'എല്‍ഡിഎഫ് കണ്‍വീനറെ എഫ്ബിഐ വരെ അന്വേഷിക്കുന്നു; 5 മിനിറ്റില്‍ പ്രതിയെ കണ്ടുപിടിച്ചില്ലേ'
തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമിച്ച കേസില്‍ പൊലീസ് ആകെ പെട്ടിരിക്കുകയാണെന്ന് റോജി എം ജോണ്‍ എം എല്‍ എ. കേസില്‍ പ്രതിയെ പിടിച്ചാല്‍ മാത്രം പോരാ. കോണ്‍ഗ്രസ് ബന്ധമുള്ള പ്രതിയെ കൊണ്ടുവന്നില്ലെങ്കില്‍ എല്‍ ഡി എഫ് കണ്‍വീനറും സി പി എമ്മും ആകെ കുഴപ്പത്തിലാകുമെന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് റോജി എം ജോണിന്റെ പ്രതികരണം.
എ കെ ജി സെന്ററിന് നേരെ ആക്രമണുണ്ടായിട്ട് നാല് ദിവസം കഴിഞ്ഞ് ഭരണപക്ഷത്ത് നിന്ന് ആരെങ്കിലും ഈ വിഷയം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഒരാള്‍ പോലും ഈ വിഷയം നിയമസഭയില്‍ കൊണ്ടു വരാന്‍ തയ്യാറായില്ല. ആക്രമം നടന്ന് അഞ്ച് മിനിറ്റില്‍ എ കെ ജി സെന്ററിലെത്തിയ ഇ പി ജയരാജന്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് പ്ര്യാപിച്ചു.

സ്റ്റീല്‍ ബോംബാണ് എറിഞ്ഞതെന്നും അദ്ദേഹം കണ്ടുപിടിച്ചു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസും എഫ് ബി ഐയും എല്‍ ഡി എഫ് കണ്‍വീനറെ അന്വേഷിച്ചു നടക്കുകയാണ്. കാരണം ആദ്ദേഹത്തിന്റെ വിദഗ്ദ ഉപദേശം ഇനി അവര്‍ക്കും ആവശ്യമായി വരും. സംഭവം നടന്ന് അഞ്ച് മിനിറ്റിനുള്ളില്‍ പ്രതി ആരാണെന്ന് പറയാന്‍ സാധിക്കുന്നുവെങ്കില്‍ ഇത്രയും വലിയ വിദഗ്ദന്‍ ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടോ ? - റോജി എം ജോണ്‍ ചോദിച്ചു.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് എന്തുകൊണ്ട് പറഞ്ഞു. എന്തുകൊണ്ട് എസ് ഡി പി ഐയോ ആര്‍ എസ് എസോ, ബി ജെ പിയോ ആണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞില്ല. എല്‍ ഡി എഫ് കണ്‍വീനര്‍ക്കോ സി പി എമ്മിലെ ഒരാള്‍ക്ക് പോലും ആ സംശയം തോന്നിയില്ല. ഇത് വിചിത്രമായ കാര്യമാണ്. കാരണം ബി ജെ പി സി പി എം ഓഫീസ് ആക്രമിക്കില്ലെന്ന് സി പി എമ്മിന് നല്ല ബോധ്യമുണ്ട്. ബി ജെ പി ഓഫീസ് ആക്രമിച്ച കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിയ ദിവസം തന്നെയാണ് എ കെ ജി സെന്റര്‍ ആക്രമണം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമസഭയില്‍ ബോംബിനെ കുറിച്ച് ക്ലാസെടുത്ത മുഖ്യമന്ത്രി, പ്രതിപക്ഷ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. കോണ്‍ഗ്രസിന്റെ നാല് ഓഫീസുകളിലേക്കാണ് ബോംബ് എറിഞ്ഞത്. ക്രിമിനലുകളെ ഉപയോഗിച്ച് കലാപമുണ്ടാക്കി, മുഖ്യമന്ത്രിയും സര്‍ക്കാരും എത്തപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ നിന്നും രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസുകള്‍ ആക്രമിക്കുന്നതും സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള ചര്‍ച്ച നടക്കണമെന്നാണ് പ്രതിപക്ഷം ആഗ്രഹിച്ചത്. എന്നാല്‍ ഭരണപക്ഷാംഗങ്ങള്‍ വീണ്ടും സ്വപ്ന സുരേഷിലേക്കും ബിരിയാണി ചെമ്പിലേക്കുമാണ് പോയത്. ഇതൊന്നും ചര്‍ച്ച ചെയ്യാനല്ല അടിയന്തിര പ്രമേയം കൊണ്ടു വന്നത്. ഭരണപക്ഷം ഭീതിയോടും ഭയത്തോടും കൂടിയാണ് സംസാരിക്കുന്നത്. സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടിട്ടും അത് ആഘോഷമാക്കുന്നത് വിഷയം മാറ്റിക്കൊണ്ട് പോകുന്നതിന് വേണ്ടിയാണെന്ന് വ്യക്തമായിരിക്കുകയണ്.
Recommended Video
കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ഒരു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ആക്രമണം നടന്നത്. ആദ്യം മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ കെ.പി.സി.സി ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ ആക്രമിച്ചു. പല ഓഫീസുകളും കത്തിച്ചു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കടന്നു. ഇതിനു ശേഷം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടു. ഇതിനെതിരെ പ്രതിഷേധ യോഗം നടത്തിയെന്നതിന്റെ പേരില്‍ വീണ്ടും കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചു. മൂന്നാമത് എ.കെ.ജി സെന്ററില്‍ കോണ്‍ഗ്രസുകാര്‍ ബോംബ് എറിഞ്ഞുവെന്ന് പറഞ്ഞുകൊണ്ടും ആക്രമിച്ചു. സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു വിടുന്നവരാണ് ഈ അക്രമങ്ങള്‍ക്ക് പിന്നിലെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.












Click it and Unblock the Notifications