പരസ്യത്തിന് വരുന്നവര്‍ എന്തൊക്കെ തട്ടിപ്പ് നടത്തുമെന്ന് എങ്ങനെ അറിയുമെന്ന് ജയസൂര്യ; 'സമന്‍സ് ലഭിച്ചിട്ടില്ല'
കൊച്ചി: 'സേവ് ബോക്സ്' ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. നിയമാനുസൃതമായി മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്തി നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരന്‍ മാത്രമാണ് താനെന്ന് ജയസൂര്യ പറയുന്നു. പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ എന്തൊക്കെ തട്ടിപ്പുകള്‍ നടത്തുമെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.
സോഷ്യല്‍ മീഡിയയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മൂന്നാം തവണയും ചോദ്യം ചെയ്യാന്‍ തന്നെ വിളിപ്പിച്ചിട്ടുണ്ട് എന്ന വാര്‍ത്തയും ജയസൂര്യ തള്ളി. ഇത് സംബന്ധിച്ച് നുണപ്രചരണമാണ് നടക്കുന്നത് എന്നും ജനുവരി 7-ാം തീയതി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇതുവരെ സമന്‍സ് ലഭിച്ചിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. നേരത്തെ ജയസൂര്യയെ മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചിട്ടുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ഇത് അദ്ദേഹം നിഷേധിച്ചു. സമന്‍സ് ലഭിച്ചത് പ്രകാരം ഡിസംബര്‍ 24 നും 29 നും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍ ജനുവരി 7ാം തീയതി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇതുവരെ സമന്‍സ് ലഭിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. 'സേവ് ബോക്സ്' ലേല ആപ്പിനെ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജയസൂര്യയെ ചോദ്യം ചെയ്തത്.
തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടിരുന്നു. ഇതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. സേവ് ബോക്്‌സ് ലേല ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ ഒരു കോടി രൂപയാണ് ജയസൂര്യയ്ക്ക് പ്രതിഫലമായി ലഭിച്ചത് എന്നും ഇത് സേവ് ബോക്സ് ഉടമ സ്വാതിഖ് റഹ്‌മാന്‍ തട്ടിപ്പിലൂടെ സമ്പാദിച്ചതാണ് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സേവ് ബോക്സ് ലേല ആപ്പിന്റെ പേരില്‍ കോടികള്‍ നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സ്വാതീഖ് റഹ്്മാനെ 2023 ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധപ്പവും സാമ്പത്തിക ഇടപാടുമാണ് ഇ ഡി അന്വേഷിക്കുന്നത്. സ്വാതീഖിന് സിനിമാതാരങ്ങളുമായി ബന്ധമുണ്ട് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ പലരില്‍ നിന്നും പണം തട്ടിയെടുത്തത്.
മാസം 25 ലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എന്നാല്‍ ആര്‍ക്കും ലാഭവിഹിതമോ മുടക്കിയ പണമോ ലഭിച്ചില്ല. സേവ് ബോക്‌സ് ഇതേ പേരില്‍ ഒരു മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാം എന്നതായിരുന്നു വാഗ്ദാനം. വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങിയ ശേഷം ഈ കോയിനുകള്‍ ഉപയോഗിച്ച് ലേലം നടത്തുന്നതായിരുന്നു രീതി












Click it and Unblock the Notifications