ബലാത്സംഗ കേസില്‍ നടന്‍ എം മുകേഷ് എംഎല്‍എ അറസ്റ്റില്‍: നടപടി ചോദ്യം ചെയ്യലിന് ഒടുവില്‍
കൊച്ചി: ബലാത്സംഗ കേസില്‍ നടനും കൊല്ലം എം എംഎല്‍ എയുമായ എം മുകേഷ് അറസ്റ്റില്‍. മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടിവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂർ ജാമ്യം നേടിയതിനാല്‍ മുകേഷിനെ ഇന്ന് തന്നെ വിട്ടയക്കുകയും ചെയ്യും. നിലവില്‍ മുകേഷിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്.

ഇന്നു രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസില്‍ വെച്ച് മുകേഷിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. അഭിഭാഷകർക്കൊപ്പമായിരുന്നു മുകേഷ് ചോദ്യം ചെയ്യലിനായി ഹാജരായത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറിലേറെ നീണ്ടു. കേസില്‍ നേരത്തെ എറണാകുളത്തെ സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം നേടാന്‍ സാധിച്ചതാണ് മുകേഷിന് അനുകൂലമായത്.
ചോദ്യം ചെയ്യലിന് പോകുമ്പോഴും തിരിച്ച് ഇറങ്ങുമ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ എം എല്‍ എ തയ്യാറായില്ല. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് മുകേഷിനെ ചോദ്യം ചെയ്തിരിക്കുന്നത്. മരട് പൊലീസാണ് താരത്തിനെതിരായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മരടിലെ ഫ്ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പ്രധാനമായും പറയുന്നത്. ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുമുണ്ട്. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, സമാനമായ കേസ് നേരിടുന്ന നടന്‍ സിദ്ധീഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ പൊലീസ് കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ പരിശോധനയും ആരംഭിച്ചു. സിദ്ദിഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ശക്തമാക്കിയത്.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ നല്‍കിയ മുൻകൂർ ജാമ്യപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരായി ഉയർത്തിയത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് സിദ്ധീഖ് വാദിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. അതേ സമയം, വിധി പകർപ്പ് വന്ന ശേഷം സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സിദ്ധീഖ്.












Click it and Unblock the Notifications