'കരാറിൽ കുടുക്കി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു', സംവിധായികയ്ക്ക് എതിരെ പരാതിയുമായി യുവനടൻ
തിരുവനന്തപുരം: അശ്ലീല ചിത്രത്തില്‍ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചുവെന്ന പരാതിയുമായി തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ യുവാവ്. സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനും എതിരെയാണ് യുവാവ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇതിന് പിന്നാലെ ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടു. ദീപാവലിക്ക് ചിത്രം റിലീസ് ചെയ്താല്‍ ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്ന് യുവാവ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ.

സിനിമയില്‍ ഹീറോ ആകാന്‍ ആഗ്രഹിച്ച് ഇറങ്ങിത്തിരിച്ച 26കാരനാണ് ചതിയില്‍ അകപ്പെട്ടിരിക്കുന്നത്. ഒടിടിയില്‍ റിലീസ് ചെയ്യുന്ന വെബ് സീരിസിലേക്ക് നായകനെ തേടിയുളള പരസ്യം കണ്ടാണ് യുവാവ് അപേക്ഷ അയച്ചത്. പ്ലേസ്റ്റോറില്‍ ലഭിക്കുന്ന ഈ ഒടിടി പ്ലാറ്റ്‌ഫോം അശ്ലീല ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ആപ്പ് ആണ്. ഇക്കാര്യങ്ങളൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് യുവാവ് പറയുന്നു.

യുവാവിന്റെ സുഹൃത്തായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണ് ഒരു വെബ് സീരിസ് ഉണ്ടെന്നും അതില്‍ അഭിനയിക്കണം എന്നും പറഞ്ഞ് സമീപിച്ചത്. തുടര്‍ന്നാണ് യുവാവ് ഷൂട്ട് നടക്കുന്ന അരുവിക്കരയില്‍ എത്തിയത്. ഒരു കിലോമീറ്റര്‍ അകത്തോട്ട് മാറി, ആളൊഴിഞ്ഞ വില്ലയില്‍ ആയിരുന്നു ചിത്രീകരണമെന്ന് യുവാവ് പറയുന്നു. ഷൂട്ടിംഗിനുളള സംവിധാനങ്ങളൊക്കെ അവിടെ തയ്യാറായിരുന്നു.

അശ്ലീല ചിത്രമാണ് എന്ന് താന്‍ കരുതിയിരുന്നില്ലെന്നും യുവാവ് പറയുന്നു. തന്നോട് കഥയുടെ ഔട്ട്‌ലൈന്‍ പറഞ്ഞ ശേഷം മേക്കപ്പിട്ട് വരാന്‍ പറഞ്ഞു. താന്‍ മേക്കപ്പ് ഇട്ട് വന്നു. അതിന് ശേഷം ചില രംഗങ്ങള്‍ ചിത്രീകരിച്ചു. അതിന് ശേഷം തന്നോട് പറഞ്ഞു, ഷൂട്ട് മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ ഒരു കരാറില്‍ ഒപ്പ് വെയ്ക്കണം എന്ന്. എന്തിനാണ് കരാര്‍ എന്ന് താന്‍ ചോദിച്ചപ്പോള്‍ അത് വേണം എന്ന് അവര്‍ പറഞ്ഞു.

''ആദ്യമായി നായകനായിട്ട് അഭിനയിക്കുന്നതിന്റെ ടെന്‍ഷനില്‍ തനിക്ക് കരാര്‍ ശരിക്കും വായിച്ച് നോക്കാന്‍ പറ്റിയില്ല. അങ്ങനെ ഒപ്പിട്ട് കൊടുത്തു. ശേഷം മുറിയിലേക്ക് കയറിയപ്പോഴാണ് പറയുന്നത്, സിനിമ അഡള്‍ട്ട്‌സ് ഒണ്‍ലി ആണെന്നും ലേഡിയുമായി ഇടപഴകി അഭിനയിക്കണം എന്നും. താന്‍ പറഞ്ഞു അത് ബുദ്ധിമുട്ടാണ് എന്ന്. എങ്കില്‍ എന്തിന് കരാര്‍ ഒപ്പിട്ടുവെന്ന് അവര്‍ ചോദിച്ചു''.

കരാറില്‍ ഒപ്പിട്ടത് കൊണ്ട് നിര്‍ബന്ധമായും ചെയ്‌തേ പറ്റൂ എന്ന് പറഞ്ഞു. അതല്ലെങ്കില്‍ ഷൂട്ടിന്റെ നഷ്ടപരിഹാരമായി 5 ലക്ഷം രൂപ തരേണ്ടി വരും എന്ന് പറഞ്ഞു. ഓടിപ്പോയാല്‍ അവര്‍ പിടിക്കും. അങ്ങനെയാണ് കണ്ണ് നിറഞ്ഞ് കൊണ്ട് അത് ചെയ്തത്. അതിപ്പോള്‍ റിലീസ് ചെയ്യാന്‍ പോവുകയാണെന്ന് യുവാവ് പറയുന്നു. ദീപാവലി ദിവസമാണ് ഈ ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്.

വനിതാ സംവിധായികയാണ് ചിത്രം 5 ഭാഷകളിലായി ചിത്രീകരിച്ചിരിക്കുന്നത്. പോസ്റ്ററുകള്‍ പുറത്ത് വന്നതോടെ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട അവസ്ഥയാണെന്ന് യുവാവ് പറയുന്നു. ഇപ്പോള്‍ ഒരു സുഹൃത്തിനൊപ്പമാണ് യുവാവ് കഴിയുന്നത്. സിനിമ പുറത്തിറങ്ങിയാല്‍ നാട്ടുകാരുടെ മുന്നിലോ വീട്ടുകാരുടെ മുന്നിലോ തല ഉയര്‍ത്തി നടക്കാനാകില്ല. 8 വര്‍ഷം കൊണ്ടുണ്ടാക്കിയ സിനിമാ ജീവിതം അവസാനിക്കും. ആത്മഹത്യ മാത്രമാണ് തന്റെ മുന്നിലുളള വഴിയെന്ന് യുവാവ് പറയുന്നു.

തന്നെക്കൊണ്ട് ഒപ്പിടുവിച്ച കരാര്‍ ആവശ്യപ്പെട്ട് സിനിമാക്കാരെ ബന്ധപ്പെട്ടുവെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ലെന്ന് യുവാവ് പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും യുവാവ് പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിനിമയുടെ ടീസര്‍ പുറത്ത് വന്നിരിക്കുന്നത്. 90 ശതമാനം നഗ്നത ആകാമെന്ന് യുവാവ് ഒപ്പിട്ട കരാറില്‍ ഉണ്ടെന്ന് സംവിധായിക പറയുന്നു.












Click it and Unblock the Notifications