വിജയിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ ബിജെപിയിലേക്ക് പോവുമെന്ന് എഎപി: തിരിച്ചടിച്ച് കോണ്‍ഗ്രസ്
പനാജി: വിജയിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ ബി ജെ പിയിലേക്ക് ചേക്കേറുമെന്ന എ എ പിയുടെ വിമർശനത്തെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിക്കുമെന്ന അങ്കലാപ്പിലാണ് എ എ പി ഇത്തരമൊരു ആരോപണവുമായി രംഗത്ത് വന്നതെന്നാണ് ഗോവയിലെ കോൺഗ്രസ് മീഡിയ ചെയർപേഴ്സൺ അമർനാഥ് പഞ്ജിക്കർ അഭിപ്രായപ്പെട്ടത്.
കോണ്‍ഗ്രസ് വിജയിക്കുമെന്ന കാര്യം അവർക്ക് ഉറപ്പാണ്. അതിന്റെ അങ്കലാപ്പിലാണ് ഇത്തരം വിമർശനങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇതൊന്നും ഗോവയിലെ വോട്ടർമാർ മുഖവിലയക്ക് എടുക്കാന്‍ പോവുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

ഗോവയിൽ എ എ പിക്ക് ഒരു സീറ്റ് പോലും നേടാനാകില്ല. ഏതാനും സീറ്റുകളില്‍ ബി ജെ പി വിരുദ്ധ വോട്ടുകള്‍ വിഭജിച്ച് അവർക്ക് അനുകൂലമായ സാഹചര്യം ഒരുക്കാന്‍ മാത്രമാണ് എ എ പിയുടെ മത്സരം. ചർച്ചിൽ അലെമാവോ ഇപ്പോള്‍ കോൺഗ്രസിന്റെ ഭാഗമല്ല, ടി എം സിയുടെ നേതാവാണെന്ന് അറിയില്ലെങ്കില്‍ എ എ പി നേതാക്കള്‍ രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിക്കേണ്ടതാണെന്നും അമർനാഥ് പഞ്ജിക്കർ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയില്‍ നിന്നും വലിയ ഒഴുക്കാണ് കോണ്‍ഗ്രസിലേക്ക് ഉണ്ടായിരിക്കുന്നത്. മന്ത്രിമാർ ഉള്‍പ്പടെയാണ് വന്നത്. അവരില്‍ മിടുക്കരും ജനകീയവരുമായ ചില നേതാക്കളെ ഞങ്ങള്‍ സ്ഥാനാർത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അവെർട്ടാനോ ഫുർട്ടാഡോ, മൊറേനോ റെബെല്ലോ, മൈക്കൽ ലോബോ, കാർലോസ് അൽമേഡ എന്നിവരാണ് ബി ജെ പിയില്‍ നിന്നെത്തി കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായാണ്.

എന്നാല്‍ ബി ജെ പിയില്‍ നിന്നെത്തി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നവർ വിജയിച്ച് കഴിഞ്ഞാല്‍ ബി ജെ പി പാളയത്തിലേക്ക് തന്നെ മടങ്ങുമെന്നായിരുന്നു ഗോവയിലെ എ എ പി നേതാവ് അതിഷിയുടെ ആരോപണം. ഈ ആരോപണത്തിന് മറുപടിയായിട്ടാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ എ എ പി നേതൃത്വം ദില്ലിയിലേക്കുള്ള ബാഗ് എത്രയും പെട്ടെന്ന് പാക്ക് ചെയ്യുന്നതാണ് നല്ലത്. ബി ജെ പി പശ്ചാത്തലമുള്ള പലരും എ എ പിയിൽ ചേർന്നത് എന്തുകൊണ്ട് കാണാന്‍ സാധിക്കുന്നില്ലെന്നും അമർനാഥ് പഞ്ജിക്കർ ചോദിച്ചു.

'എ എ പി ബി ജെ പിയുടെ ബി ടീമാണ്. എല്ലാവർക്കും അത് അറിയാം. 2017ലെ തിരഞ്ഞെടുപ്പിൽ കോർട്ടാലിം, മോർമുഗാവോ, പനാജി തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിൽ എ എ പി പങ്ക് വഹിക്കുകയും അതിലൂടെ ബി ജെ പിയുടെ വിജയത്തിന് വഴിയൊരുക്കുകയും ചെയ്തു. ആം ആദ്മി പാർട്ടിയുടെ വോട്ടുകൾ ഭിന്നിച്ചില്ലെങ്കിൽ 2017ൽ ഞങ്ങൾക്ക് പൂർണ ഭൂരിപക്ഷം ലഭിക്കുമായിരുന്നു, "- എന്നായിരുന്നു ഗോവ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വരദ് മർഡോൽക്കറിന്റെ പ്രതികരണം

2017 ല്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അധികാരത്തിലെത്തിയത് ബി ജെ പിയായിരുന്നു. 13 സീറ്റുകള്‍ നേടിയ ബി ജെ പി പ്രാദേശിക കക്ഷികളുമായി ചേർന്ന് അധികാരം പിടിക്കുകയായിരുന്നു. അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാർട്ടികളിലെ അംഗങ്ങളെ ബി ജെ പി തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബി ജെ പിക്ക് സാധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications