നന്മ മനസിലാക്കാന്‍ പറ്റാത്ത ചൊറിയന്‍ മാക്രി പറ്റങ്ങളോട് എന്തു പറയാന്‍; വിവാദങ്ങളില്‍ സുരേഷ് ഗോപിയുടെ മറുപടി
തൃശൂര്‍: തന്റെ വിഷു കൈനീട്ടം പരിപാടി വിവാദമാക്കിയതിനെതിരെ നടനും എം പിയുമായ സുരേഷ് ഗോപി. തന്റെ പ്രവൃത്തിയിലെ നന്മ തിരിച്ചറിയാന്‍ പറ്റാത്തവരാണ് ഇതിനെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്നത് പോലും ചിലര്‍ എതിര്‍ക്കാന്‍ തുനിയുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. അതിനു പിന്നിലെ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത ചൊറിയന്‍ മാക്രി പറ്റങ്ങളോട് എന്തു പറയാനാണ് എന്ന് സുരേഷ് ഗോപി ചോദിച്ചു.
ചില വക്രബുദ്ധികളുടെ നീക്കം അതിന് നേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായിട്ടാണ് താന്‍ കണക്കാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ക്ക് അസഹിഷ്ണുതയുണ്ടായി എന്ന് സുരേഷ് ഗോപി പരിഹസിച്ചു. ഞാന്‍ അത് ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുരുന്നുകളുടെ കയ്യിലേക്ക് ഒരു രൂപയാണ് വെച്ചു കൊടുക്കുന്നത് എന്നും 18 വര്‍ഷത്തിന് ശേഷം വോട്ടുപിടിക്കാനുള്ള കപ്പമല്ല താന്‍ കൊടുത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വിഷു എന്ന് പറയുന്നത് ഹിന്ദുവിന്റേത് അല്ലെന്നും ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ഒരു വലിയ ആചാരമാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്ക് സംഭാവന ചെയ്യുന്നവരാണ് ഓരോ കുഞ്ഞുമെന്നും അത് ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും എന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു രൂപയുടെ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണുള്ളത്. നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല എന്ന് അദ്ദേഹം പറഞ്ഞു. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ച് കൊണ്ട് ഓരോ കുഞ്ഞിന്റേയും കൈവെള്ളയില്‍ വെച്ചു കൊടുക്കുന്നത്, ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വഹണത്തിനിറങ്ങുമ്പോള്‍ കൈയില്‍ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വര്‍ഷമാവണേ ഈ മുഹൂര്‍ത്തത്തില്‍ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ്.

ആ നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത് എന്നും സുരേഷ് ഗോപി ചോദിച്ചു. ഞാനുറപ്പിച്ചു, ചൊറിയന്‍ മാക്രി പറ്റങ്ങളാണവര്‍. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ. ഞാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. ഹീനമായ ചിന്തയുണ്ടെങ്കില്‍ മാത്രമേ ഇതു ചെയ്യാനും ഇങ്ങനെ ചിന്തിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഓരോ കുഞ്ഞും ഓരോ കുടുംബത്തിലേക്കു ജനിച്ച് വീഴുന്നത് അവരുടെ കുടുംബ സ്വത്തായിട്ടായിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. പക്ഷേ, അത് രാജ്യത്തിനുള്ള സംഭാവനയാണ്.

ആ കുഞ്ഞിന്റെ ഡി എന്‍ എയില്‍ നവോത്ഥാനം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അത് മുന്‍പ് പറഞ്ഞ വക്രബുദ്ധികള്‍ സൃഷ്ടിക്കുന്ന നവോത്ഥാനമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ആ ഡി എന്‍ എ ഈ രാജ്യത്തിനും ലോകത്തിനും സമ്പന്നത മാത്രം സമ്മാനിക്കാനുള്ളതാണ്. അതിനാണ് ഓരോ കുഞ്ഞും പിറക്കുന്നത് എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഒരു സ്ഥലത്ത് കാറിനുള്ളിലിരുന്ന് കൈനീട്ടം കൊടുത്ത സുരേഷ് ഗോപിയുടെ കാല്‍ തൊട്ട് വന്ദിച്ച നടപടി വിവാദമായിരുന്നു.

ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. സ്ത്രീകള്‍ വരിയായി വന്ന് കൈനീട്ടം വാങ്ങിയ ശേഷം സുരേഷ് ഗോപിയുടെ കാല്‍തൊട്ട് വന്ദിച്ച് മടങ്ങുന്നതാണ് വിഡിയോയില്‍ ഉണ്ടായിരുന്നത്. ഇതിനിടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തില്‍ മേല്‍ശാന്തിക്ക് വിഷുക്കൈനീട്ടം നല്‍കാനായി അദ്ദേഹം പണം നല്‍കിയതും വിവാദമായി. ഇതിനെതിരെ തൃശൂര്‍ ജില്ലയിലെ സി പി ഐ എം, സി പി ഐ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications