വിജയ് ബാബു പരസ്യമായി ചെയ്തത് രണ്ടുവര്‍ഷം തടവ് കിട്ടാവുന്ന കുറ്റം; അറസ്റ്റ് ചെയ്യും
കൊച്ചി: മലയാള സിനിമയ്ക്ക് പിന്നിലെ അശ്ലീല കഥകളാണ് പുറത്തുവരുന്നത്. ദിലീപ് പ്രതിയായ കേസില്‍ കോടതി നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കവെയാണ് നടന്‍ വിജയ് ബാബുവിനെതിരായ ആരോപണം. തൊട്ടുപിന്നാലെ അദ്ദേഹം പരാതിക്കാരിയായ നടിയുടെ പേര് പരസ്യമാക്കിയത് മറ്റൊരു കേസിന് കൂടി കാരണമായിരിക്കുകയാണ്.
കേസില്‍ താനാണ് ശരിക്കും ഇര എന്നും എനിക്കെതിരെ പരാതി നല്‍കി, എന്റെ കുടുംബത്തെ വിഷമത്തിലാക്കിയവര്‍ അപ്പുറത്ത് സുഖമായി ഇരിക്കുന്നത് അനീതിയല്ലേ എന്ന ചോദ്യമാണ് വിജയ് ബാബു ഉന്നയിച്ചത്. എന്നാല്‍ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. കേസില്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. വിശദാംശങ്ങള്‍ ഇങ്ങനെ...

കഴിഞ്ഞ മാസം 13, 14 ദിവസങ്ങളില്‍ നടന്ന സംഭവത്തിലാണ് നടി വിജയ് ബാബുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പിന്നീട് കൂടുതല്‍ കാര്യങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദമാക്കുകയും ചെയ്തു. വിജയ് ബാബു ക്രൂരമായി പെരുമാറി എന്നാണ് പറയുന്നത്. ശനിയാഴ്ച രാത്രി ദുബായിലേക്ക് പോയതാണ് വിജയ് ബാബു. അദ്ദേഹം ചൊവ്വാഴ്ച രാത്രി എഫ്ബി ലൈവില്‍ വന്നിരുന്നു.

തന്റെ ഭാഗം വിശദീകരിച്ച വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. നടിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വിജയ് ബാബു വ്യക്തമാക്കി. മീടൂ പ്രചാരണത്തിന് ഒരു മാറ്റമാകട്ടെ എന്നും അദ്ദേഹം പറയുന്നു. നടിയുടെ 400ഓളം ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ കൈവശമുണ്ടെന്നും വിജയ് ബാബു പറഞ്ഞു.

ബലാല്‍സംഗ കേസില്‍ ഇരകളായവരുടെ പേര് പരസ്യമാക്കരുത് എന്നാണ് നിയമം. ഐപിസി 228 എ പ്രകാരം ഇരയുടെ പേര് വെളിപ്പെടുത്തുന്നതിന് നിരോധനമുണ്ട്. ഈ കുറ്റം ചെയ്താല്‍ രണ്ടു വര്‍ഷം തടവ് ശിക്ഷ ലഭിക്കും. കൂടാതെ പിഴയും. ഈ നിയമമാണ് വിജയ് ബാബു ലംഘിച്ചിരിക്കുന്നത്. ഇതോടെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് പോലീസ്.

വിജയ് ബാബുവിന്റെ എഫ്ബി ലൈവ് പോലീസ് വിശദമായി പരിശോധിച്ചു. ഇതില്‍ ഇരയെ പ്രതി ഭീഷണിപ്പെടുത്തുന്ന വാക്കുകളുമുണ്ട് എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറയുന്നു. ദുബായിലുള്ള വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്നാണ് വിവരം.

ബലാല്‍സംഗ കേസില്‍ ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. കീഴടങ്ങിയാലും കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനാണ് സാധ്യത. വിജയ് ബാബു ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയാല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അറസ്റ്റ് ചെയ്യുകയാകും പോലീസിന്റെ രീതി. ജാമ്യം ലഭിക്കാവുന്ന കുറ്റമല്ല പ്രതിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നും നിയമവിദഗ്ധര്‍ പറയുന്നു. കേസ് അട്ടിമറിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ക്കും.

ഇരയുടെ പേര് വെളിപ്പെടുത്തുക വഴി നമ്മുടെ നിയമ സംവിധാനത്തെയാണ് വിജയ് ബാബു ചോദ്യം ചെയ്തിരിക്കുന്നതെന്ന അഭിപ്രായമാണ് അഡ്വ. ആശ ഉണ്ണിത്താന്‍ പങ്കുവച്ചത്. ഇത്തരം പ്രവണത വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അവര്‍ പറഞ്ഞു. ഈ മാസം 22നാണ് നടി വിജയ് ബാബുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ചാണ് പീഡനം നടന്നതെന്നും ആരോപണമുണ്ട്.

ആര്‍ത്തവ സമയത്ത് സെക്‌സ് നിരസിച്ചതിന് എന്റെ വയറ്റില്‍ പ്രതി ചവിട്ടി എന്നാണ് നടി തന്റെ കുറിപ്പില്‍ വിശദീകരിക്കുന്നത്. മുഖത്ത് തുപ്പി, സെക്‌സിനായി നിര്‍ബന്ധിക്കുകയും ചെയ്തു. കൂടുതല്‍ യുവതികള്‍ ഇരകളാക്കപ്പെട്ടിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. എല്ലാവരും രംഗത്തുവരണം. ഇനി മറ്റൊരു യുവതിക്ക് ഈ അനുഭവം ഉണ്ടാകരുത്. എനിക്ക് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും നടി കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications