സർക്കാരിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടുന്ന എന്‍ഡിടിവിയുടെ വായടപ്പിക്കലാണ് അദാനിയുടെ ലക്ഷ്യം: ശിവദാസന്‍
ദില്ലി: എന്‍ഡിടിവിയുടെ ഓഹരികള്‍ ഏറ്റെടുത്തുവെന്ന അദാനിയുടെ പ്രസ്താവനയില്‍ രൂക്ഷവിമർശനവുമായി സി പി എം രാജ്യസഭ എംപി വി ശിവദാസന്‍. അധികാരവും പണവും ഉപയോഗിച്ച് മാധ്യമങ്ങളെ തങ്ങളുടെ സ്തുതിപാഠകരാക്കി മാറ്റി , മാധ്യമസംസ്കാരത്തെത്തന്നെ അധ:പതിപ്പിച്ചാണ് ബി ജെ പി അതിന്റെ ഭരണ പരാജയം മറച്ചു വെക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
എൻഡിടിവി സ്ഥാപകരും നിലവിൽ 32 ശതമാനം ഓഹരിക്ക് ഉടമകളുമായ പ്രണോയ് റോയിയുടെയും രാധികാ റോയിയുടെയും സമ്മതമോ അനുവാദമോ ഇല്ലാതെയാണ് പണത്തിന്റെ ഹുങ്കിൽ ഉള്ള ഈ കടന്നു കയറ്റുമെന്നും വി ശിവദാസന്‍ പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ...

അധികാരവും പണവും ഉപയോഗിച്ച് മാധ്യമങ്ങളെ തങ്ങളുടെ സ്തുതിപാഠകരാക്കി മാറ്റി , മാധ്യമസംസ്കാരത്തെത്തന്നെ അധ:പതിപ്പിച്ചാണ് ബി ജെ പി അതിന്റെ ഭരണ പരാജയം മറച്ചു വെക്കാൻ ശ്രമിക്കുന്നത്. ബി ജെ പി പ്രതിനിധികളെക്കാൾ ആവേശത്തോടെ , ആക്രമണോത്സുകരായി സർക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടുന്നതിനെ എതിർക്കുന്ന മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ , ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവുന്ന അവസ്ഥയിലാണുള്ളത്. മോദിയുടെ മടിയിൽ ഇരിക്കുന്നവർ എന്ന അർഥത്തിൽ, "ഗോഡി മീഡിയ" എന്നൊരു വിളിപ്പേര് തന്നെ ഈ ഭരണവർഗചാനലുകൾക്ക് ഉണ്ട്.
അമൃതയെ ചേർത്ത് നിർത്തി ചുംബിച്ച് ഗോപി സുന്ദർ; ഇതാണോ ഓണസമ്മാനമെന്ന് ആരാധകർ, വൈറല്‍ ചിത്രങ്ങള്‍

റേറ്റിങ്ങിൽ കൃത്രിമം കാണിച്ച് തങ്ങളുടെ പിഴവുകൾ മറച്ചു വെക്കാൻ സഹായിക്കുന്ന വലതുപക്ഷമാധ്യമങ്ങൾക്ക് ഉയർന്ന പരസ്യ വരുമാനം ഉറപ്പു വരുത്തുകയും,ഭരണത്തിലെ പിഴവുകൾ ചൂണ്ടികാട്ടുന്ന മാധ്യമങ്ങളെ ഇഡി ,ഇൻകം ടാക്സ് ഒക്കെ ഉപയോഗിച്ച വേട്ടയാടി ഒതുക്കുകയുമാണ് ഭരണവർഗം പിന്തുടരുന്ന രീതി.

എന്നാൽ എത്രയൊക്കെ വേട്ടയാടിയിട്ടും വരുതിയിൽ വരാത്ത മാധ്യമങ്ങളെ തങ്ങളുടെ ക്രോണികളുടെ കയ്യിലെ പണം ഉപയോഗിച്ച് വാങ്ങിയെടുക്കാനാണ് അവരുടെ ശ്രമം. ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ്, ടെലിവിഷൻ ചാനലായ എൻഡിടിവി ലിമിറ്റഡിന്റെ 29.18 ശതമാനം ഓഹരികൾ ഏറ്റെടുത്ത നീക്കം. കമ്പനിയിൽ മറ്റൊരു 26 ശതമാനം കൂടി കൈക്കലാക്കി നിലവിൽ സർക്കാരിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടുന്ന ചാനലിന്റെ വായടപ്പിക്കുക എന്നതാണ് അദാനിയുടെ ലക്‌ഷ്യം.

എൻഡിടിവി സ്ഥാപകരും നിലവിൽ 32 ശതമാനം ഓഹരിക്ക് ഉടമകളുമായ പ്രണോയ് റോയിയുടെയും രാധികാ റോയിയുടെയും സമ്മതമോ അനുവാദമോ ഇല്ലാതെയാണ് പണത്തിന്റെ ഹുങ്കിൽ ഉള്ള ഈ കടന്നു കയറ്റം. ഇതോടെ മോഡി സർക്കാരിന്റെ ഭരണ പരാജയങ്ങൾ തുറന്നു കാണിക്കാൻ ധൈര്യം കാണിച്ചിരുന്ന ചാനൽ , ഭരണവർഗത്തിന്റെ ക്രോണിയുടെ കൈപ്പിടിയിൽ ആവും.

അഴിമതി വഴി സൃഷ്ടിച്ചിരുന്ന വ്യാജ റേറ്റിംഗ്കൾക്കപ്പുറം , ജനങ്ങളുടെ മനസ്സിൽ എൻ ഡി ടി വിയുടെ വിശ്വാസ്യത വർധിച്ചു വരുന്നതാവാം പണം ഇറക്കി എൻ ഡി ടി വിയെ തളയ്കാനുള്ള തീരുമാനത്തിലേക്ക് ഭരണവർഗ്ഗത്തെ നയിച്ചത്. ഈ നീക്കം സ്വതന്ത്ര മാധ്യമ പ്രവർത്തനത്തോടുള്ള കടുത്ത അസഹിഷ്ണുതയാണ് വെളിവാക്കുന്നത്. പണമെറിഞ്ഞു സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ വായ് മൂടിക്കെട്ടുന്ന ഈ സമീപനം ശക്തമായി എതിർക്കപ്പെടേണ്ടതാണ്.












Click it and Unblock the Notifications