പിടിമുറുക്കി ഗ്രൂപ്പ്? വഴങ്ങി ഹൈക്കമാന്റ്? എഐസിസി നേതാക്കൾ സംസ്ഥാനത്ത് എത്തില്ല..അഴിച്ചുപണി ഇനി ഇങ്ങനെ
തിരുവനന്തപുരം; കെപിസിസി പുന;സംഘടന സംബന്ധിച്ചുള്ള നടപടികളിലേക്ക് കോൺഗ്രസ് ഹൈക്കമാന്റ് നേതൃത്വം ഉടൻ കടന്നേക്കുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ. പുന;സംഘടന സംബന്ധിച്ച സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശങ്ങളിൽ ദില്ലിയിലെത്തി ഹൈക്കമാന്റിൽ നിന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അംഗീകാരം നേടിയെടിക്കുകയും ചെയ്തിരുന്നു. എന്നാൽ നടപടികൾ വൈകിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. മാത്രമല്ല ഇത്തവണ പുതിയ നേതാക്കളെ കണ്ടെത്തുന്നതിനായി സംസ്ഥാന നേതൃത്വത്തെ തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ദേശീയ നേതൃത്വം. വിശദാംശങ്ങളിലേക്ക്

കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് പദവികളിലേക്കെന്ന പോലെ പുതിയ ഭാരവാഹികളുടെ കാര്യത്തിലും ഗ്രൂപ്പ് നോക്കാതെ കഴിവുള്ള നേതാക്കളെ കണ്ടെത്തണം എന്നതായിരുന്നു തുടക്കത്തിൽ ഹൈക്കമാന്റ് തിരുമാനം. ഇതിന്റെ ഭാഗമായി ചർച്ചകൾ നടത്താൻ ഐഐസിസി സെക്രട്ടറിമാരെ നിയമിക്കുമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കിയിരുന്നു.എഐസിസി സെക്രട്ടറിമാരായ പി വിശ്വനാഥന്‍, ഐവാന്‍ ഡിസൂസ, പി വി മോഹന്‍ കുമാര്‍ എന്നിവരെ കേരളത്തിലേക്ക് അയക്കുമെന്നും സംസ്ഥാനത്തിന്‌റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വർ എന്നിവർ അറിയിച്ചത്.

ഇവർ സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച് നേതാക്കളുമായി ചർച്ച നടത്തിയ ശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നിയമനം എന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വീണ്ടും ഗ്രൂപ്പ് താത്പര്യങ്ങൾ പിടിമുറക്കുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്. എഐസിസി സെക്രട്ടറിമാരെ സംസ്ഥാനത്തേക്ക് അയക്കുന്നില്ലാണത്രേ പുതിയ ഹൈക്കമാൻ്റ് നിലപാട്.

സംസ്ഥാനത്തെ മികച്ച നേതാക്കളെ കണ്ടെത്താൻ സംസ്ഥാന നേതൃത്വത്തിന് തന്നെയാണ് സാധിക്കുകയെന്നാണ് ഇപ്പോൾ ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. പുന;സംഘടന സംബന്ധിച്ചുള്ള ചർച്ചകളോട് തുടക്കം മുതൽ തന്നെ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ സഹകരിച്ചിരുന്നില്ല. കെപിസിസി,ഡിസിസി പുന:സംഘടനയിലും സംസ്ഥാന നേതാക്കൾ ഇടഞ്ഞാൽ അത് തിരിച്ചടിയാകുമെന്ന ആശങ്ക ദേശീയ നേതൃത്വത്തിന് ഉണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പിൻമാറ്റം എന്നാണ് കണക്കാക്കപ്പെടുന്നത്.

എന്നാൽ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എഐസിസിസി പുന;സംഘടനകൾക്ക് സാധ്യതയുള്ള പശ്ചാത്തലത്തിലാണ് എഐസിസി നേതാക്കളുടെ സംസ്ഥാന പര്യടനം വേണ്ടെന്ന് വെച്ചതെന്നാണ് പാർട്ടി ഔദ്യോഗിക വിശദീകരണം.അതേസമയം നേതാക്കൾ എത്തില്ലേങ്കിലും ഡിസിസി അധ്യക്ഷൻമാരെ ഉടൻ കണ്ടെത്തണമെന്ന നിർദ്ദേശം ഹൈക്കമാന്റ് കേരള നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓണത്തിന് മുൻപ് തന്നെ നിയമനം നടക്കണമെന്നതാണ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ നേതൃത്വം തിരക്കിട്ട ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

നേതാക്കളായ കെ.സുധാകരൻ, വി.ഡി.സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തിയെന്നാണ് വിവരം പുന;സംഘടന പാക്കേജ് ആയി നടപ്പാക്കാനാണ് നേതാക്കൾ ആലോചിക്കുന്നത്. 14 ജില്ലകളിലേയും അധ്യക്ഷൻമാരെ മാറ്റിയേക്കും.

ജനപ്രതിനിധികൾക്ക് അവസരം നൽകേണ്ടെന്നാണ് തിരുമാനം. മുഴുവൻ സമയ പ്രവർത്തനം വേണ്ട ചുമതലയായതിനാലാണ് തിരുമാനം. പ്രായപരിധിയും വിഷയമാക്കിയേക്കില്ല. മികവും കാര്യപ്രാപ്തിയായിരിക്കും മാനദണ്ഡം എന്നും നേതാക്കൾ വ്യക്തമാക്കുന്നു. കഴിവുള്ള തന്നെ തഴഞ്ഞ് പ്രാഗൽഭ്യം കുറഞ്ഞവർക്ക് പദവി ലഭിച്ചുവെന്ന വിമർശനങ്ങൾ ഉയരരുതെന്നാണ് നേതാക്കൾ ചർച്ചയിൽ വ്യക്തമാക്കിയത്.

എന്നാൽ ഇത് എത്രത്തേളം നടപ്പാകുമെന്നതാണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്.ഇതിനോടകം തന്നെ ഗ്രൂപ്പ് നേതാക്കൾ ചരടുവലി ആരംഭിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തിരിച്ചടി സംഭവിച്ചെങ്കിലും ഡിസിസികളില്‍ തങ്ങളുടെ ഗ്രൂപ്പുകാരെ നിയമിച്ച് പിടി മുറുക്കാനാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
Recommended Video

ഇതിനോടകം തന്നെ പല പേരുകളും ഇരു ഗ്രൂപ്പുകളും നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇതിൽ യുവാക്കൾക്കും വനിതകൾക്കും കാര്യമായ പ്രാതിനിധ്യം ഇല്ല.ഈ സാഹചര്യത്തിൽ ആദ്യം ഉയർന്ന് വന്ന പല യുവ നേതാക്കളുടേയും വനിതകളേയും പേരുകൾ അവസാന നിമിഷത്തിൽ അട്ടിമറിക്കപെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.












Click it and Unblock the Notifications