സനൽകുമാർ ശശിധരനെതിരെ രഹസ്യമൊഴി നൽകി നടി; ഇത് രണ്ടാം തവണ, സനലിനെ നാട്ടിൽ എത്തിക്കാൻ ശ്രമം
കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരായ പരാതിയിൽ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സാമൂഹിക മാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചെന്നും ചൂണ്ടിക്കാട്ടി നടി നേരത്തെ സനൽകുമാറിനെതിരെ പരാതി നൽകിയിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ കോടതിയിൽ പരാതിക്കാരി രഹസ്യമൊഴി നൽകിയത്. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് താൻ ഭീഷണി നേരിടുന്നതായി നടി കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. നടിക്കെതിരേ ഒട്ടേറെ പോസ്‌റ്റുകൾ പ്രതി സാമൂഹികമാധ്യമങ്ങളില്‍ ഉൾപ്പെടെ പങ്കുവെച്ചിരുന്നു. ഇത് കൂടാതെ നടിയുടേതെന്ന പേരില്‍ ഒരു ശശബ്‌ദസന്ദേശവും ഇയാൾ ഓൺലൈനിൽ ഷെയർ ചെയ്‌തിരുന്നു. ഇതോടെയാണ് പരാതിയുമായി മുന്നോട്ട് പോവാൻ തന്നെ നടി തീരുമാനിച്ചത്.

കേസിൽ സനൽകുമാർ ശശിധരനെ ഇതുവരെ അറസ്‌റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതിക്കെതിരെ കൊച്ചി സിറ്റി പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. നിലവിൽ ഇയാൾ അമേരിക്കയിൽ ഒളിവിൽ കഴിയുകയാണെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇയാളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.
സനല്‍ കുമാര്‍ ശശിധരന്റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇയാൾ അമേരിക്കയിൽ തന്നെയാണുള്ളത് എന്ന് സ്ഥിരീകരിക്കാൻ വേണ്ടിയായിരുന്നു ഈ വിവരങ്ങൾ തേടിയത്. അടുത്തിടെ ഇയാൾ ചില സ്വകാര്യ മാധ്യമങ്ങൾക്ക് ഓൺലൈനിൽ അഭിമുഖം ഉൾപ്പെടെ നൽകിയിരുന്നു.
ഇതോടെ സനൽകുമാറിനെ വിദേശത്തുനിന്ന് നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനായി അമേരിക്കൻ എംബസിയുമായി പോലീസ് ബന്ധപ്പെടുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇയാളെ നാട്ടിൽ എത്തിയ ശേഷമേ കേസിലെ തുടർനടപടികൾ പോലീസ് തീരുമാനിക്കുകയുള്ളൂ.
സനല്‍കുമാര്‍ ശശിധരനെതിരെ നടി 2022ല്‍ നല്‍കിയ ഒരു പരാതിയിലും സമാനമായ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായത്. ഈ കേസില്‍ അറസ്‌റ്റിലായ സനല്‍കുമാറിന് കോടതി പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു. ഈ കേസ് നിലനില്‍ക്കുമ്പോഴും പരാതിക്കാരിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ പരാതി നൽകിയത്.
നടിയുടെ ജീവന് അപകടമുണ്ടെന്നും അവരെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും നേരത്തെ കേസെടുത്തതിന് പിന്നാലെ സനൽകുമാർ പ്രതികരിച്ചിരുന്നു. ഇക്കാര്യങ്ങൾ പൊതുസമൂഹത്തോട് വിളിച്ചു പറയുന്നതിനാണ് ഇത്തവണയും തനിക്കെതിരെ പരാതി നൽകിയിരിക്കുന്നതെന്നായിരുന്നു സനൽകുമാറിന്റെ ആരോപണം. നടിയുടെ അറിവോടെ അല്ല പരാതിയെന്നും സനൽ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications