ചികിത്സയിലായിരുന്ന 8 മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ചു; ആശുപത്രിക്കെതിരെ കുടുംബം
കോട്ടയം: പനിയെ തുടര്‍ന്ന് പ്രവേശിക്കപ്പെട്ട എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കോട്ടയം മണര്‍കാട് സ്വദേശിയായ ജോഷ് എബി എന്ന കുഞ്ഞാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിക്കെതിരെയാണ് ഇപ്പോള്‍ പരാതിയുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നല്‍കിയ ശേഷം കുഞ്ഞിന്റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഹൃദയാഘാതത്തിന് വഴിവച്ചതെന്ന് കുടുംബം ആരോപിച്ചു.
മേയ് 11ന് ആണ് മണര്‍കാട് പത്താഴക്കുഴി സ്വദേശിയായ പ്രവാസി എബിയുടെയും ജോന്‍സിയുടെയും മകനെ കോട്ടയം മെഡിക്കല്‍ കോളേജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പോസ്റ്റ് കൊവിഡ് രോഗമായ മിസ്‌കോ കാവസാക്കി എന്ന രോഗമാണ് കുഞ്ഞിനെന്ന നിഗമനത്തിലായിരുന്നു ചികിത്സ. ഐ സി യുവില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ രോഗം പൂര്‍ണമായും മാറിയിരുന്നില്ല.

തുടര്‍ന്ന് മെയ് മാസം 29 ന് രാത്രി 9 മണിയോടെ കുഞ്ഞിന് ഇന്‍ഫ്‌ളിക്‌സിമാബ് എന്ന തീവ്രത കൂടിയ ഇന്‍ജക്ഷന്‍ കുത്തിവച്ചു. ഈ മരുന്ന് കുത്തിവച്ചാല്‍ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നത്.
കുഞ്ഞ് അസാധാരണമാം വിധം ശ്വാസം എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മതാപിതാക്കള്‍ ബഹളം വച്ചതോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ആരോഗ്യനില മോശമായതായി അറിഞ്ഞതെന്ന് കുടുംബം പറയുന്നു. ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കുളള മരുന്നുകള്‍ നഴ്‌സുമാര്‍ നല്‍കാറില്ലെന്നും കൂട്ടിരിപ്പുകാരെ കൊണ്ടാണ് മരുന്നുകള്‍ നല്‍കിയിരുന്നതെന്നുമുളള ആരോപണവും പരാതിയില്‍ പറയുന്നു.
ആരോഗ്യമന്ത്രി വീണ ജോര്‍ജിനാണ് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയത്. എന്നാല്‍ കുഞ്ഞിന് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഒരു വിധത്തിലുള്ള ചികിത്സ പിഴവുണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഔദ്യോഗികമായ പരാതിയുണ്ടെങ്കില്‍ വിശദമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications