'അവിശ്വസനീയം അറപ്പുളവാക്കുന്നത്'; തുറന്നടിച്ച് നടി മഞ്ജിമ മോഹൻ
നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയരുകയാണ്. ലോ കോളേജ് യൂണിയൻ ഉദ്ഘാടനെത്തിയപ്പോഴായിരുന്നു നടിക്ക് നേരെ വിദ്യാർത്ഥിയിൽ നിന്നും മോശം അനുഭവം ഉണ്ടായത്.
നടിക്ക് പൂവ് സമ്മാനിക്കാൻ വേദിയിൽ എത്തിയ വിഷ്ണു എന്ന വിദ്യാർത്ഥി നടിയുടെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ നടി അനിഷ്ടം വ്യക്തമാക്കി മാറി നീങ്ങുകയും ഇത് ഒരു ലോ കോളേജ് അല്ലേയെന്ന് പ്രതികരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിഷയത്തിൽ നിരവധി പേരാണ് അപർണയെ പിന്തുണച്ചും വിദ്യാർത്ഥിയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചും രംഗത്തെത്തിയത്. ഇപ്പോഴിതാ അപർണയെ പിന്തുണച്ച് നടി മഞ്ജിമ മോഹനും പ്രതികരിക്കുകയാണ്.

യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ കൂടി ഭാഗം ആയിട്ടായിരുന്നു അപർണ ബാലമുരുളിയും മറ്റ് സിനിമ പ്രവർത്തകരും കോളേജിലെത്തിയത്. വേദിയിൽ അപർണയ്ക്കൊപ്പം നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും ഉണ്ടായിരുന്നു. പരിപാടി നടന്ന് കൊണ്ടിരിക്കുമ്പോഴാണ് വിഷ്ണു സ്റ്റേജിലേക്ക് ഒരു പൂവുമായി കയറി വന്നത്.

സ്റ്റേജിലെത്തിയ ഉടനെ പൂ അപർണയ്ക്ക് കൈമാറി. തുടർന്ന് നടിയോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാമായിരുന്നു. നടി ഇതിന് തയ്യാറാകാതിരുന്നതോടെ കൈയ്യിൽ പിടിക്കുകയും തുടർന്ന് എഴുന്നേറ്റ് നിന്ന താരത്തിൽ തോളിൽ കയ്യിടൻ ശ്രമിക്കുകയുമായിരുന്നു. വേദിയിൽ വെച്ച് രോഷം അടക്കിപിടിച്ച് നടി തന്റെ കസേരയിൽ വന്നിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം വിമർശനം ഉയർന്നതോടെ വിദ്യാർത്ഥി സ്റ്റേജിലെത്തി അപർണയോട് മാപ്പ് പറഞ്ഞു.

എന്നാൽ നടിയുടെ സമ്മതം കൂടാതെ ഇത്തരത്തിൽ പൊതുവേദിയിൽ വെച്ച് വിദ്യാർത്ഥി കാണിച്ച നടപടിയെ ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് നിരവധി പേർ ചൂണ്ടിക്കാട്ടുന്നത്. വിദ്യാർത്ഥിയുടെ പെരുമാറ്റം അവിശ്വസനീയവും അറപ്പുളവാക്കുന്നതെന്നുമാണ് നടി മഞ്ജിമ മോഹൻ പ്രതികരിച്ചത്.

അതേസമയം വിദ്യാർത്ഥിയുടെ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് അപർണ ബാലമുരളിയും പ്രതികരിച്ചു. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണെന്ന് . കൈപിടിച്ച് എഴുന്നേൽപിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാൻ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാൻ സമയമില്ലെന്നതാണു കാരണം. എന്റെ എതിർപ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി', നടി പറഞ്ഞു.

അതേസമയം നടപടിയിൽ നടിയോട് മോശമായി പെരുമാറിയ വിഷ്ണുവിനെ കോളേജിൽ നിന്നും സസ്പെന്റ് ചെയ്തു. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോ കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് സസ്പെൻഷൻ നൽകാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ ഡോ ബിന്ദു എം നമ്പ്യാർ പ്രതികരിച്ചു. ഒരു ലോ കോളേജ് വിദ്യാർത്ഥി എന്ന നിലയ്ക്ക് ഒരിക്കലും കാണാക്കാൻ പാടില്ലാത്ത പ്രതികരണമാണ് വിദ്യാർത്ഥിയിൽ നിന്നും ഉണ്ടായതെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications