പാലക്കാട് യുഡിഎഫിന് നഷ്ടമാകും: എല്‍ഡിഎഫ് വന്‍ തിരിച്ച് വരവ് നടത്തുമെന്ന് സർവ്വെ, ബിജെപിക്ക് നിരാശ
1996 ന് ശേഷം തുടർച്ചയായി സി പി എം വിജയിച്ച് വരുന്ന ലോക്സഭ മണ്ഡലമായിരുന്നു പാലക്കാട്. വിജയിച്ച് വരുന്ന സ്ഥാനാർത്ഥികള്‍ വലിയ ഭൂരിപക്ഷവും ഇടത് സ്ഥാനാർത്ഥികള്‍ക്ക് മണ്ഡലത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ 2019 ല്‍ കേരളത്തില്‍ ആഞ്ഞടിച്ച രാഹുല്‍ തരംഗത്തില്‍ പാലക്കാടും കോണ്‍ഗ്രസ് പിടിച്ചു. എന്നാല്‍ 2024 ല്‍ രാജ്യം മറ്റൊരു പൊതു തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കാര്യം വലിയ പരുങ്ങലിലാണെന്നാണ് 24 ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട സർവ്വേ അവകാശപ്പെടുന്നത്.
പാലക്കാട് മണ്ഡലം എല്‍ ഡി എഫ് തിരികെ പിടിക്കുമെന്നാണ് സർവ്വേ പറയുന്നത്. യു ഡി എഫ് തുടരുമെന്ന് സര്‍വെയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ പറഞ്ഞപ്പോള്‍ 38 ശതമാനവും പറഞ്ഞത് എല്‍ ഡി എഫ് ജയിക്കുമെന്നാണ്. 17 ശതമാനം പേർ മാത്രമാണ് പാലക്കാട് മണ്ഡലത്തില്‍ ബി ജെ പി വിജയിക്കുമെന്ന് അവകാശപ്പെട്ടിരിക്കുന്നത്.

വി കെ ശ്രീകണ്ഠന്റെ പ്രവര്‍ത്തനങ്ങളെ ആളുകള്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സീറ്റ് യു ഡി എഫിന് നഷ്ടമാകുമെന്നാണ് ജനങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം യുഡിഎഫിന് ഗുണമായ വി കെ ശ്രീകണ്ഠന്റെ വ്യക്തിപ്രഭാവം ഇത്തവണ വോട്ടായി വീഴില്ലെന്ന് ചുരുക്കം. എം പിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതെന്ന് 3%, മികച്ചതെന്ന് 20%, ശരാശരിയെന്ന് 38 %, മോശമെന്ന് 14%, വളരെ മോശമെന്ന് 8% എന്നിങ്ങനെയാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 3 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ബി ജെ പിയെ സംബന്ധിച്ചും പാലക്കാട് വലിയ തിരിച്ചടിയാണ് സംഭവിക്കുകയെന്നാണ് സർവ്വേ പ്രവചനം. ആലപ്പുഴ മണ്ഡലത്തില്‍ ലഭിക്കുന്ന പിന്തുണ പോലും പാർട്ടിക്ക് പാലക്കാട് ലഭിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമെന്ന് പാലക്കാട്ടെ 55 ശതമാനം പേരും കരുതുന്നു. ഈ വിഭാഗത്തില്‍ ആലപ്പുഴയില്‍ 39 ശതമാനം പേരേയുള്ളൂ.
കേന്ദ്ര സർക്കാറിന്റെ പ്രവർത്തനം മികച്ചതെന്ന് പാലക്കാട്ടെ 4 ശതമാനവും, മികച്ചതെന്ന് 9%, ശരാശരി 24, മോശം 24, വളരെ മോശം 31 %, അഭിപ്രായമില്ലെന്ന് 8 ശതമാനവും പറയുന്നു. എന്നാല്‍ ആലപ്പുഴയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ വളരെ മികച്ചതെന്ന് 5 ശതമാനവും മികച്ചതെന്ന് 12 ശതമാനവും ശരാശരിയെന്ന് 27 ശതമാനവും മോശമെന്ന് 17 ശതമാനവും വളരെ മോശമെന്ന് 22 ശതമാനവും അഭിപ്രായമില്ലെന്ന് 17 ശതമാനവും പറയുന്നു.
അതേസമയം, തൃശ്ശൂർ മണ്ഡലം യു ഡി എഫ് നിലനിർത്തുമെന്നാണ് സർവ്വെ പ്രവചനം. തൃശൂർ ഇത്തവണ ആരെടുക്കുമെന്ന ചോദ്യത്തിന് യു ഡി എഫ് എന്നാണ് 35% പേരും അഭിപ്രായപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം. സർവ്വേയില്‍ പങ്കെടുത്ത 30 ശതമാനം പേർ എല്‍ ഡി എഫ് വിജയിക്കുമെന്ന് അവകാശപ്പെടുമ്പോള്‍ 23 ശതമാനം പേർ മാത്രമാണ് ബി ജെ പിക്ക് അനുകൂലമായി ചിന്തിക്കുന്നത്.
കോണ്‍ഗ്രസില്‍ ഇത്തവണ പാലക്കാട് സിറ്റിങ് എംപി തന്നെയായിരിക്കും മത്സരിക്കുക. മറുവശത്ത് മണ്ഡലം പിടിക്കുകയെന്ന ലക്ഷ്യത്തോടെ എം സ്വരാജിനെ എല്‍ ഡി എഫ് പാലക്കാട് മത്സരിപ്പിച്ചേക്കുമെന്നാണ് അഭ്യൂഹം. പാർട്ടി അണികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള നേതാവിനെ പാലക്കാട് രംഗത്ത് ഇറിക്കിയാല്‍ മണ്ഡലം തിരികെ പിടിക്കാന്‍ സാധിക്കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്.
പാർട്ടിക്ക് ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ രാഹുല്‍ തരംഗത്തില്‍പ്പെട്ടാണ് മണ്ഡലം നഷ്ടമായതെന്നും ഇത്തവണ മികച്ച പ്രവർത്തനം കാഴ്ചവെച്ചാല്‍ വിജയം അന്യമല്ലെന്നുമാണ് സി പി എം വിശ്വസിക്കുന്നത്. സ്വരാജിനെപോലെ കരുത്തനായ ഒരു സ്ഥാനാർത്ഥി കൂടെ വരുമ്പോള്‍ വിജയ സാധ്യത വർധിക്കുകയും ചെയ്യും.
പട്ടാമ്പി, ഷൊർണ്ണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാർ, മലമ്പുഴ, പാലക്കാട് എന്നിങ്ങനെ ഏഴ് നിയോജക മണ്ഡലങ്ങളാണ് പാലക്കാട് ലോക്സഭ സീറ്റിന് കീഴില്‍ വരുന്നത്. ഇതില്‍ പാലക്കാടും മണ്ണാർക്കാടും ഒഴികേയുള്ള അഞ്ച് മണ്ഡലങ്ങളും എല്‍ ഡി എഫിന്റെ കൈവശമാണുള്ളത്.












Click it and Unblock the Notifications