നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നല്‍കിയ കേസ്; ഏജൻസി ഉടമ അറസ്റ്റിൽ
കൊച്ചി: കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ മൂന്നാമത്തെ പ്രതിയും പിടിയില്‍. നിഖില്‍ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് കൈമാറിയ ഒറിയോൺ എജ്യു വിങ്സ് ഉടമ സജു ശശിധരൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇദ്ദേഹം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾ പിടിയിലായതോടെ മറ്റാർക്കെങ്കിലും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്നുള്ളതും പൊലീസിന് കണ്ടെത്താന്‍ സാധിച്ചേക്കും. ഇതിനായി സജു ശശിധരനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റിന് പുറമെ മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ടിസി തുടങ്ങിയവയും ഒറിയോണ്‍ ഏജന്‍സി നല്‍കിയിരുന്നു. മുന്‍ എസ്എഫ്ഐ നേതാവായിരുന്ന അബിന്‍ സി രാജ് രണ്ട് ലക്ഷം രൂപ വാങ്ങിയാണ് തനിക്ക് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്ന് നിഖില്‍ തോമസ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒറിയോണ്‍ ഏജന്‍സി വഴിയായിരുന്നു അബിന്‍ സി രാജ് നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത്.

മാലിയില്‍ ജോലി ചെയ്യുകയായിരുന്ന അബിന്‍ സി രാജിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയപ്പോള്‍ പൊലീസ് പിടികൂടിയിരുന്നു. പൊലിസിന്റെ ഭാഗത്ത് നിന്നുമുള്ള സമ്മർദ്ദം ശക്തമായതോടെ നിഖില്‍ മാലിയില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു. ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് സജുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. തിരുവനന്തപുരത്ത് കോളജ് കവാടത്തിൽ വച്ച് കണ്ടുമുട്ടിയ എജന്റ് മുഖേനയാണ് ഓറിയോൺ ഏജൻസിയെ സമീപിച്ചതെന്നായിരുന്നു നിഖിലിന്റെ മൊഴി.
പാലാരിവട്ടം, കലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ സ്ഥാപനം നടത്തിയിരുന്ന സജു ശശിധരനെതിരെ കൊച്ചിയിൽ 15 കേസുകള്‍ നിലവിലുണ്ട്. മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് 40 പേരിൽ നിന്നായി ഒരു ലക്ഷം വീതം തട്ടിയെടുത്തുവെന്ന കേസിൽ ഇയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നേരത്തെ കണ്ടെടുത്തിരുന്നു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ഇതോടൊപ്പം തന്നെ ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാർക്ക് ലിസ്റ്റും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications