കുതിരാന്‍ തുരങ്കം ആദ്യം മനസിലുണ്ടായിരുന്ന പദ്ധതി: രമ്യ ഹരിദാസ് എംപി
തൃശ്ശൂർ: കുതിരാന്‍ തുരങ്കം ഗതാഗതത്തിന് വേണ്ടി തുറന്നുനൽകിയതിന് പിന്നാലെ പ്രതികരണവുമായി ആലത്തൂര്‍ എം പി രമ്യ ഹരിദാസ്. ആലത്തൂര്‍ എം പിയായതുമുതല്‍ കേള്‍ക്കുന്ന പേരാണ് കുതിരാന്‍ എന്നും ആദ്യം മനസില്‍ കുറിച്ചിട്ട പദ്ധതിയാണ് കുതിരാന്‍ എന്നും രമ്യ ഹരിദാസ് പറഞ്ഞു. കുതിരാൻ പദ്ധതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ എംപി ടി എന്‍. പ്രതാപനും താനും പല തവണ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.
കുതിരാൻ തുരങ്കപാതയുടെ നിർമാണം വൈകാനുണ്ടായ കാരണം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ കത്തിടപാടുകള്‍ ലഭിക്കാനുണ്ടായ കാലതാമസമെന്നും രമ്യ പറഞ്ഞു. പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പലരും ക്രെഡിറ്റ് എടുക്കാന്‍ തിരക്ക് കൂട്ടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു. ആറുമാസം കൊണ്ട് കണ്ണൂര്‍ വിമാനത്താവളം മുതല്‍ കൊച്ചി മെട്രോ വരെ നടപ്പിലാക്കി ഉദ്ഘാടനം നടത്തിയവര്‍ രണ്ടുമാസംകൊണ്ട് തുരങ്കം നിര്‍മ്മാണം നടത്തി ഉദ്ഘാടനം ചെയ്യുന്നതില്‍ അതിശയോക്തിയില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. അതുകൊണ്ടുതന്നെ യാതൊരു ക്രെഡിറ്റും പ്രതീക്ഷിച്ചുകൊണ്ടല്ല ഈയൊരു ഉദ്യമം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിയതെന്നും മുന്നിട്ടിറങ്ങി പ്രവർത്തിച്ചിട്ടുള്ളതെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

കക്ഷി രാഷ്ട്രീയത്തിനപ്പുറം കേരളത്തില്‍ നിന്നുള്ള എല്ലാ എംപിമാരും കുതിരാൻ പദ്ധതിയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി സഹകരിച്ചിട്ടുണ്ട്. പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കുതിരാന്‍ തുരങ്കത്തിന്റെ ആദ്യഘട്ടം വാഹനത്തിന് തുറന്നു കൊടുക്കുമ്പോള്‍ ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ വിവിധഘട്ടങ്ങളില്‍ സഹകരിച്ചത് നന്ദിയോടെ സ്മരിക്കുന്നതായും രമ്യ ഫേസ്ബുക്കിൽ കുറിച്ചു.
നിർമാണത്തിനിടെ പലതവണ ഇടിയുകയും നിർമാണം നിർത്തിവെക്കുകയും ചെയ്ത് ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ശനിയാഴ്ച വൈകിട്ടോടെ കുതിരാൻ പാത ഗതാഗതത്തിന് വേണ്ടി തുറന്നുനൽകുന്നത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ അനുമതിയ്ക്ക് ശേഷമാണ് ഒരു ടണല്‍ തുറന്ന് കൊടുത്തത്. ഒരു ക്രഡിറ്റും എടുക്കാന്‍ ഇല്ലെന്നും തുരങ്കം തുറന്നതില്‍ സന്തോഷമാണ് ഉള്ളതെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം.












Click it and Unblock the Notifications