വിശ്വനാഥന്റെ ദേഹത്ത് 6 മുറിവുകൾ; രീരത്തിൽ മർദ്ദനമേറ്റ പാടുകളൊന്നുമില്ലെന്ന് ഫോറൻസിക് സർജന്റെ മൊഴി

കോഴിക്കോട്:ആദിവാസി യുവാവ് വിശ്വനാഥന്‍റേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. വിശ്വനാഥിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളൊന്നുമില്ലെന്ന് ഫൊറൻസിക് സർജൻ മൊഴി നൽകി.ആറ് മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു. ഇത് മരത്തിൽ ഉരഞ്ഞതുമൂലം ഉണ്ടായതാണെന്നാണ് മൊഴിയിൽ പറയുന്നത്. ആൾക്കൂട്ട ആക്രമണത്തിന് നിലവിൽ തെളിവില്ലെങ്കിലും ശാസ്ത്രീയ അന്വേഷണം തുടരുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച ഒരു സംഘം മർദിച്ചിരുന്നു. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെ പ്രസവത്തിനായി ചൊവ്വാഴ്ചയാണ് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ബിന്ദു ആൺകുഞ്ഞിന് ജൻമം നൽകി. ആശുപത്രി മുറ്റത്ത് കൂട്ടിരിപ്പുകാർക്കായുള്ള സ്ഥലത്തായിരുന്നു വിശ്വനാഥൻ കാത്തുനിന്നത്. വ്യാഴാഴ്ച ഇവിടെ ആരുടെയോ മൊബൈൽ ഫോണും പണവും കാണാതായി. ഇതോടെ വിശ്വനാഥന് മേൽ മോഷണ കുറ്റം ആരോപിക്കുകയായിരുന്നു. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട വിശ്വനാഥനെ ശനിയാഴ്ചയാണ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം ആവർത്തിക്കുന്നത്. പ്രദേശത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ വയനാട്ടിലെത്തിയ എംപി രാഹുൽ ഗാന്ധി വിശ്വനാഥന്റെ വീട് സന്ദർശിച്ചു. കുടുംബത്തിനെ ആശ്വസിപ്പിച്ച രാഹുൽ ഗാന്ധി സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി സമ്മർദ്ദം ചെലുത്തുമെന്ന് കുടംബത്തെ അറിയിച്ചു. നിയമസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications