'രാത്രി കിടക്കുമ്പോൾ കൺമുന്നിൽ സുധി കയറിവരും, ഉറങ്ങാന്‍ പോലും കഴിയാറില്ല'; ബിനു അടിമാലിയുടെ വാക്കുകള്‍
കൊച്ചി: അപകടം നടന്ന ദിവസം ഏറ്റവും ഊര്‍ജസ്വലനായി നടന്ന വ്യക്തി കൊല്ലം സുധിയായിരുന്നെന്ന് ബിനു അടിമാലി. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൊല്ലം സുധി കണ്‍മുന്നില്‍ നില്‍ക്കുന്നത് പോലെ തോന്നുന്നത് കൊണ്ട് ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും ബിനി അടിമാലി പറഞ്ഞു. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ജനറല്‍ ബോഡിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ബിനു അടിമാലി ഇക്കാര്യം പറഞ്ഞത്. വാഹനാപകടത്തിന് ശേഷം ആദ്യമായാണ് ബിനു അടിമാലി ഒരു പൊതുവേദിയില്‍ പ്രത്യേക്ഷപ്പെടുന്നത്.
'ഇന്നാണ് ഒന്ന് ചിരിക്കുന്നത്. കാരണം ഞാന്‍ എത്തിയിരിക്കുന്നത് എന്റെ സംഘടനയുടെ പരിപാടിക്കാണ്. ഇതൊരു ഭംഗിവാക്കായി പറയുന്നതല്ല, എല്ലാ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പോ രാത്രി സുധി കയറിവരും, അവന്റെ ഓരോ കാര്യങ്ങള്‍ ഓര്‍ത്ത് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല. ഇന്ന് എന്റെ കാലിലെ സ്റ്റിച്ച് എടുക്കുന്ന ദിവസമാണ്. അങ്ങനെ ആശുപത്രിയില്‍ വന്നത് കൊണ്ടാണ് എനിക്ക് ഇവിടെ എത്താന്‍ കഴിഞ്ഞത്. ഇവിടെ വന്ന് എല്ലാവരെയും കണ്ടപ്പോള്‍ സമാധാനമായി'.

'എന്റെ വീടിന്റെ പാലുകാച്ചിന് പോലും ഒരു ചലച്ചിത്രതാരങ്ങളും വന്നിട്ടില്ല, എന്നാല്‍ ഇപ്പോള്‍ സുഖമില്ലാതെ കിടന്നപ്പോള്‍ ഒട്ടുമിക്ക ആളുകളും വന്നു. ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ കിടക്കുമ്പോഴാണ് ആളുകളുടെ വില നമുക്ക് മനസിലാകുന്നത്. സുധി മരിച്ചപ്പോള്‍ ഒത്തുകൂടിയ ആളുകളും അയാളോടുള്ള സ്‌നേഹവും കാണുമ്പോഴാണ് മനസ് നിറയുന്നത്. കൂട്ടുകാര്‍ വരുമ്പോള്‍ ഞാന്‍ മനസ് തുറന്നു ചിരിക്കാറുണ്ട്'- ബിനു പറഞ്ഞു.
'സുധിയെപ്പറ്റി പറയുമ്പോള്‍, അന്ന് അദ്ദേഹത്തിന്റെ സമയം ആയിരുന്നിരിക്കും. കാരണം ഇവിടെനിന്ന് പോകുമ്പോള്‍ ഇവന്‍ വണ്ടിയുടെ മുന്നില്‍ ഇരിക്കുകയാണ്. ഊണ് കഴിക്കാന്‍ ഇറങ്ങിയിട്ട് വന്നപ്പോഴും വീണ്ടും വന്ന് വണ്ടിയുടെ മുന്‍ സീറ്റില്‍ തന്നെ ഇരുന്നു. പ്രോഗ്രാം കഴിഞ്ഞു തിരിച്ചു വരുമ്പോഴും ഇവന്‍ ഓടി വന്ന് വണ്ടിയുടെ മുന്നില്‍ തന്നെ ഇരിക്കുവാണ്. അത്രയും ഊര്‍ജസ്വലനായ ഒരു സുധിയെ ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല'.
'അന്നത്തെ ദിവസം അത്രക്ക് ആക്റ്റീവ് ആയിരുന്നു. മിനിറ്റുകള്‍ കൊണ്ട് തൊട്ടടുത്തിരുന്ന ഒരാള് മരിച്ചുപോയി എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥ വലുതാണ്. എന്നെ കൂടുതല്‍ വേദനിപ്പിച്ച സംഭവം അതാണ്. ഒരു കലാകാരനായി ജനിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തോടും എന്റെ കാരണവന്മാരോടും നന്ദി പറയുന്നു. എന്നെ വിളിച്ച് പ്രോത്സാഹിപ്പിച്ച് ധൈര്യം തന്ന ഈ കൂട്ടായ്മയിലെ എല്ലാവരോടും നന്ദി ഉണ്ട്'- ബിനു അടിമാലി പറഞ്ഞു.
ജൂണ്‍ അഞ്ചിനായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നത്. ബിനു അടിമാലിയെയും കൊല്ലം സുധിയെയും കൂടാതെ മഹേഷ് കുഞ്ഞുമോന്‍, ഉല്ലാസ് അരൂര്‍ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ മടങ്ങവെ തൃശൂരില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.












Click it and Unblock the Notifications