എത്ര പരിഹാസങ്ങള്‍, എത്ര അപവാദങ്ങള്‍; എന്നിട്ടും നിശബ്ദം; മഞ്ജുവാര്യർക്ക് തൊപ്പിയൂരി സലാം-കുറിപ്പ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മഞ്ജു വാര്യർ. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യമായി പരസ്യമായി ആരോപിച്ചതും താരമായിരുന്നു. പിന്നീട് കേസില്‍ ദിലീപ് പ്രതിചേർക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മുന്‍ഭാര്യകൂടിയായ മഞ്ജുവാര്യറുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ മറുവശത്ത് മഞ്ജു വാര്യറെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടന്ന് വരുന്നുണ്ടായിരുന്നു. അതിന്റെ വ്യക്തമായ തെളിവുകള്‍ അടുത്തിടെ പുറത്ത് വരികയും ചെയ്തു.
എന്നാല്‍ ഇതിനോടൊന്നും പ്രതികരിച്ചാന്‍ മഞ്ജു വാര്യർ ഇതുവരെ തയ്യാറായിട്ടില്ല. ഈ അവസരത്തിലാണ് മഞ്ജുവിനെക്കുറിച്ച് ശ്രീചിത്തിരന്‍ എംജെ എഴുതിയ ഒരു കുറിപ്പ് സമൂമാധ്യമങ്ങളില്‍ വൈറലാവുന്നത്. നിശ്ശബ്ദതയ്ക്ക് ആഴമേറിയ ധ്വനിമൂല്യമുണ്ട്. മഞ്ജുവാര്യർ എന്ന സ്ത്രീയെ ഞാനതിനാൽ ആദരവെന്ന പദത്തിൻ്റെ സമ്പൂർണ്ണാർത്ഥത്തിൽ ആദരിക്കുന്നുവെന്നാണ് ശ്രീചിത്തിരന്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നിശ്ശബ്ദതയ്ക്ക് ആഴമേറിയ ധ്വനിമൂല്യമുണ്ട്. മഞ്ജുവാര്യർ എന്ന സ്ത്രീയെ ഞാനതിനാൽ ആദരവെന്ന പദത്തിൻ്റെ സമ്പൂർണ്ണാർത്ഥത്തിൽ ആദരിക്കുന്നു. ആൺകോയ്മയുടെ തുറുങ്കിലകപ്പെട്ട സമൂഹത്തിന് ഒരു സ്ത്രീക്കു നേരെ ഉന്നയിക്കാവുന്ന ആരോപണങ്ങളെന്തെല്ലാമുണ്ട്? അവിഹിതം, അഗമ്യഗമനം, മദ്യപാനം, അനുസരണാരാഹിത്യം, ധനമോഹം, കുടുംബസ്നേഹനിരാസം, നിരുത്തവാദിത്തം, മാതൃത്വകളങ്കം - ഇങ്ങനെ എന്തെല്ലാം നൽകാമോ അതെല്ലാം ഈ സ്ത്രീക്കു മുകളിൽ കോരിച്ചൊരിഞ്ഞു കഴിഞ്ഞിരിക്കുന്നു.

എണ്ണമില്ലാത്ത അന്തിച്ചർച്ചകളിലും ആണത്തപ്പടപ്പുകളിലും പരിഹസിക്കപ്പെട്ടിരിക്കുന്നു. മുൻപങ്കാളിയുടെ ആണൂളപ്പട നിഘണ്ടു തന്നെ ഈയൊരു സ്ത്രീക്കായി തെറിയാൽ പുനർനിർമ്മിച്ചിരിക്കുന്നു. ഊഹങ്ങളും അഭ്യൂഹങ്ങളും കൊണ്ട് ചുറ്റും മലീമസമാക്കിയിരിക്കുന്നു. എന്നിട്ടും,
എന്നിട്ടും ഈ സ്ത്രീ നിശ്ശബ്ദയായിരിക്കുന്നു.
അനന്യ ദാ ഇവിടെയുണ്ട്, വ്യത്യസ്തമായ ഗെറ്റപ്പും: ഏറ്റെടുത്ത് ആരാധകർ

ശരിയാണ്, നിങ്ങൾക്കു പറയാം - പ്രതികരിക്കുകയാണ് അനീതിക്കെതിരെയുള്ള അഭിമാനകരമായ മാർഗം. മനുഷ്യാന്തസ്സിനേൽക്കുന്ന പ്രഹരങ്ങൾക്കെതിരെ നേർക്കുനേർ മറുപടികളാണ് ആർജ്ജവത്തിൻ്റെ ലക്ഷണം. എല്ലാം ശരിയാണ്. എന്നാൽ, വ്യക്തിയുടെ സ്വകാര്യതയെ വിൽപ്പനച്ചരക്കാക്കുന്ന മാധ്യമീകൃത ലോകത്ത് നിശ്ശബ്ദതക്ക് ആഴമേറിയ ധ്വനിമൂല്യമുണ്ട്.

എൻ്റെ സ്വകാര്യത എനിക്കു താൽപര്യമില്ലാത്തിടത്തോളം നിങ്ങളോടു ഞാനെന്തിന് പങ്കുവെക്കണം? എൻ്റെ ഡയറി വായിക്കാൻ കിട്ടണമെന്നു വാശി പിടിക്കാൻ നിങ്ങളാരാണ്? സ്വകാര്യതയുടെ രാഷ്ട്രീയമെന്തെന്നറിയാത്ത നിങ്ങളോട് എന്നെ തുറന്നുവെക്കാൻ എനിക്കെന്തു ബാദ്ധ്യതയുണ്ട്? ഈ ചോദ്യങ്ങൾ പോലും ചോദിക്കേണ്ടതില്ല. മൗനത്തിൽ ഈ ചോദ്യങ്ങൾ എല്ലാം ഉള്ളടങ്ങുന്നു.

മൗനമെപ്പൊഴും മൗനമല്ല. വാചാലതയെ കീറിമുറിക്കുന്ന ആയുധമായും മൗനം പ്രവർത്തിക്കും. ആത്മവിമർശനത്തിൻ്റെ കണ്ണാടിക്കു മുന്നിൽ മാത്രം വാചാലമാകാനുള്ള കരുത്താർജ്ജിച്ചവരുടെ മൗനം ലക്ഷോപലക്ഷം അക്ഷരമാലയേക്കാൾ അഭിമാനകരമാണ്.
മൗനത്തിൻ്റെ രാജകുമാരീ, നിനക്ക് തൊപ്പിയൂരി സലാം.












Click it and Unblock the Notifications