സമ്പദ് ഘടനയെ തകർച്ചയിൽ നിന്ന് മുതലക്കൂപ്പ് കുത്തിക്കാനാണ് മോദി സർക്കാർ ശ്രമം; ആനാവൂർ
തിരുുവനന്തപുരം: 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ ഉള്ള മോദി സർക്കാർ തീരുമാനത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ. ഇന്ത്യൻ സമ്പദ് ഘടനയെ തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് മുതലക്കൂപ്പ് കുത്തിക്കാനാണ് മോദി സർക്കാർ പരിശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ 2000 രൂപ നോട്ടുകൾ പിൻവലിച്ചത് കർണ്ണാടകയിൽ ബിജെപി ഇറക്കിയ കള്ളപ്പണം വെളുപ്പിക്കാൻ ആണെന്ന ആരോപണം ശക്തമാണെന്നും ഈ ആരോപണം വസ്തുതാപരമാകാനാണ് സാധ്യതയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
2000 രൂപയുടെ നോട്ട് പിൻവലിക്കാൻ മോഡി സർക്കാർ തീരുമാനിച്ചിരിക്കുന്നു. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പിൻവലിക്കുകയും അതീവഗുരുതരമായ പണചുരുക്കവും സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന് വരികയും ചെയ്തപ്പോൾ ആണ് 2000 രൂപയുടെ ഒറ്റനോട്ട് എന്ന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ രംഗത്ത് വന്നത്. ഇപ്പോൾ അത് പിൻവലിച്ചു.

കള്ളപ്പണം, അഴിമതി, ഭീകരവാദ പ്രവർത്തനത്തിനുള്ള ഫണ്ട് തുടങ്ങിയ ഗുരുതരമായ പ്രശനങ്ങൾക്ക് പരിഹാരമാകും എന്ന അവകാശവാദത്തോടെയാണ് 2016 നവംബർ 8 ന് അർദ്ധരാത്രി മുതൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ട് നിരോധിച്ചത്. റിസർവ് ബാങ്കിനോട് പോലും കൃത്യമായി ചർച്ച ചെയ്യാതെയും യാതൊരു തയ്യാറെടുപ്പുകളും നടത്താതെയും എടുത്ത ഈ തീരുമാനം ഇന്ത്യൻ സമ്പദ് ഘടനയ്ക്ക് അപരിഹാര്യമായ തകർച്ചയാണ് ഉണ്ടാക്കിയത്.
ഈ യാഥാർഥ്യം അംഗീകരിക്കാൻ ഇന്നും മോദിയും ബിജെപിയും തയ്യാറായിട്ടില്ല.
കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പറക്കാല പ്രഭാകർ പറഞ്ഞത് പോലെ മോദിയ്ക്ക് ഒന്നും അറിയില്ല എന്നത് ശരിയാണ് എന്നാണ് ജനങ്ങൾ കരുതേണ്ടത്. 500,1000 രൂപ നോട്ടുകൾ നിരോധിക്കുന്നതിന് തൊട്ടുമുൻപ് ചില ബിജെപി നേതാക്കൾക്കും മോദിയുമായി ബന്ധപ്പെട്ട ചില കോർപറേറ്റുകൾക്കും വൻതോതിൽ നോട്ടുകൾ മാറിയെടുക്കാൻ അവസരം നൽകി എന്ന വാർത്ത ആ ഘട്ടത്തിൽ പുറത്ത് വന്നിരുന്നു. കർണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ 2000 രൂപ നോട്ടുകൾ പിൻവലിച്ചത് കർണ്ണാടകയിൽ ബിജെപി ഇറക്കിയ കള്ളപ്പണം വെളുപ്പിക്കാൻ ആണ് എന്ന ചർച്ച വ്യാപകമായി ഉയരുകയാണ്.
കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ കർണ്ണാടകത്തിൽ നിന്ന് കുഴൽപ്പണം കടത്തിയെന്ന ആക്ഷേപം വസ്‍തുതാപരമായിരുന്നു എന്ന് പിന്നീട് നമ്മൾ കണ്ടു. അതുപോലെ ഇപ്പോഴത്തെ ഈ ആരോപണവും വസ്തുതാപരമാകാനാണ് സാധ്യത.ഇന്ത്യൻ സമ്പദ് ഘടനയെ തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് മുതലക്കൂപ്പ് കുത്തിക്കാനാണ് മോദി സർക്കാർ പരിശ്രമിക്കുന്നത്.












Click it and Unblock the Notifications