ഇംഗ്ലീഷ് വലിയ സംഭവം ആണെന്ന് കരുതുന്ന ഇറക്കുമതി എംപിമാരും നമുക്കുണ്ട്; ജോയ് മാത്യു
കോഴിക്കോട്: രാജ്യസഭാ എംപി എഎ റഹീം കര്‍ണാടകയില്‍ കുടിയിറക്കപ്പെട്ടവരെ സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിച്ചതാണ് സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചകളിലൊന്ന്. ഇംഗ്ലീഷ് മാധ്യമങ്ങളോട് അദ്ദേഹം നല്‍കിയ മറുപടിയില്‍ ശുദ്ധമായ ഇംഗ്ലീഷ് പറയുന്നില്ല എന്നാണ് വിമര്‍ശനം. പരിഹസിച്ച് ഒരു വിഭാഗം രംഗത്തുവന്നപ്പോള്‍ അതിലെന്താണ് പ്രശ്‌നം എന്ന് ചോദിച്ചു രംഗത്തുവന്നവരും നിരവധി.
കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും ഇംഗ്ലീഷ് സംസാരിക്കുന്ന പഴയ വീഡിയോയും കുത്തിപ്പൊക്കിയിട്ടുണ്ട് ചിലര്‍. ഞങ്ങളുടെ നേതാക്കള്‍ക്ക് മാത്രമല്ല, നിങ്ങളുടെ നേതാക്കള്‍ക്കും ഇംഗ്ലീഷ് മര്യാദയ്ക്ക് സംസാരിക്കാന്‍ അറിയില്ല എന്ന് തെളിയിക്കാനാണിത്. അതേസമയം, എംപിയുടെ പദവിയില്‍ ഇരിക്കുന്ന വ്യക്തിക്ക് ഇംഗ്ലീഷ് അറിയില്ല എന്നത് ആ പദവിയോട് ചെയ്യുന്ന അനീതിയാണ് എന്ന അഭിപ്രായവും ചിലര്‍ പങ്കുവച്ചു.

അതിനിടെ, വ്യത്യസ്തമായ നിരീക്ഷണമാണ് ഇക്കാര്യത്തില്‍ നടന്‍ ജോയ് മാത്യു പങ്കുവച്ചത്. ഇംഗ്ലീഷ് അറിയുക എന്നത് മഹത്തരമായ കാര്യമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശ ഭാഷ പറയുമ്പോള്‍ തെറ്റുന്നത് വലിയ കുറ്റമല്ല. ഇംഗ്ലീഷ് വലിയ സംഭവം ആണെന്ന് കരുതുന്ന ഇറക്കുമതി എംപിമാരും നമുക്കുണ്ടെന്ന് ജോയ് മാത്യൂ പരിഹസിക്കുന്നു.
ജോയ് മാത്യു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം:
''ഫാഷാ ഭീഷണി
ഒരു വിദേശ ഭാഷ പറയുമ്പോള്‍
തെറ്റ് പറ്റുക അത്ര വലിയ കുറ്റമല്ല.
എന്നാല്‍ മാതൃഭാഷയായ മലയാളത്തിനോടുള്ള പുച്ഛമാണ് ഇവരെക്കൊണ്ട് പൊട്ട ഇംഗ്ലീഷ് പറയിപ്പിക്കുന്നത്.
മലയാളം ഒരു താഴ്ന്ന ഭാഷയാണ് എന്ന് ഇവര്‍ക്ക് ഒരു തോന്നല്‍ ഉണ്ട്. മലയാളം മാത്രം അറിയാവുന്നവരോട് ഇവര്‍ക്ക് തികഞ്ഞ പുച്ഛവും ആണ്.
ഒപ്പം കേരളത്തിന് പുറത്തുള്ളവര്‍ മണ്ടന്മാരാണെന്നും ഇവര്‍ മാത്രമാണ്
എല്ലാം തികഞ്ഞത് എന്നും വിചാരമുണ്ട് .അതിന്റെ ഫലമാണ് ലോകത്തിന് മുന്നില്‍ ഭാഷയുടെ പേരില്‍ പരിഹാസ്യരാകുന്നത്.
ഇംഗ്ലീഷ് വലിയ സംഭവം ആണെന്ന്
കരുതുന്ന ഇറക്കുമതി എം പി മാരും നമുക്കുണ്ട് .ഇംഗ്ലീഷില്‍ പ്രാവീണ്യമുണ്ട് എന്നതിന്റെ പേരില്‍ അവരെ തലയിലേറ്റി നടക്കുന്ന കൊളോണിയല്‍ ഹാങ്ങ് ഓവര്‍ ഉള്ളവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ഇങ്ങിനെയുള്ളവര്‍ക്ക് നമ്മുടെ
കുഞ്ചനെയോ ഇടശ്ശേരിയേയോ
ആശാനെയോ വൈലോപ്പള്ളിയെയോ
എന്തിന് മര്യാദയ്ക്കൊരു മലയാള സിനിമാഗാനം പോലും അക്ഷരശുദ്ധിയോടെ പാടുവാനാകില്ല എന്നതാണ് .
ഇവരൊക്കെയും നമ്മുടെ ഭാഷയ്ക്ക് ഭീഷണി തന്നെയാണ്.
മാതൃഭാഷയാണ് മഹത്തായ ഭാഷ എന്ന് ചിന്തിക്കുകയും പ്രയോഗിക്കുകയും ചെയ്തവരായിരുന്നു മാവോ സേതൂങ് ,ഹോചിമിന്‍ ,സ്റ്റാലിന്‍ തുടങ്ങിയ മഹാരഥന്മാര്‍.
''നിങ്ങള്‍ക്ക് എന്നെ മനസ്സിലാക്കണമെങ്കില്‍ ആദ്യം എന്റെ സംസ്‌കാരം മനസ്സിലാക്കുക അപ്പോള്‍ നിങ്ങള്‍ക്കെന്റെ ഭാഷ മനസ്സിലാവും'എന്ന് മാവോ സേതൂങ് എന്ന ചൈനയുടെ ചെയര്‍മാന്‍ പറഞ്ഞതാണ് അതിന്റെ ശരി.
മാതൃഭാഷയെ ഒരു നാണമായി കാണുന്നവര്‍
സ്വന്തം നഗ്‌നതയില്‍ അറപ്പ് കാണുന്നവരാണ് -
അതായത് ഭാഷ മോശമായതിന് എംപിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല''












Click it and Unblock the Notifications