'ബോധമുണ്ടെങ്കില്‍ മകന്‍ ഉപയോഗിക്കില്ല, ലഹരി ആരും വായില്‍ കുത്തിക്കയറ്റില്ല'; ടിനിയെ തള്ളി ധ്യാന്‍
കൊച്ചി: സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ടിനി ടോമിന്റെ പ്രസ്താവന തള്ളി ധ്യാന്‍ ശ്രീനിവാസന്‍ രംഗത്ത്. മകന് ബോധമുണ്ടെങ്കില്‍ ഇതൊന്നും ഉപയോഗിക്കില്ലെന്നും ലഹരി ആരും കുത്തിക്കയറ്റിത്തരില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെന്നും എന്നാല്‍ സിനിമ മേഖലയിലെ ലഹരി ഉപയോഗം കൊണ്ട് മകനെ അഭിനയിക്കാന്‍ അനുവദിച്ചില്ലെന്നുമാണ് ടിനി ടോം കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത്.
ടിനി ടോമിന്റെ ഈ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ധ്യാന്‍ ശ്രീനിവാസന്‍ ഈ അഭിപ്രായത്തെ തള്ളിക്കൊണ്ടാണ് രംഗത്തെത്തിയത്. ഒരുത്തന്‍ നശിക്കണമെന്ന് തീരുമാനിച്ചാല്‍ അവന്‍ നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കില്‍ അവന്‍ ഉപയോഗിക്കില്ലല്ലോ അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കയറ്റി തരില്ല. ബോധമുള്ള ഒരുത്തനാണെങ്കില്‍ അത് ഉപയോഗിക്കില്ല, അത്രയേ ഉള്ളൂവെന്ന് ധ്യാന്‍ പറഞ്ഞു.

സിനിമയില്‍ ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ മകന് അവസരം ലഭിച്ചെന്നും എന്നാല്‍ ലഹരി ഉപയോഗത്തെ തുടര്‍ന്ന് ഭാര്യ വിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. സിനിമ ലൊക്കേഷനിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ഭയം കാരണം അഭിനയിക്കാന്‍ വിട്ടില്ലെന്നാണ് ടിനി പറഞ്ഞത്. കൂടാതെ മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഒരു നടന്റെ പല്ല് പൊടിയുന്നുണ്ടെന്നും അടുത്തത് എല്ലാണ് പൊടിയുകയെന്നും ടിനി പറഞ്ഞിരുന്നു.
കൂടാതെ ബാബുരാജും മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. സിനിമ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നവരെ കുറിച്ചുള്ള പട്ടിക താര സംഘടനയായ അമ്മയുടെ കൈവശമുണ്ടെന്നാണ് ബാബുരാജ് പറഞ്ഞത്. കൂടാതെ ലഹരി ഇടപാട് നടത്തി പിടിക്കപ്പെടുന്നവര്‍ ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് കൃത്യമായി പൊലീസിനോട് പറയും. അമ്മയുടെ ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട ലിസ്റ്റുണ്ട്. ഞങ്ങള്‍ക്കത് കൃത്യമായി അയച്ചുതരുന്നുണ്ടെന്നാണ് ബാബുരാജ് പറഞ്ഞത്.












Click it and Unblock the Notifications