സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് വരില്ല: തുറന്ന് പറഞ്ഞ് മേജര്‍ രവി
കൊച്ചി: ബി ജെ പി കോര്‍ കമ്മിറ്റിയിലേക്ക് നടനും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി വരില്ല എന്ന് സംവിധായകനും ബി ജെ പി അനുഭാവിയുമായ മേജര്‍ രവി. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു മേജര്‍ രവി.
ബി ജെ പിയുടെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം എങ്കില്‍ സുരേഷ് ഗോപി കൂടി തീരുമാനിക്കേണ്ടേ എന്നും മേജര്‍ രവി ചോദിച്ചു. സുരേഷ് ഗോപിയെ അപമാനിക്കുന്നതിന് തുല്യമാണ് കോര്‍ കമ്മിറ്റിയിലേക്ക് എടുക്കുന്നത് എന്നും മേജര്‍ രവി ആഞ്ഞടിച്ചു.

അതേസമയം സുരേഷ് ഗോപിയെ പദവികളില്‍ ഇരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തണം എന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു. താന്‍ ബി ജെ പി അംഗത്വം എടുക്കാത്തത് സംസ്ഥാന ബി ജെ പി നേതൃത്വത്തോടുള്ള താല്‍പര്യകുറവ് കൊണ്ടാണ് എന്നുള്ള സൂചനയും മേജര്‍ രവി നല്‍കി. തേങ്ങയരച്ച് വെച്ചിട്ട് കാര്യമില്ല താളല്ലേ കറി എന്ന് പറയുന്നത് തന്നെയാണ് എനിക്കും പറയാനുള്ളത്.

സുരേഷ് ഗോപിയെ ശക്തമായ സ്ഥലത്ത് ഇരുത്തിയാല്‍ അദ്ദേഹം പണിയെടുക്കും എന്ന് ഉറപ്പാണ് എന്നും മേജര്‍ രവി വ്യക്തമാക്കി. അതേസമയം സുരേഷ് ഗോപി ബി ജെ പി കോര്‍ കമ്മിറ്റിയിലേക്ക് വന്നാല്‍ സന്തോഷമാണ് എന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി മത്സരിച്ച സുരേഷ് ഗോപിയെ കേന്ദ്രസര്‍ക്കാരായിരുന്നു എം പിയായി നോമിനേറ്റ് ചെയ്തത്.

ബി ജെ പി പരിപാടികളിലും സുരേഷ് ഗോപി സജീവ സാന്നിധ്യമാണ്. എന്നാല്‍ സംഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ ഒരാളെ ബി ജെ പി കോര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാറില്ല. സുരേഷ് ഗോപിയെ തെരഞ്ഞെടുത്താല്‍ അത് പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കലാകും.

അതേസമയം സുരേഷ് ഗോപിയെ ബി.ജെ.പി കോര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാനുള്ള തീരുമാനത്തെ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കറും സ്വാഗതം ചെയ്തിരുന്നു. ബി ജെ പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് നേടി നല്‍കിയ വ്യക്തിയാണ് സുരേഷ് ഗോപി എന്നും സുരേഷ് ഗോപിയെ തങ്ങള്‍ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications