കെവി തോമസിനെതിരെ നടപടിയുറപ്പിച്ച് കോണ്‍ഗ്രസ്: തീരുമാനം നാളെയുണ്ടാവും
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് കണ്ണൂരില്‍ നടക്കുന്ന സി പി എം പാർട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ നടപടിയെടുക്കുമെന്നുറപ്പിച്ച കോണ്‍ഗ്രസ്. തോമസിനെതിരെ നടപടി വേണമെന്ന കെ പി സി സി ശുപാർശ എ ഐ സി സി അച്ചടക്ക സമിതിക്ക് വിട്ടു. നാളെയാണ് അച്ചടക്ക സമിതി യോഗം ചേരുന്നത്. ഉചിതമായ തീരുമാനം ഉണ്ടാകുമെന്നായിരുന്നു എ ഐ സി സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടത്.
എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരൻ എടുത്ത് ചാടി വിലക്ക് ഏർപെടുത്തിയോ എന്ന ചോദ്യത്തിന് താൻ മറുപടി പറയില്ലെന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. തോമസ് പാര്‍ട്ടിയില്‍ തന്നെയുണ്ടാവുമെന്ന് പിണറായി പറയുമ്പോള്‍ എന്താണ് അദ്ദേഹത്തിന്‍റെ ഉദ്ദേശമെന്ന് എല്ലാവര്‍ക്കും മനസിലാകും. കെ വി തോമസ് എഐസിസി മെമ്പറാണ്. എഐസിസി മെമ്പറെ പുറത്താക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. അത് അനുസരിച്ചായിരിക്കും പാർട്ടി നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ കെവി തോമസിനെതിരെ പരസ്യ വിമർശനവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തി. 'ഇനിയൊരു കെ വി തോമസ് ഉണ്ടാകരുത്.
നമ്മുടെ പാർട്ടിക്കും വേണം പ്രായപരിധിയും, പാർലമെന്ററി കാലാവധിയും ഇത് കർശനമായി നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയും ഇത്തരത്തിലുള്ള ഒറ്റുകാർ
ഇനിയും ഉണ്ടാകും. ഈ ഒറ്റുകാരെ കാണുമ്പോൾ
ഇവർക്കെതിരെ പ്രതികരിക്കേണ്ടിവരുന്ന
കോൺഗ്രസിനെ നെഞ്ചിലേറ്റിയ ഞങ്ങളെപ്പോലുള്ള സാധാരണ പ്രവർത്തകരുടെ വികാരം പാർട്ടി ഇനിയെങ്കിലും
മാനിക്കണം, അതിന് പരിഹാരമുണ്ടാക്കണം.'- എന്നായിരുന്നു അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചത്.
ഒരു ദിവസമെങ്കിലും ഈ പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കുകയും കഷ്ടപ്പെടുകയും ചെയ്ത ചരിത്രം കെവി തോമസിനുണ്ടോയെന്നായിരുന്നു മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യം. കോൺഗ്രസ്സിലെ ഒരു Arm Chair Politician ( സുഖിമാൻ) മാത്രമായിരുന്നു കെവി തോസ്. ഒരു നിമിഷം പോലും അധികാരവും പദവിയുമില്ലാതെ അദ്ദേഹത്തിന് നില്ക്കാൻ കഴിയുകയില്ല. കാരണം താങ്കൾ ഒരു അധികാര രാഷ്ട്രീയക്കാരൻ മാത്രമാണ്. പ്രതിസന്ധി ഘട്ടത്തിൽ, കോൺഗ്രസ്സിനാവശ്യമുള്ളത് രാഷ്ട്രീയ ഭാഗ്യാന്വേഷികളെ അല്ല . സർവ്വം സമർപ്പിച്ച് പ്രസ്ഥാനത്തെ നയിക്കാൻ കഴിയുന്ന ചെറുതും വലുതുമായ നേതാക്കന്മാരും പ്രവർത്തകന്മാരുമാണ്. അത്തരം പതിനായിരക്കണക്കായ പ്രവർത്തകന്മാരെ പുറകിൽ നിന്ന് കുത്തിയാണ് അദ്ദേഹം സിപിഎം പാർട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തെന്നും മുല്ലപ്പളളി രാമചന്ദ്ര കൂട്ടിച്ചേർത്തു.












Click it and Unblock the Notifications