'അടൂര്‍ പറഞ്ഞു കുലീന കുടുംബത്തില്‍ നിന്നുളള ആളാണെന്ന്', ജാതി വിവേചനത്തിനെതിരെ ആഷിഖ് അബു
തിരുവനന്തപുരം: കെആര്‍ നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹനെ മാറ്റണം എന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേള വേദിയിലും വിദ്യാര്‍ത്ഥികളെ പിന്തുണച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ടാഗോര്‍ തിയറ്ററില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ കമല്‍, ആഷിഖ് അബു, ജിയോ ബേബി, മഹേഷ് നാരായണന്‍, ബിജിബാല്‍ അടക്കമുളളവര്‍ പങ്കെടുത്തു.
കെആര്‍ നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ പ്രശ്‌നം അതീവ ഗുരുതരമാണെന്ന് ആഷിഖ് അബു റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. സംവിധായകനും കെആര്‍ നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന് എതിരെയും ആഷിഖ് അബു വിമര്‍ശനം ഉന്നയിച്ചു.
''അതീവ ഗൗരവമുളളതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ കാര്യങ്ങളാണ് ആ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കേട്ട് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല സമരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അതിന് ശേഷമാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് എത്തിച്ചത്. വിദ്യാര്‍ത്ഥികളുടെ മാത്രമല്ല ജീവനക്കാര്‍ അനുഭവിക്കുന്നതും ജാതിയുടെ പേരിലുളള വിവേചനമാണ്. വിദ്യാര്‍ത്ഥികളും ജീവനക്കാരും പറയുന്ന ഓരോ കാര്യങ്ങളും കുറ്റകൃത്യങ്ങള്‍ തന്നെയാണ്'', ആഷിഖ് അബു പറഞ്ഞു.

''സിഎം അടക്കമുളള ആളുകളുളള ഒരു ഭരണസംവിധാനും ഇതിന് മുകളിലുണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്. പ്രശ്‌നങ്ങള്‍ പരിശോധിക്കപ്പെടണം. മൂന്നംഗ കമ്മിറ്റിയെ വിഷയം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതായാണ് അറിയുന്നത്. ആ ഡയറക്ടര്‍ ഇനി ആ ക്യാമ്പസ്സില്‍ അവരെ പഠിപ്പിക്കാന്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് കുട്ടികള്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. വളരെ ന്യായമായ ആവശ്യം തന്നെയാണ്. ഇയാളെ പുറത്താക്കുന്നത് വരെ, ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകുന്നത് വരെ കുട്ടികള്‍ സമരം ചെയ്യും എന്ന നിശ്ചയദാര്‍ഢ്യത്തിലാണ്. അതിനൊപ്പമാണ് സിനിമാ പ്രവര്‍ത്തകരായ തങ്ങള്‍ നില്‍ക്കുന്നത്. തൊഴിലാളി യൂണിയനായ ഫെഫ്ക കുട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്'', ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.
''ഈ സ്ഥാപനം വിദ്യാര്‍ത്ഥികള്‍ക്ക് വേണം. അത് പൂര്‍ണമായും ദുഷിച്ച് പോയി എന്നവര്‍ കരുതുന്നില്ല. കേരളത്തിലെ ഇനി വരാന്‍ പോകുന്ന ചലച്ചിത്രകാരന്മാര്‍ക്കും ആവശ്യമാണ്. ഈ സ്ഥാപനത്തെ നവീകരിച്ച്, ശുദ്ധീകരിച്ച് കൃത്യമായ രീതിയില്‍ നടപ്പിലാക്കുക എന്നത് ആ കുട്ടികളുടെ കൂടി ഉത്തരവാദിത്തമായി അവര്‍ ഏറ്റെടുത്തിരിക്കുകയാണ്. സര്‍ക്കാരും പൊതുജനങ്ങളും സിനിമാരംഗവും പിന്തുണയ്‌ക്കേണ്ടതാണ്''.
''ഒരു വ്യക്തി എന്ന നിലയ്ക്കുളള സാസ്‌ക്കാരിക ജീര്‍ണതയോ അറിവില്ലായ്മയോ ഒക്കെയാണ് നടന്ന് കൊണ്ടിരിക്കുന്നത് എങ്കില്‍ അയാളെ മാറ്റണം. അടൂര്‍ ഗോപാലകൃഷ്ണന്‍ അയാളെ വിശേഷിപ്പിച്ചത് കുലീന കുടുംബത്തില്‍ നിന്നുളള ആളാണ്, അദ്ദേഹം അങ്ങനെ ചെയ്യില്ല എന്നൊക്കെ ഈ നൂറ്റാണ്ടിലൊന്നും ആരും ആരെപ്പറ്റിയും പറയാന്‍ ധൈര്യപ്പെടാത്ത ന്യായീകരണങ്ങളൊക്കെയായിട്ടാണ് ഇതിനെ നേരിടുന്നത്. ഇതൊന്നും ഒട്ടും ശരിയായ നിലപാടല്ല''.
വലിയ രീതിയിലുളള പീഡനമുറകളുമായും പ്രതികാര നടപടികളുമൊക്കെയായി ഡയറക്ടര്‍ മുന്നോട്ട് പോയിട്ടുണ്ട്. അതുകൊണ്ട് ഇയാളെ മാറ്റി നിര്‍ത്തണം. അധികാര തലപ്പത്തുളള ദുഷിച്ച പ്രവണതകള്‍ തുടച്ച് നീക്കാതെ ഈ വിദ്യാര്‍ത്ഥി സമരം വിജയിക്കില്ല. ഇത് ശുദ്ധീകരിക്കും എന്നുളളത് അവരുടെ ഉറച്ച തീരുമാനമാണ്. വാര്‍ത്തകളില്‍ നിന്നാണ് ഇക്കാര്യം അറിയുന്നത്. ഇത്ര ഗൗരവകരമായ പ്രശ്‌നങ്ങളുണ്ട് എന്ന് അറിയുന്നത് ഈ കുട്ടികള്‍ സമരം തുടങ്ങിയതിന് ശേഷമാണ് എന്നും ആഷിഖ് അബു വ്യക്തമാക്കി.












Click it and Unblock the Notifications