്ള നടപടി കേരളം സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യതയോടെയും വ്യവസായ സൗഹൃദമായും നികുതി നിർവഹണം നിർവഹിക്കുന്നതിൽ ഓഡിറ്റിംഗിന് സുപ്രധാന പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. കൺകറന്റ് ഓഡിറ്റിംഗ് എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. വ്യവസ്ഥകളിൽ കാതലായ മാറ്റങ്ങൾക്ക് വിധേയമാകാത്ത മേഖല കൂടിയാണ് നികുതി നിർവഹണം. ഇതിൽ മാറ്റമുണ്ടായതിന്റെ ഭാഗമായാണ് ജി എസ് ടി നിലവിൽ വന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ജി എസ് ടി അഖിലേന്ത്യ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ ധനകാര്യ സ്ഥിതിയെ പ്രതികൂലമായി ബാധിച്ചു. സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുറയുകയും കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിലെ കുറവും പ്രതികൂലമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജി എസ് ടി കോമ്പൻസേഷൻ എന്ന രീതിയിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിക്കുന്ന തുക നൽകുന്ന കാലയളവ് ദീർഘിപ്പിക്കണം എന്ന ആവശ്യം സംസ്ഥാനം ഉന്നയിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ യഥാസമയം നികുതി പിരിക്കുന്നതിനും ആവശ്യമായ സങ്കേതങ്ങൾ ഒരുക്കുന്നതിനും ക്രിയാത്മകമായ ഓഡിറ്റിംഗ് നടക്കണം. ഓൺലൈൻ പ്ലാറ്റ് ഫോമുകളിലെ ക്രയവിക്രയങ്ങളിലടക്കം സംസ്ഥാന ഗവൺമെന്റിനർഹമായ നികുതി പിരിച്ചെടുക്കാൻ കഴിയുന്ന രീതിയിലേക്ക് ഓഡിറ്റർമാർക്കുള്ള പരിശീലന പരിപാടിക്ക് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അറിവും പ്രാപ്തിയും സാങ്കേതിക പരിജ്ഞാനവും മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷനും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഓഡിറ്റ് വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനർമാരാണ് ആദ്യ ഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്നത്. തുടർന്ന് മാസ്റ്റർ ട്രെയിനർമാർ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. പരിശീലന പരിപാടിയിൽ, ഓഡിറ്റിംഗിൽ ദേശീയ തലത്തിൽ മികച്ച അനുഭവസമ്പത്തുള്ള വിദഗ്ദ്ധരാണ് ക്ലാസ്സുകൾ നയിക്കുന്നത്.












Click it and Unblock the Notifications