സെക്രട്ടേറിയറ്റില്‍ ആകെ ജീവനക്കാര്‍ 4828; ഇന്ന് ഹാജരായത് വെറും 176 പേര്‍, സര്‍ക്കാര്‍ ഉത്തരവ് തള്ളി
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് സെക്രട്ടറിയേറ്റ് ജീവനക്കാരാണ് ജോലിക്ക് ഹാജരായത്. പൊതുഭരണ വകുപ്പില്‍ 156, ധനകാര്യം 19, നിയമവകുപ്പില്‍ ഒരാള്‍ എന്നിങ്ങനെയാണ് ഹാജര്‍ നില. ആകെ 4828 ജീവനക്കാരാണ് സെക്രട്ടറിയേറ്റിലുള്ളത്. ദേശീയ പണിമുടക്ക് ആരംഭിച്ച കഴിഞ്ഞ ദിവസം 32 പേരാണ് ആകെ ജോലിക്കെത്തിയത്.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാര് പണിമുടക്കില്‍ പങ്കെടുത്തതില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇന്നലെത്തേക്കാള്‍ ഹാജര്‍നില കൂടാന്‍ കാരണമായത്. എല്ലാ ജീവനക്കാരും ഓഫീസുകളില്‍ എത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം ജീവനക്കാരും സര്‍ക്കാര്‍ ഉത്തരവ് ലംഭിച്ച് പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

അതേസമയം, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹാജര്‍ നില വളരെ കുറവാണ്. കോഴിക്കോട് കളക്ട്രേറ്റില്‍ 234 ജീവനക്കാരാണുള്ളത്. ഇവരില്‍ 12 പേര്‍ മാത്രമാണ് ജോലിക്ക് ഹാജരായത്. വയനാട് കളക്ട്രേറ്റില്‍ 20 പേരാണ് ആകെ ജോലിക്കെത്തിയത്. ആകെ 160 പേരാണ് ഇവിടെയുള്ളത്. ഇതിനിടെ, പ സര്‍ക്കാര്‍ ജീവനക്കാര് പണിമുടക്കില്‍ പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജര്‍ ഉറപ്പുവരുത്താനും ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി തിരുവനന്തപുരം ജില്ലാ കളക്ടര്‍.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണം. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസമില്ലാതെ പ്രവേശനം സാധ്യമാക്കാനും ഓഫീസുകള്‍ക്ക് മുന്നില്‍ അനാവശ്യമായ ജനക്കൂട്ടം ഒഴിവാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നു തിരുവനന്തപുരം ആര്‍ .റ്റി.ഒ, ഡി.റ്റി. ഒ (കെ .എസ് .ആര്‍. റ്റി. സി ), വിവിധ വകുപ്പുകളുടെ ജില്ലാ മേധവികള്‍ എന്നിവര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
അതേസമയം , ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെയും ഇന്നുമായി നടക്കുന്ന രാജ്യവ്യാപക പൊതു പണിമുടക്കിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് റാലികളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ - തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഐക്യ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പൊതുപണിമുടക്ക് സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications