'ജയിലിലേക്ക് അയച്ചിട്ട് എന്തിനാണ്? ചിക്കനും മട്ടനും കൊടുത്ത് വീർപ്പിക്കാനോ,ജനത്തിന് വിട്ടുകൊടുക്ക്'
കൊച്ചി: ആലുവയിൽ 5വയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ വലിയ ജനരോഷമാണ് ഉയരുന്നത്. സിനിമാ താരങ്ങളും ശക്തമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തി. നടൻമാരായ സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി തുടങ്ങിയ താരങ്ങളാണ് സംഭവത്തിൽ കടുത്ത ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നത്.
'അമര്‍ അക്ബര്‍ അന്തോണി' എന്ന സിനിമയിൽ നിന്നുള്ള ഒരു രംഗം പങ്കുവെച്ച് കൊണ്ടാണ് സിദ്ധിഖ് അമർഷം പ്രകടിപ്പിച്ചത്. സിനിമയിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ ജനത്തിന് മുന്നിൽ ഇട്ട് കൊടുത്ത് കൊണ്ട് സിദ്ധിഖിന്റെ ോലീസ് കഥാപാത്രം പറയുന്ന വീഡിയോ ആണ് താരം പങ്കിട്ടത്. 'നമ്മള്‍ കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ. ദിവസവും ചിക്കനും മട്ടനും കൊടുത്ത് വീര്‍പ്പിക്കാനോ. കൊറേണ്ണം കിടപ്പുണ്ടല്ലോ അവിടെ. ഒറ്റക്കയ്യനും കൈ ഇല്ലാത്തവനുമൊക്കെയായിട്ട്. ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാണ്'എന്നാണ് കഥാപാത്രം പറയുന്നത്.

നടൻ ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ-'വെറും അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടി ദൈവത്തിന്റെ സ്വന്തം നാട്ടിൽവെച്ച് അതിക്രുരമായി കൊല്ലപ്പെട്ടിരിക്കുന്നു.കുട്ടികൾക്ക് നേരെ കൈയ്യോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് പറയാൻ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ല.നമ്മുക്ക് മണിപ്പുർ പോലെയുള്ള ചെകുത്താന്റെ നാട്ടിലെ കൂട്ട ബലാൽസംഘങ്ങളെ പറ്റി മാത്രം സംസാരിക്കാം. പ്രതിഷേധിക്കാം. കാരണം നമ്മൾ പുരോഗമനവാദികൾക്ക് ദൂരകാഴ്ചയുടെ കണ്ണട മാത്രമേ ധരിക്കാൻ പാടുകയുള്ളു എന്ന അലിഖിത നിയമമുണ്ടല്ലോ.
മൂക്കിന് താഴെയുള്ള കാഴ്ചകളെ "ഒറ്റപ്പെട്ട" എന്ന ഏറ്റവും വെറുക്കപ്പെട്ട ഫ്യൂഡലിസ്റ്റ് വാക്ക് ഉപയോഗിച്ച് ഇത്തരം സംഭവങ്ങളെ മറയ്ക്കാൻ തിമിര തീസീസ് പഠിച്ച് എന്നോ പരിശീലനം നേടിയവരല്ലെ നമ്മൾ...ഭരണം മാറുന്നതുവരെ മൂക്കിന് താഴെയുള്ള കാഴ്ചകളെ നിരോധിക്കാം...മകളെ ജീവിക്കാൻ കേരളം തിരഞ്ഞെടുത്തതിന് മാപ്പ്, രക്ഷിതാക്കളെ ജാഗ്രതൈ', പോസ്റ്റിൽ പറയുന്നു.
'ചെറിയ ശവപ്പെട്ടികൾക്കാണ് ഭാരം കൂടുതൽ, പൊന്നുമോളം മാപ്പ്', സുരാജ് വെഞ്ഞാറമൂട് കുറിച്ചു.
'ഹൃദയഭേദകമായ ഈ വാർത്ത ഉണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ തനിക്ക് കഴിയില്ല. നമ്മുക്ക് ചുറ്റും ഉള്ളവർ ആരാണെന്ന് പോലും അറിയാത്ത സാഹചര്യങ്ങളിൽ നമ്മുടെ കുട്ടടികളെ എങ്ങനെ സംരക്ഷിക്കും എന്നത് നമ്മൾ അറിഞ്ഞിരിക്കണം', എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ.












Click it and Unblock the Notifications