കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പദവിയിലേക്ക് അഡ്വ പിഎസ് ശ്രീധരന്‍ പിള്ള! എല്ലാത്തിനും പിന്നില്‍ ആര്‍എസ്എസ്

  • By Desk
Google Oneindia Malayalam News

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് പരിഹാരമാവുന്നു. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണാക്കി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച പിന്നാലെയാണ് അധ്യക്ഷപദവിയില്‍ ഒഴിവുവന്നത്. കുമ്മനത്തെ മാറ്റി സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്താമെന്ന കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കത്തിന് പക്ഷേ സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ വിലങ്ങുതടിയായി.

കെ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന നിലപാടിലായിരുന്നു കേന്ദ്ര നേതൃത്വം. എന്നാല്‍ സുരേന്ദ്രനെതിരെ ആര്‍എസ്എസ് പാലംവലിച്ചതോടെ അടുത്ത സംസ്ഥാന അധ്യക്ഷനായി അഡ്വ പിഎസ് ശ്രീധരന്‍പിള്ള എത്തിയേക്കുമെന്നാണ് പുതിയ വിവരം.

കുമ്മനം പോയി

കുമ്മനം പോയി

2015-ല്‍ കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി അമിത് ഷാ നിയമിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നായിരുന്നു ആര്‍എസ്എസ് താത്പര്യം കൂടി കണക്കിലെടുത്ത് അമിത് ഷാ കുമ്മനത്തെ ബിജെപിയിലേക്ക് കൊണ്ടു വന്നത്.എന്നാല്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് കുമ്മനത്തിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന വികാരം കേന്ദ്രനേതൃത്വത്തില്‍ ഉയര്‍ന്നതോടെ കുമ്മനത്തെ മിസോറാമിലേക്ക് ഗവര്‍ണറായി നാടുകടത്തുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

സര്‍ക്കാരിനെതിരെ

സര്‍ക്കാരിനെതിരെ

പിണറായി സര്‍ക്കാരിനെതിരെ ശക്തമായ നീക്കങ്ങള്‍ നടത്താന്‍ സാഹചര്യമുണ്ടായിരുന്നിട്ടും കുമ്മനത്തിന് വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന വികാരമായിരുന്നു കേന്ദ്രനേതൃത്വത്തിന്. ഇതോടെ സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങള്‍ കാഴ്ചവെക്കാനും അതേസമയം ജനസമ്മതനായ ഒരു നേതാവും ആയിരിക്കണം അടുത്ത അധ്യക്ഷന്‍ എന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രനെ അധ്യക്ഷനാക്കാനായിരുന്നു കേന്ദ്രനേതൃത്വത്തിന്‍റെ നീക്കം. എന്നാല്‍ സംസ്ഥാന ആര്‍എസ്എസ് നേതൃത്വവും കൃഷ്ണദാസ് വിഭാഗവും ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു. സുരേന്ദ്രനെ നിയമിച്ചാല്‍ പിന്നീടുണ്ടായേക്കാവുന്ന ഗ്രൂപ്പ് തര്‍ക്കങ്ങളെ കുറിച്ചും ആര്‍എസ്എസ് ചൂണ്ടിക്കാട്ടി.
അതേസമയം എംടി രമേശിനേയോ പികെ കൃഷ്ണദാസിനെയോ നിയമിക്കണമെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ നിലപാടിനെ ആര്‍എസ്എസ് പിന്തുണച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന് ഇരുവരേയും താത്പര്യമില്ലെന്നാണ് വിവരം.

തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

കേരളത്തില്‍ താമരവിരിയിക്കണമെങ്കില്‍ ഇനി വ്യക്തമായ പദ്ധതികള്‍ നടത്തണമെന്ന് കേന്ദ്രനേതൃത്വത്തിനറിയാം. കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ പിന്നീട് ഉണ്ടാകാനിടയുള്ള ഗ്രൂപ്പുവഴക്കുകകള്‍ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് തലവേദനയാകും എന്ന വിലയിരുത്തലും കേന്ദ്ര സംസ്ഥാന നേതൃത്വത്തിനുണ്ട്. ഇതോടെ മുന്‍ അധ്യക്ഷനായ അഡ്വ ശ്രീധരന്‍പിള്ളയെ കേന്ദ്രനേതൃത്വം പരിഗണിക്കുകയായിരുന്നു.

എതിര്‍പ്പില്ല

എതിര്‍പ്പില്ല

ഗ്രൂപ്പുകള്‍ക്ക് അതീതനായ ശ്രീധരന്‍പിള്ളയെ നിയമിക്കുന്നതില്‍ ആര്‍എസ്എസും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വിവരം. ഇതോടെ കേന്ദ്രനേതൃത്വം ശ്രീധരന്‍ പിള്ളയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. രണ്ടുദിവസത്തിനകം ഡല്‍ഹിയില്‍ അമിത് ഷാ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

മുന്‍തൂക്കം

മുന്‍തൂക്കം

രാഷ്ട്രീയത്തില്‍ അതീതമായ സൗഹൃദവലയവും എല്ലാ ഗ്രൂപ്പുകള്‍ക്കും പൊതുസമ്മതനുമാണ് ശ്രീധരന്‍ പിള്ള. അതുകൊണ്ട് തന്നെ കൂടുതല്‍ ആലോചനയിലേക്ക് കേന്ദ്ര നേതൃത്വം കടന്നില്ല. എന്‍ഡിഎയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസുമായി ശ്രീധരന്‍പിള്ളയ്ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നതും അനുകൂല ഘടകമായിരുന്നു.

കുമ്മനം

കുമ്മനം

അതേസമയം കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന നിലപാട് ആര്‍എസ്എസ് ആവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആര്‍എസ്എസ് ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ബിജെപിയില്‍ തുടരുന്ന പ്രതിസന്ധിക്ക് കാരണം കുമ്മനത്തിന്‍റെ അഭാവമാണെന്നും കുമ്മനത്തെ മത്സരിപ്പിച്ചാല്‍ വിജയ സാധ്യത കൂടുതലാണെന്നും ആര്‍എസ്എസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

English summary
adv sreedarn pilla to be next bjp kerala president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X