നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു
തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്.
അന്‍പതിലധികം സിനിമകളില്‍ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 1981-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിതാവിനെ പോലെ മലയാള സിനിമയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തേക്കു വന്നില്ലെങ്കിലും അഭിനയിച്ച കുറച്ച് ചിത്രങ്ങളിലൂടെ തന്റേതായ ഇടം അടയാളപ്പെടുത്താന്‍ ഷാനവാസിനു കഴിഞ്ഞിരുന്നു. അക്കാലത്ത് പ്രണയ നായകനായി ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും പിന്നീട് സിനിമകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നതാണ് കണ്ടത്.

നീണ്ട ഇടവേളയ്ക്ക് ശേഷം 2011-ല്‍ പുറത്തിറങ്ങിയ ചൈനാ ടൗണ്‍ എന്ന സിനിമയിലൂടെ അദ്ദേഹം സിനിമാ മേഖലയില്‍ തിരിച്ചെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ 'ജനഗണമന'യാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.
മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗര്‍ഭശ്രീമാന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, ബഷീറിന്റെ പ്രേമലേഖനം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാര്‍, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലാണ് അഭിനയിച്ചിട്ടുള്ളത്.
ചിറയിന്‍കീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മോണ്ട്ഫോര്‍ട്ട് സ്‌കൂള്‍, യേര്‍ക്കാട് എന്നിവിടങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെ ന്യൂ കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റേഴ്‌സ് ബിരുദവും സ്വന്തമാക്കുകയും ചെയ്തു.
ഹബീബ ബീവിയാണ് അമ്മ. ഷാനവാസ് ഏറെക്കാലമായി മലേഷ്യയിലായിരുന്നു താമസം. തിരുവനന്തപുരത്ത് വഴുതക്കാടായിരുന്നു താമസം. പ്രേംനസീറിന്റ മൂത്ത സഹോദരി സുലൈഖാ ബീവിയുടെ മകളാണ് ആയിഷ ബീവിയാണ് ഭാര്യ. ഷമീര്‍ ഖാന്‍, അജിത് ഖാന്‍ എന്നിവരാണ് മക്കള്‍. ഷാനവാസിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് പാളയം മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.












Click it and Unblock the Notifications