'ജനാധിപത്യം അല്ല തെമ്മാടിപത്യം, കുഴിയിലേക്ക് പോകും വരെ അഴിമതി', രാഷ്ട്രീയക്കാർക്കെതിരെ ശ്രീനിവാസൻ
കൊച്ചി: രാഷ്ട്രീയ പാർട്ടികൾ അടക്കമുളള വ്യവസ്ഥാപിത സംവിധാനങ്ങളെ നിശിതമായി സിനിമയ്ക്ക് അകത്തും പുറത്തും വിമർശിക്കുന്ന വ്യക്തിയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. പലപ്പോഴും ഇത്തരം തുറന്നടിക്കലുകൾ വിവാദമായിട്ടുമുണ്ട്.
സിനിമാ ലോഞ്ചിനിടെ രാഷ്ട്രീയക്കാരെ രൂക്ഷമായി വിമർശിച്ച് കൊണ്ടുളള ശ്രീനിവാസന്റെ പ്രസംഗം വൈറലായിരിക്കുകയാണ്. നമ്മൾ ജീവിക്കുന്നത് നരകത്തിലാണ് എന്നും കള്ളന്മാരായ രാഷ്ട്രീയക്കാർ നാടിനെ നശിപ്പിക്കുന്നുവെന്നും ശ്രീനിവാസൻ കുറ്റപ്പെടുത്തി .

ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ: '' ഇവിടെ പറയേണ്ട കാര്യമാണോ എന്ന് അറിയില്ല. എങ്കിലും മനസ്സിലിങ്ങനെ വീര്‍പ്പ് മുട്ടി കിടക്കുന്ന കുറച്ച് കാര്യങ്ങള്‍ ഒരു മൈക്ക് കിട്ടിയപ്പോള്‍ പറയാന്‍ ആഗ്രഹം തോന്നി. പ്രധാനമായിട്ടും നമ്മള്‍ ജീവിക്കുന്ന നമ്മുടെ ചുറ്റുപാടിനെ കുറിച്ചാണ് പറയുന്നത്. വളരെ നരകതുല്യമായ ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്. അതായത്, ഇവിടെ ഡെമോക്രസിയാണ് എന്നാണ് പറയുന്നത്, ജനാധിപത്യം.

ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രീസിലാണത്രേ ആദ്യം ജനാധിപത്യം ഉണ്ടായത്. ജനാധിപത്യത്തിന്റെ ഒരു മോഡല്‍ ഉണ്ടായത് ഗ്രീസിലാണ്. അന്ന് തത്വചിന്തകനായിട്ടുളള സോക്രട്ടീസ് അയാളുടെ അനുഭവത്തില്‍ നിന്ന് പറഞ്ഞത്, കഴിവുളളവരെയാണ് ഭരിക്കാന്‍ വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഈ കഴിവുളളവരെ തിരഞ്ഞെടുക്കാനുളള കഴിവ് വോട്ട് ചെയ്യുന്നവര്‍ക്കുണ്ടോ, അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്‌നം എന്ന് അന്തകാലത്ത് അദ്ദേഹം പറഞ്ഞു.

ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ ഡെമോക്രസി കണ്ട് പിടിച്ചവനെ ഷൂട്ട് ചെയ്ത് കൊന്നിട്ട് അയാള്‍ ആത്മഹത്യ ചെയ്‌തേനെ. കാരണം രാഷ്ട്രീയത്തില്‍ പെരുങ്കള്ളന്മാര്‍ക്ക് അവര്‍ ചത്ത് കുഴിയിലേക്ക് പോകുന്നത് വരെ അഴിമതി ചെയ്യാനുളള ഒരു സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളമ്മാരെ, എത്രയോ തവണ തെളിയിക്കപ്പെട്ട കളളമ്മാരെ ഒരു ചുക്കും ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത ഒരു വ്യവസ്ഥിതിയാണിന്ന്.

ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുന്നത്, തെമ്മാടിപത്യം എന്നാണ്. അതാണ് ഇപ്പോള്‍ ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒരു കഴിവും ഇല്ലാത്ത കള്ളന്മാരായ ആള്‍ക്കാര്‍ രാഷ്ട്രീയത്തിലിങ്ങനെ വന്ന് കൊണ്ടിരിക്കുന്നു. കക്കാന്‍ വേണ്ടി വന്ന് കൊണ്ടിരിക്കുന്നു. കട്ട് കട്ട് നമ്മളേയും നശിപ്പിക്കും നാടും നശിപ്പിക്കും. അതിലേക്ക് നമ്മള്‍ ദ്രുതഗതിയില്‍ പോയിക്കൊണ്ടിരിക്കുകയാണ്.

ഈ ദുരിതം എന്നെങ്കിലും മാറുമോ എന്നുളള പ്രതീക്ഷയോട് കൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല ശരിക്ക് പറഞ്ഞാല്‍. ഈ കാര്യത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി എടുത്ത് പറയാനില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണ്. അത് മാത്രമേ തനിക്ക് മനസ്സില്‍ വരുന്നുളളൂ'', ശ്രീനിവാസന്‍ പറഞ്ഞു.












Click it and Unblock the Notifications