നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ;മെമ്മറി കാർഡ് അവസാനമായി ഉപയോഗിച്ചത് 2018 ൽ..ദിലീപിനെതിരെ റിപ്പോർട്ട്
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അവകാശപ്പെടുന്നത്. ദിലീപിന്റെ ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിച്ചതിൽ നിന്നും സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ നടത്തിയ ആരോപണങ്ങൾ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചെന്നാണ് പോലീസ് വാദം.
മീരാ ജാസ്മിൻ എവിടാണ് ഇത്? 'സ്മൈൽ റൊമ്പ ക്യൂട്ടായിറുക്ക്'...ക്യൂട്ട് ചിത്രങ്ങൾ വൈറൽ

കേസിൽ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപ് കണ്ടതായും നടന്റെ കൈയ്യിൽ ദൃശ്യങ്ങൾ ഉണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പുതിയ കണ്ടെത്തൽ എന്നാണ് പോലീസ് പറയുന്നത്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് തുടരന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നതെന്നും പോലീസ് പറയുന്നു.

മെമ്മറി കാർഡ് ഏറ്റവും അവസാനമായി ഉപയോഗിച്ചിരിക്കുന്നത് 2017 ഫെബ്രുവരി 18 എന്നത് ഇപ്പോൾ 2018 ഡിസംബർ 13 ന് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ 2018 നവംബർ 15 ന് ആലുവയിലെ തന്റെ വീടായ പത്മസരോവരത്തിൽ വെച്ച് ദിലീപ് കണ്ടുവെന്നായിരുന്നു ബാലചന്ദ്രകുമാർ നൽകിയ മൊഴി.

2017 ഫെബ്രുവരി 17 നായിരുന്നു തൃശ്ശൂരിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ നടി ആക്രമിക്കപ്പെട്ടത്. വണ്ടി തടഞ്ഞ് നിർത്തി ചിലർ വാഹനത്തിൽ കയറി നടിയെ ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്.

പൾസർ സുനി പകർത്തിയ ദൃശ്യങ്ങളാണ് കുറ്റകൃത്യത്തിൽ നിർണായക തെളിവ്. ഈ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് ചോർന്നുവെന്ന് പിന്നീട് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. നേരത്തേ കേസ് പരിഗണിച്ചിരുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ദൃശ്യം അടക്കമുള്ള തൊണ്ടി സാധനങ്ങൾ വിചാരണക്കോടതിക്കു കൈമാറുന്ന ഘട്ടത്തിൽ ചോർന്നുവെന്നാണ് ആരോപണം ഉയർന്നത്.

ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതോടെയായിരുന്നു ഇത് കണ്ടെത്താനായത്.
ഇത് സംബന്ധിച്ച് ഫോറൻസിക് വിഭാഗം 2019 നവംബർ 19 ന് കോടതിക്ക് രഹസ്യ റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സുപ്രീം കോടതിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

അതിനിടെ ഫോണുകളിലെ വിവരങ്ങൾ മായ്ച്ച് കളയുന്നതിനായി ദിലീപും കൂട്ടരും ബന്ധപ്പെട്ട മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്കിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. നാല് ഫോണുകളായിരുന്നു ദിലീപ് ഇവിടെ നൽകിയത്.

ഹൈക്കടോതിയിൽ ദിലീപ് സമർപ്പിച്ച ആറ് ഫോണുകളിൽ നിന്നും 90 ശതമാനത്തോളം പരിശോധ ഇതുവരെ പൂർത്തിയാക്കിയിട്ടുണ്ട്. ഫോണിലെ സംഭാഷണങ്ങൾ മാത്രം 200 മണിക്കൂറിലേറെയുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ഇനി നാല് ഫോണുകളിലെ കൂടി പരിശോധനയാണ് പൂർത്തിയാക്കാനുള്ളത്. ഫോണുകളിൽ നിന്നും വീണ്ടെടുക്കാൻ സാധിക്കാത്ത വിധം 12 ചാറ്റുകൾ നശിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ദിലീപും സഹോദരി ഭർത്താവ് സൂരജും ഉപയോഗിച്ചിരുന്ന ഫോണിൽ നിന്നും സുപ്രധാന കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സൂരജിനെ ചോദ്യം ചെയ്യും. മാത്രമല്ല ദിലീപിന്റെ സഹോദരൻ അനൂപിനേയും ചോദ്യം ചെയ്യാനായി വിളിപ്പിക്കും.

പുതിയ ചില ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നടി കാവ്യ മാധവനേയും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. നിലവിൽ കാവ്യമാധവൻ ചെന്നൈയിലാണ് ഉള്ളതെന്നാണ് വിവരം. ഇവർ മടങ്ങിയെത്തിയാലുടൻ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയിലും കാവ്യയെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു.












Click it and Unblock the Notifications