കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആശുപത്രിയിൽ 21 ദിവസം,32 ദിവസം കഴിഞ്ഞത് ഓക്സിജൻ സഹായത്തോടെ'; കൊവിഡ് അനുഭവം പങ്കിട്ട് അഭിഭാഷകൻ

  • By Subash Chandran
Google Oneindia Malayalam News

കൊവിഡ് അനുഭവം പങ്കുവെച്ച് കൊണ്ടുളള സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രന്റെ കുറിപ്പ് വായിക്കാം:

'കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ദില്ലിയിലേക്ക് തിരിച്ചെത്തി ഏകദേശം ഏപ്രിൽ 16 നോട് കൂടിയായിരുന്നു എനിക്ക് കൊവിഡ് രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത്. ഏപ്രിൽ 14 ന് കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് ഹിമാചൽ പ്രദേശിലെ സോളനിൽ നിന്ന് ദില്ലിയിലേക്ക് കാറിൽ മടങ്ങവേയായിരുന്നു പ്രാരംഭ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. വൈകുന്നേരം ദില്ലിയിൽ എത്തിയപ്പോഴേക്കും കടുത്ത പനി അനുഭവപ്പെട്ടു. ഉടൻ തന്നെ സുഹൃത്തുക്കളായ ഡോക്ടർമാരെ ബന്ധപ്പെടുകയും അവരിൽ നിന്നും ആവശ്യമായ മരുന്നുകളുടെ വിവരങ്ങൾ എടുക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസം മുതൽ തന്നെ ഈ മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെങ്കിലും ദിവസം കഴിയുന്തോറും ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടേയിരുന്നു.ഇതിനിടയിൽ ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയാൻ തുടങ്ങി. ഇതോടെ ദില്ലിയിൽ എവിടെയെങ്കിലും ഓക്സജിൻ സൗകര്യത്തോടെയുള്ള കിടക്ക ലഭിക്കുമോയെന്ന് അന്വേഷിച്ചു. ആരോഗ്യമേഖലയിൽ ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ ഇതിനായി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ആശുപത്രികളിൽ എവിടേയും അഡ്മിഷൻ സാധ്യമാകില്ലെന്ന് ഉറപ്പായതോടെ 27 ന് രാവിലെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ബൽറാം നെടുങ്ങാടിയുടേയും പ്രദേശവാസിയായ ഒരു ഡ്രൈവറുടേയും സഹായത്തോടെ ഹിമാചലിലേക്ക് തിരിച്ചു. യാത്ര പാതി പിന്നിട്ടപ്പോൾ തന്നെ ഓക്സിജൻ നില താഴ്ന്നിരുന്നതിനാൽ സോളനിൽ നേരെ ആശുപത്രിയിലേക്കാണ് പോയത്. അവിടെ രണ്ട് മൂന്ന് മണിക്കൂർ ഓക്സിജൻ തന്ന ശേഷം ഓക്സിജൻ സഹായത്തോട് കൂടിയുള്ള ആംബുലൻസിൽ ബദ്ദിയിലെ കൊവിഡ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.

advocate subhash chandran

21 ദിവസമായിരുന്നു ആശുപത്രിയിൽ കഴിഞ്ഞത്, എന്നാൽ ഈ ദിവസങ്ങൾ മറ്റ് അസുഖങ്ങൾ ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത് പോലെ ആയിരുന്നില്ല.വളരെ പരിമിതമായ സൗകര്യങ്ങളാണ് ആ കൊവിഡ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ കുറവും വളരെ വലിയ രീതിയിൽ തന്നെ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. 27 ന് രാത്രിയോടെയാണ് എന്നേയും മറ്റൊരു രോഗിയേയും ആംബുലൻസിൽ അവിടേക്ക് മാറ്റുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് കൊവിഡ് രോഗികൾ ഉണ്ടായിരുന്ന വാർഡ് നിറഞ്ഞതിനാൽ മറ്റൊരു വാർഡിലാണ് ഞങ്ങളെ കിടത്തിയത്. ആ വാർഡ് തുറക്കാനായി താക്കോൽ കിട്ടാതിരുന്നതിനാൽ ഓക്സിജൻ സഹായം ഇല്ലാതെ മൂക്കാൽ മണിക്കൂറോളം വാർഡിന് മുന്നിൽ കാത്ത് നിൽക്കേണ്ടി വന്നു. പിന്നീടായിരുന്നു ഓക്സിജൻ ബെഡ് ലഭിച്ചത്. ഇത്തരത്തിൽ ആശുപത്രിയിൽ കിടന്ന ദിവസങ്ങൾക്കിടയിൽ പല രീതിയിലുള്ള വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിരുന്നു.കൊവിഡ് ബാധിച്ച് തൊട്ടടുത്ത് കിടക്കുന്ന രോഗികൾ ഓക്സിജൻ നില താഴ്ന്ന് കോമയിലേക്ക് വീഴുന്നതും മരിക്കുന്നതുമെല്ലാം നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥ അതിഭീകരമായിരുന്നു.

ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത ശ്വാസ തടസമാണ് പലപ്പോഴും നേരിട്ടത്. അതുകൊണ്ട് തന്നെ ഓക്സിജൻ സഹായം ഇല്ലാതെ ഏറെ നേരം ശുചിമുറിയിൽ പോയി ഇരിക്കാൻ പോലും സാധിച്ചിരുന്നില്ല. ഇതോടെ മൂത്രമൊഴിക്കാൻ വേണ്ടി മാത്രമായി ശുചിമുറിയിലേക്ക് പോകുന്ന തരത്തിലേക്ക് നിർബന്ധിതിനായി. അത് തന്നെ വീൽ ചെയറിൽ ബന്ധുവിന്റെ സഹായത്തോടെയായിരുന്നു പോയിരുന്നത്. തിരിച്ച് വന്ന ഉടൻ ഓക്സിജൻ എടുക്കുന്നതായിരുന്നു സ്ഥിതി.

ആശുപത്രിയിൽ ഓക്സിജൻ കിടക്കകളൊക്കെ ലഭ്യമായിരുന്നുവെങ്കിലും ഐസിയു കിടക്കകളോ വെന്റിലേറ്റർ സൗകര്യമോ അവിടെ ഉണ്ടായിരുന്നില്ല. അടുത്ത മുറിയിൽ കിടന്ന ഒരു രോഗി മരിച്ചത് വെന്റിലേറ്റർ ലഭിക്കാതിരുന്നതിനാലാണ്. ഓക്സിജൻ നില താഴ്ന്നപ്പോൾ വെന്റിലേറ്റർ സൗകര്യം ലഭിക്കുമായിരുന്നുവെങ്കിൽ അദ്ദേഹം രക്ഷപ്പെടുമായിരുന്നു.രാത്രി 12 മണിയോടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ മകൾ ആശുപത്രി വരാന്തയുടെ പുറത്ത് ഇരുന്ന് കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ മൃതദേഹങ്ങൾ കൊണ്ടുപോകാൻ സാധിക്കൂ എന്നതിനാൽ അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ബന്ധുക്കൾ.അങ്ങനെ രാത്രി മുഴുവൻ അപ്പുറത്തെ മുറിയിൽ മൃതദേഹം കിടക്കുന്നു, ബന്ധുക്കളുടെ നിർത്താതെയുള്ള കരച്ചിൽ, ഇത്തരത്തിൽ വളരെ പ്രതിസന്ധി നിറഞ്ഞ അനുഭവങ്ങൾ.

21 ദിവസവും സ്റ്റിറോയിഡുകളാണ് ആശുപത്രിയിൽ നിന്നും കുത്തിവെച്ചിരുന്നത്. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗം കാരണം ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പല തരത്തിലുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഇതുകൊണ്ട് നേരിടേണ്ടി വന്നു. സ്റ്റിറോയിഡുകളുടെ ഉപയോഗം ഷുഗറി‌ന്‍റെ അളവ് കൂട്ടുമെന്നതിനാൽ അരിഭക്ഷണം ഉൾപ്പെടെയുള്ളവ ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണക്രമമായിരുന്നു പാലിച്ചിരുന്നത്. ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിച്ചു.ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഓരോ കൊവിഡ് രോഗികളും അഭിമുഖീകരിക്കുന്നുണ്ട്. കൃത്യമായ ശാസ്ത്രീയ നിർദ്ദേശങ്ങൾ അലോപതി,ആയുർവ്വേദ, ഹോമിയോ ഡോക്ടർമാരായ സുഹൃത്തുക്കളിൽ നിന്നും എനിക്ക് നിർലോഭം ലഭിച്ചിരുന്നു. അതിനാൽ ഒരു പരിധിവരെ എൻറെ ആരോഗ്യ അവസ്ഥ കാത്ത് സൂക്ഷിക്കാൻ എനിക്ക് സാധിച്ചു.

Recommended Video

cmsvideo
Trace origin of Covid-19 or face 'Covid-26', 'Covid-32' : US experts says | Oneindia Malayalam

നമ്മുടെയെല്ലാം ധാരണ സാധാരണ ഒരു ജലദോഷ പനി പോലെയാകും കൊവിഡ് വന്ന് പോകുകയെന്നാണ്. എന്നാൽ സ്വന്തം അനുഭവത്തിൽ നിന്ന് ഒരു കാര്യം പറയട്ടെ, വകഭേദം സംഭവിച്ച കൊവിഡ് വൈറസുകൾ അതീവ മാരകമാണ്. കഴിഞ്ഞ 40 ദിവസമായി കടുത്ത ബുദ്ധിമുട്ടുകളാണ് ഞാൻ അനുഭവിച്ചത്. ഇതിൽ 32 ദിവസത്തോളം ഓക്സിജൻ സഹായത്തോട് കൂടിയാണ് കഴിഞ്ഞത്. മാരകമായ വൈറസാണെന്ന് തിരിച്ചറിഞ്ഞ് കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ച് സ്വയം രക്ഷിക്കാനും നമ്മുടെ സമൂഹത്തെ രക്ഷിക്കാനുള്ള നടപടികൾ എല്ലാവരുടേയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മാത്രമാണ് ഈ ഘട്ടത്തിൽ അഭ്യർത്ഥിക്കാനുള്ളത്'.

English summary
advocate subhash chandran shares his covid experiance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X