'സത്യമതല്ല,ഭീകര തള്ളു തള്ളി ഒരു വർഗീയ വാദിയെ മാധ്യമങ്ങൾ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നു';ഹരീഷ് പേരടി
തിരുവനന്തപുരം; ഭിക്ഷാടക സംഘത്തിന്റെ കൈകളിൽ നിന്നും രണ്ടു പതിറ്റാണ്ട് മുമ്പ് രക്ഷിച്ചെടുത്ത പെണ്‍കുട്ടിയെ കാണാൻ നടനും എംപിയുമായ സുരേഷ് ഗോപി എത്തിയ വാർത്ത ഇന്ന് വൈറൽ ആയിരുന്നു. ഇരുപത്തിമൂന്നു കൊല്ലം മുമ്പ് ജനസേവ ശിശുഭവനില്‍ വച്ചാണ് അനാഥയായ ശ്രീദേവി എന്ന പെൺകുട്ടിയ സുരേഷ് ഗോപി കാണുന്നത്. ഭിക്ഷാടക സംഘത്തിന്റെ കൈയ്യിൽ നിന്നും നിരവധി പേർ ചേർന്നായിരുന്നു ശ്രീദേവിയെ ശിശുഭവനിലെത്തിച്ചത്. തുടർന്ന് പെൺകുട്ടിക്ക് താങ്ങും തണലുമായി നിന്നവരിൽ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം സുരേഷ് ഗോപിയെ കാണാൻ ശ്രീദേവി ആഗ്രഹം പ്രകടിപ്പിച്ചതോടെയായിരുന്നു എംപി ശ്രീദേവിയുടെ വീട്ടിലെത്തിയത്.
അതേസമയം ഭിക്ഷാടക സംഘത്തിൽ നിന്നും പെൺകുട്ടിയ രക്ഷിച്ചത് സുരേഷ് ഗോപിയാണെന്ന തരത്തിൽ വാർത്തകൾ നൽകിയ ചില മാധ്യമങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. "ഭിക്ഷാടന മാഫിയയിൽ നിന്ന് താൻ രക്ഷിച്ച പെൺകുട്ടിയെ കാണാൻ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തിയെന്ന" വാർത്തകൾക്കെതിരെയാണ് നടന്റെ വിമർശനം.

ഭീകര തള്ളു തള്ളി ഒരു വർഗീയ വാദിയെ മാധ്യമങ്ങൾ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു പേരടിയുടെ പ്രതികരണം. ചില മാധ്യമങ്ങൾ നൽകിയ വാർത്ത കണ്ടാൽ ഭീക്ഷാടന മാഫിയയിൽ നിന്നും സുരേഷ് ഗോപിയാണ് പെൺകുട്ടിയെ രക്ഷിച്ചതെന്ന് തോന്നുമെന്ന് കുറിപ്പിൽ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

'എന്തൊരു വെളുപ്പിക്കലാണിത് , വാർത്ത വായിച്ചാൽ മനസ്സിലാകുന്നത് സുരേഷ് ഗോപി ഭിക്ഷാടനമാഫിയയുമായി ഏറ്റുമുട്ടി കുഞ്ഞിനെ രക്ഷിച്ച് ഇക്കണ്ട കാലമത്രയും വളർത്തി വലുതാക്കി ഒടുവിൽ ശുഭം എന്ന് എഴുതിയതായാണ് .
എന്നാൽ സത്യമതല്ല എന്ന് മനോരമ വ്യക്തമാക്കുന്നു,പോസ്റ്റിൽ പറയുന്നു.

തെരുവിൽ നിന്നും കുഞ്ഞിനെ എടുത്ത് വളർത്തിയ തങ്കമ്മ കിടപ്പിലായതോടെ അവരുടെ കയ്യിൽ നിന്നും കുഞ്ഞ് വീണ്ടും തെരുവിൽ എത്തുന്നു. അവിടെ നിന്ന് നാട്ടുകാർ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ സഹായത്തോടെ കുഞ്ഞിനെ ആലുവയിലെ ശിശുക്ഷേമസമിതിയിലാക്കുന്നു.

ഒരിക്കൽ അവിടെ ഷൂട്ടിങ്ങിനായി ചെന്ന സുരേഷ് ഗോപി ആ കുഞ്ഞുമായി ഫോട്ടോ എടുക്കുന്നു. അത്രയേ ഉള്ളൂ.അതിനാണ് ഭീകര തള്ളു തള്ളി ഒരു വർഗീയ വാദിയെ മാധ്യമങ്ങൾ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത്, എന്നായിരുന്നു നടൻ പങ്കുവെച്ച കുറിപ്പിലെ വാക്കുകൾ.

പ്രസവിച്ചയുടന്‍ അമ്മ തെരുവില്‍ ഉപേക്ഷിക്കുകയും പിന്നീട് ശരീരമാസകലം പൊള്ളലുകളോടെ ആലുവയിലെ ജനസേവാ ശിശുഭവനില്‍ എത്തുകയും ചെയ്ത ശ്രീദേവിയെ കാണാനായിരുന്നു 25 വർഷങ്ങൾക്കിപ്പുറം സുരേഷ് ഗോപി എത്തിയത്. പാലക്കാട് കാവശേരിയിൽ വീട്ടിലെത്തിയായിരുന്നു ശ്രീദേവിയെ സുരേഷ് ഗോപി കണ്ടത്.

തങ്കമണി എന്ന സ്ത്രീയായിരുന്നു തെരുവിൽ നിന്നും ആദ്യം ശ്രീദേവിയെ എടുത്ത് വളർത്തിയത്.
മലപ്പുറത്ത് നിന്നായിരുന്നു തങ്കമണിക്ക് കുഞ്ഞിനെ കിട്ടിയത്. അവർ അവൾക്ക് ശ്രീദേവി എന്ന പേര് നൽകി. എന്നാൽ ശ്രീദേവിക്ക് മൂന്ന് വയസായപ്പോൾ തങ്കമണി രോഗബാധിതയായി. വൈകാതെ അവർ മരിക്കുകയും ചെയ്തു. ഇതോടെ ശ്രീദേവി ഭിക്ഷാടക സംഘത്തിന്റെ കൈകളിൽ അകപ്പെടുകയായിരുന്നു.

ഭീക്ഷാടക സംഘം ക്രൂരമായി ദ്രോഹിച്ച പെൺകുട്ടിയെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഉൾപ്പെടെ ചേർന്നാണ് പിന്നീട് ആലുവയിലെ ജനസേവ ശിശുഭവനിൽ എത്തിച്ചത്. തുടർന്ന് ആ കുട്ടിക്ക് തണലായി നിന്നവരിൽ നടൻ സുരേഷ് ഗോപിയുമുണ്ടായിരുന്നു.ഒരിക്കൽ സിനിമാ ഷൂട്ടിങ്ങിനായി ശിശുഭവനിൽ എത്തിയ സുരേഷ് ഗോപി ശ്രീദേവിയെ നേരിട്ട് സന്ദർശിക്കുകയും ചെയ്തിരുന്നു.

ശിശുഭവന്റെ സംരക്ഷണയില്‍ പത്താംക്ലാസുവരെ പഠനം പൂര്‍ത്തിയാക്കിയ ശ്രീദേവി 2015 ൽ വിവാഹിതയായി പാലക്കാട് ആലത്തൂരിൽ എത്തുകയായിരുന്നു. ഇന്നലെ പാലക്കാട് സുരേഷ് ഗോപി എത്തുമെന്നറിഞ്ഞ് അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം ശ്രീവേദി പ്രകടിപ്പിക്കുകയായിരുന്നു. തുടർന്നായിരുന്നു ശ്രീദേവിയുടെ ഒറ്റമുറി വീട്ടിലേക്ക് സുരേഷ് ഗോപി എത്തിയത്.

നിലവിൽ ഭർത്താവ് സതീശിനൊപ്പം ഫാൻസി സ്റ്റോർ നടത്തുകയാണ് ശ്രീദേവി. കൊവിഡ് പ്രതിസന്ധി തീർത്തതോടെ ജീവിതം വഴിമുട്ടിയ നനിലയിലാണ്. കട തുടങ്ങാനെടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസും വന്നു. കൂടിക്കാഴ്ചയിൽ സുരേഷ് ഗോപിയോട് ശ്രീദേവി തന്റെ സങ്കടങ്ങളെല്ലാം പങ്കുവെച്ചു. ഒടുലിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പ് നൽകിയായിരുന്നു സുരേഷ് ഗോപി പാലക്കാട് നിന്ന് മടങ്ങിയത്.












Click it and Unblock the Notifications