പിണക്കം മാറ്റിവച്ച് വഹാബ്-കാസിം ഇരിക്കൂര്‍ പക്ഷങ്ങള്‍; ഐഎന്‍എല്‍ ഇനി ഒറ്റക്കെട്ട്, പുതിയ ധാരണ
കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. എപി അബ്ദുല്‍ വഹാബ്-കാസിം ഇരിക്കൂര്‍ വിഭാഗങ്ങള്‍ ഭിന്നത ഒഴിവാക്കി ഒന്നിക്കാന്‍ തീരുമാനിച്ചു. അബ്ദുല്‍ വഹാബ് പ്രസിഡന്റായി തുടരും. ജനറല്‍ സെക്രട്ടറിയായി കാസിം ഇരിക്കൂറും. പുറത്താക്കിയ എല്ലാവരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കും. ഒന്നിച്ചു പോകാന്‍ തീരുമാനിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അവസരമുള്ള പാര്‍ട്ടിയാണ് ഐഎന്‍എല്‍. അതുകൊണ്ടുതന്നെ അഭിപ്രായ വ്യത്യാസങ്ങളും സ്വാഭാവികമാണ്. ഇനി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു. ഇടതുപക്ഷത്തിന്റെ അടിത്തറ ശക്തിപ്പെടുത്താന്‍ വേണ്ടി ഐഎന്‍എല്‍ പ്രവര്‍ത്തിക്കുമെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ മുന്നോട്ടുവച്ച സമവായ നിര്‍ദേശങ്ങള്‍ അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഐഎന്‍എല്ലില്‍ ഭിന്നത ഉടലെടുത്തിരുന്നു. തിരഞ്ഞെടുപ്പില്‍ അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട് സൗത്തില്‍ നിന്ന് ജയിക്കുകയും മന്ത്രിപദവി ലഭിക്കുകയും ചെയ്തതോടെ പാര്‍ട്ടിയില്‍ ചില അസ്വാരസ്യങ്ങള്‍ ശക്തിപ്പെട്ടു. ഐക്യത്തോടെ നില്‍ക്കണമെന്നും അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും സിപിഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂലൈ 25ന് എറണാകുളത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പരസ്യമായി ഏറ്റുമുട്ടുന്ന കാഴ്ചയാണ് കണ്ടത്. യോഗം നടന്ന ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയത് ഐഎന്‍എല്ലിനും എല്‍ഡിഎഫിനും നാണക്കേടായി. യോഗത്തില്‍ നിന്ന് അബ്ദുല്‍ വഹാബ് ഇറങ്ങിപ്പോകുകയും ചെയ്തു.
വഹാബ്-കാസിം ഇരിക്കൂര്‍ പക്ഷങ്ങള്‍ പരസ്പരം പുറത്താക്കിയതായി പ്രഖ്യാപിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. കോഴിക്കോട് പാളയത്തുള്ള ഓഫീസില്‍ വഹാബ് പക്ഷം കയറുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. അതിനിടെ മെംബര്‍ഷിപ്പ് പ്രവര്‍ത്തനവുമായി കാസിം ഇരിക്കൂര്‍ പക്ഷം മുന്നോട്ട് പോയി. ഇതിന് വേണ്ടി ജില്ലാതലത്തില്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയില്‍ നിന്ന് വഹാബ് പക്ഷത്തെ പൂര്‍ണമായി തഴഞ്ഞിരുന്നു. ഇനിയും തര്‍ക്കിക്കുകയും ഭിന്നിച്ചുനില്‍ക്കുകയും ചെയ്താല്‍ മുന്നണിയില്‍ നിന്ന് പുറത്തേക്ക് വഴി തെളിയുമെന്ന് എല്‍ഡിഎഫ് നേതൃത്വം മുന്നറിയിപ്പ് നല്‍കി.
ഈ സാഹചര്യത്തിലാണ് കാന്തപുരം വിഭാഗം മധ്യസ്ഥ ശ്രമവുമായി ഇടപെട്ടത്. എപി അബൂബക്കര്‍ മുസ്ല്യാരുടെ മകന്‍ അബ്ദുല്‍ ഹഖീം അസ്ഹരിയാണ് ആദ്യം ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ഇത് വിജയകരമായിരുന്നില്ല. പല തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ നേരിട്ട് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത്. അദ്ദേഹം നടത്തിയ ശ്രമമാണ് വിജയം കണ്ടിരിക്കുന്നത്.












Click it and Unblock the Notifications