കേന്ദ്രമന്ത്രിക്കെതിരായ കത്ത് പരസ്യപ്പെടുത്തി കൃഷ്ണ കുമാര്‍; പുലിവാലായപ്പോള്‍ വലിച്ചു
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം ഉപയോഗശൂന്യമായി ജീര്‍ണിച്ച് കിടക്കുന്ന കെട്ടിടത്തെ ചൊല്ലി നടനും ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണ കുമാര്‍ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കേന്ദ്ര മന്ത്രിയ്‌ക്കെതിരായി വിമര്‍ശനം കൂടി ഉള്‍ക്കൊള്ളുന്ന കത്തിനൊപ്പമാണ് കൃഷ്ണ കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്ക് വെച്ചത്. ഇതാണ് വിവാദമായിരിക്കുന്നത്.
പേരെടുത്ത് പറയുന്നില്ലെങ്കിലും വി മുരളീധരനെയാണ് കത്തില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത് എന്നാണ് പലരും പറയുന്നത്. ബി ജെ പിയുടെ തിരുവനന്തപുരം ഫോര്‍ട്ട് വാര്‍ഡ് കൗണ്‍സിലര്‍ ജാനകി അമ്മാളുടെ കത്താണ് കൃഷ്ണ കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്ക് വെച്ചിരുന്നത്. സംഭവം വിവാദമായതോടെ കൃഷ്ണ കുമാര്‍ പോസ്റ്റ് എഡിറ്റ് ചെയ്ത് കത്തിലെ ആ ഭാഗം നീക്കുകയും ചെയ്തു.

' ഈ വിഷയം പല പ്രാവശ്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹം നേരില്‍ കണ്ട് ബോധ്യപ്പെടുകയും കത്ത് കൊടുക്കുകയും ചെയ്തിട്ടും സ്ഥിരമായ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് ഖേദപൂര്‍വം അറിയിക്കുന്നു,' എന്നാണ് കത്തിലെ പരാമര്‍ശം. ബി ജെ പി പ്രവര്‍ത്തകരായ പ്രദേശവാസികളുടെ ദുരിതവും കത്തില്‍ കൗണ്‍സിലര്‍ വിവരിക്കുന്നുണ്ട്. അതേസമയം വിഷയത്തില്‍ പരിഹാരം കണ്ടു എന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്.
പ്രശ്നത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പിന്റെ ഇടപെടല്‍ ഉറപ്പാക്കി എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്ര മന്ത്രിക്കെതിരായ വിമര്‍ശനമുള്ള ഭാഗം പങ്ക് വെക്കുന്നതിലുണ്ടായ ജാഗ്രത കുറവില്‍ കൃഷ്ണ കുമാര്‍ ബി ജെപി. നേതൃത്വത്തോട് മറുപടി പറയേണ്ടിവരും. നേരത്തെ ജെ പി നദ്ദ പങ്കെടുത്ത വേദിയില്‍ സ്ഥാനം നല്‍കാത്തതിലുള്ള കൃഷ്ണ കുമാറിന്റെ പരസ്യ വിമര്‍ശനവും വിവാദമായിരുന്നു.
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
നമസ്‌കാരം സഹോദരങ്ങളേ,
കഴിഞ്ഞ ദിവസം ബിജെപിയുടെ തിരുവനന്തപുരം ഫോര്‍ട്ട് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി ജാനകി അമ്മാള്‍ വന്ന് ഒരു പരാതി പറഞ്ഞു. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കും പടിഞ്ഞാറെ നടയ്ക്കുമിടയില്‍ പോസ്റ്റോഫീസിന്റെ ഒരു കെട്ടിടം ഉപയോഗശൂന്യമായി ജീര്‍ണാവസ്ഥയിലാണ്. കെട്ടിടത്തിനകത്തും പുറത്തും കാടുകേറി പാഴ്മരങ്ങളും വളര്‍ന്നു പാമ്പിന്റെയും വവ്വാല്കളുടെയും ശല്യം കാരണം പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഭയപ്പാടിലാണ് ജീവിക്കുന്നത്.
പരാതിപ്രകാരം ഇന്നു ഞാനും മറ്റു പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കി. ഫോട്ടോയും വിഡിയോയും അയച്ച ശേഷം കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പുമായി ബന്ധപ്പെട്ടു സംസാരിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കി പരിസരം വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയും പഴയക്കട്ടിടം, പൊളിച്ചുനീക്കാന്‍ ഉടനെ തന്നെ ഉത്തരവിറക്കാമെന്നും ഉറപ്പു നല്‍കി..
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കി എന്നെ അറിയിച്ച ശ്രീമതി ജാനകി അമ്മാളുവിനും, പൂര്‍ണ സഹകരണം തന്ന സൗത്ത് ഡിവിഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്കും, കേന്ദ്ര വാര്‍ത്താവിനിമയവകുപ്പില്‍ നിന്നും നടപടി വേഗത്തില്‍ എടുക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ജയ് ഹിന്ദ്.












Click it and Unblock the Notifications