വരും തലമുറയുടെ ജീവിതത്തിന് വേണ്ടി അധികാരികളോട് യാചിക്കുന്ന അമ്മ; ദയാബായിയെ പിന്തുണച്ച് അലന്‍സിയര്‍
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസമിരിക്കുന്ന ആക്ടിവിസ്റ്റ് ദയാബായിക്ക് പിന്തുണയുമായി നടന്‍ അലന്‍സിയര്‍. ദയാബായിക്ക് പിന്തുണയുമായി പാട്ട് പാടിയും ഏകാംഗ നാടകം അവതരിപ്പിച്ചും ആണ് അലന്‍സിയര്‍ പിന്തുണ പ്രഖ്യാപിച്ചത്.
ദയാബായിയുടെ സമരം എട്ട് ദിവസം പിന്നിടുകയാണ് എന്നും അടുത്ത തലമുറയുടെ ജീവിതത്തിന് വേണ്ടി അധികാരികളോട് യാചിക്കുന്ന അമ്മയോടുള്ള ആദരവാണ് തന്റെ പിന്തുണ എന്ന് അലന്‍സിയര്‍ പറഞ്ഞു. ഭരണകൂടം കാണാതെ പോകുന്ന കാഴ്ചകള്‍ ഓര്‍മ്മപ്പെടുത്തുകയാണ് ഈ നിരാഹാരത്തിലൂടെ ചെയ്യുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

അമ്മ മനുഷ്യര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത് എന്നും സ്‌നേഹത്തിന് വേണ്ടിയും കാരുണ്യത്തിന് വേണ്ടിയും യാചിക്കുകയാണ് ദൈവം തമ്പുരാക്കന്മാരോട് എന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു. നമ്മളാല്‍ തെരഞ്ഞെടുക്കപ്പെട്ട അധികാരികള്‍ കേള്‍ക്കാതെ പോകുന്ന, കാണാതെ പോകുന്ന വാക്കുകളും കാഴ്ചകളും ഓര്‍മ്മപ്പെടുത്താനാണ് അമ്മയുടെ ഈ നിരാഹാരം എന്നും അലന്‍സിയര്‍ ചൂണ്ടിക്കാട്ടി.

എയിംസിനായി പരിഗണിക്കുന്ന ജില്ലകളില്‍ കാസര്‍കോടിനെ കൂടി പരിഗണിക്കുക, ജില്ലയിലെ 5 ആശുപത്രികളില്‍ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി നടത്താറുള്ള ചികിത്സാ ക്യാംപ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദയാബായി സമരം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ദയാബായിയെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അവര്‍ അവിടെ നിന്ന് വീണ്ടും സമരമുഖത്ത് എത്തുകയായിരുന്നു. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദയാബായിയെ കാണാന്‍ എത്തിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം സമരസമിതി പ്രവര്‍ത്തകര്‍ ബിനോയ് വിശ്വം എം പിയോടൊപ്പം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കൂടികാഴ്ച നടത്തിയിരുന്നു.

സമരസമിതിയുടെ ആവശ്യങ്ങള്‍ പഠിച്ച് നടപടി കൈക്കൊള്ളും എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. കാസര്‍കോട് കണ്ടെത്തിയ 25 ഏക്കറില്‍ പുനരധിവാസത്തിനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications