ദിലീപും അനിയനും ഒരുമിച്ചെത്തി; 5 പ്രതികളെയും ചോദ്യം ചെയ്യുന്നു... എല്ലാം ക്യാമറയില്‍
കൊച്ചി: അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. നോട്ടീസ് ലഭിച്ച പ്രകാരം രാവിലെ ഒമ്പത് മണിക്ക് പ്രതികള്‍ ഹാജരായി. ആദ്യം ഒറ്റയ്ക്കാണ് ചോദ്യം ചെയ്യുന്നത്. ശേഷം ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യുന്നത്. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച വേളയില്‍ ഹൈക്കോടതിയാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യുക. ഇതിന്റെ വീഡിയോ ചിത്രീകരിക്കുന്നുണ്ട്.

വ്യാഴാഴ്ച ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. അന്ന് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം സമര്‍പ്പിക്കും. ദിലീപിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്ന് തീരുമാനം എടുക്കും. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടത്തിയേക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടുകയും ചെയ്തു. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ദിലീപും സഹോദരനും ഒരുമിച്ചാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.
വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ചോദ്യാവലി നേരത്തെ തയ്യാറാക്കിയിരുന്നു. ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്. ചോദ്യം ചെയ്യല്‍ ബുധനാഴ്ച തീരും. വ്യാഴാഴ്ചയാണ് ഹൈക്കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നത്. അതുവരെ അറസ്റ്റ് പാടില്ല എന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി പ്രതികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, വൈകാതെ ദിലീപ് വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുന്നു എന്ന ആക്ഷേപമായിരിക്കും ഉന്നയിക്കാന്‍ സാധ്യത. ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിക്കുന്നു എന്ന കാര്യം അന്വേഷണ സംഘവും ചൂണ്ടിക്കാട്ടിയേക്കും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ ദിലീപിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അന്വേഷണ സംഘത്തിലുള്ളവര്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നും കെട്ടിച്ചമച്ച കേസാണിതെന്നും ദിലീപ് നേരത്തെ ആരോപിച്ചിരുന്നു. ബാലചന്ദ്ര കുമാറിന്റെ സിനിമാ നിര്‍മാണ ആവശ്യം സ്വീകരിക്കാത്തതാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കാനുണ്ടായ കാരണമെന്നും ദിലീപ് വാദിച്ചു. എന്നാല്‍ ഗൂഢാലോചന തെളിയിക്കുന്ന വീഡിയോയും ഓഡിയോയും തെളിവായുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.












Click it and Unblock the Notifications